ബെന്‍സിന്റെ ലോഡ്ജ് ഫൈറ്റ് പോലെ ക്ലാസാക്കാമായിരുന്ന ഐറ്റം, പക്ഷേ നല്ലൊരു ചാന്‍സ് കളഞ്ഞു, പേട്രിയറ്റിലെ ലിഫ്റ്റ് ഫൈറ്റിനെക്കുറിച്ച് ആരാധകര്‍
Malayalam Cinema
ബെന്‍സിന്റെ ലോഡ്ജ് ഫൈറ്റ് പോലെ ക്ലാസാക്കാമായിരുന്ന ഐറ്റം, പക്ഷേ നല്ലൊരു ചാന്‍സ് കളഞ്ഞു, പേട്രിയറ്റിലെ ലിഫ്റ്റ് ഫൈറ്റിനെക്കുറിച്ച് ആരാധകര്‍
അമര്‍നാഥ് എം.
Friday, 8th May 2026, 12:31 pm

മലയാളത്തിലെ സീനിയര്‍ താരങ്ങളില്‍ ഏറ്റവും നന്നായി ഫൈറ്റ് ചെയ്യുന്നത് മോഹന്‍ലാലാണെന്ന് എതിരഭിപ്രായമില്ലാത്ത വസ്തുതയാണ്. ഫൈറ്റ് സീനുകളില്‍ താരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റിയും പെര്‍ഫക്ഷനും മറ്റാര്‍ക്കും അനുകരിക്കാനാകില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഓരോ ഇടിയുടെയും വെയ്റ്റ് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

മോഹന്‍ലാലിന്റെ ചില ഫൈറ്റ് സീനുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ പ്രത്യേക ഫാന്‍ ബേസുമുണ്ട്. ഒപ്പത്തിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ്, പുലിമുരുകനിലെ ക്ലൈമാക്‌സ് ഫൈറ്റ് എന്നിവ അതില്‍ ചിലതാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പേട്രിയറ്റിലും മോഹന്‍ലാലിന്റെ സിഗ്നേച്ചറുള്ള ഒരു ഫൈറ്റ് സീക്വന്‍സുണ്ട്. രണ്ടാം പകുതിയില്‍ ആശുപത്രിയില്‍ വെച്ചുള്ള ഈ ഫൈറ്റിനെക്കുറിച്ച് ആരാധകര്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

മോഹന്‍ലാല്‍ അവതരിപ്പിച്ച റഹീം നായിക് എന്ന കഥാപാത്രത്തിന് അതുവരെ നല്‍കിയ ബില്‍ഡപ്പിനെ ശരിവെക്കുന്ന തരത്തിലായിരുന്നു ഈ ഫൈറ്റിന്റെ സ്റ്റേജ് സെറ്റിങ്ങെന്ന് പോസ്റ്റില്‍ പറയുന്നു. ഇന്ദ്രന്‍സ് അവതരിപ്പിച്ച പൊലീസ് കഥാപാത്രവുമായുള്ള ഡയലോഗിന് ശേഷം എതിരാളികളെ കൃത്യമായി സ്‌കെച്ച് ചെയ്ത റഹീം നായിക് അവരെ എതിരിടാനും പെണ്‍കുട്ടിയെ ഹോസ്പിറ്റലില്‍ നിന്ന് മാറ്റാനും ശ്രമിക്കുകയാണ്.

പിന്നാലെ വരുന്ന വില്ലന്മാരുമായി സ്റ്റെയര്‍കേസില്‍ വെച്ച് റഹീം നായിക് എതിരിടുന്നുണ്ട്. ഒരു കാലില്ലാത്ത, പഴയ പട്ടാളക്കാരന്റൈ ധൈര്യം ഇപ്പോഴും കൈയിലുള്ള റഹീം വില്ലന്മാരെ എതിരിടുകയും പിന്നീട് പെണ്‍കുട്ടിയെ സുരക്ഷിതയാക്കിയ ശേഷം ലിഫ്റ്റിലേക്ക് കടക്കുകയാണ്. ചെറിയ സ്‌പെയ്‌സിനുള്ളില്‍ വെച്ച് നടന്ന ഈ ഫൈറ്റ് ഗംഭീരമായി കൊറിയോഗ്രഫി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അതിന് അര്‍ഹിക്കുന്ന എന്‍ഡിങ് ലഭിച്ചിട്ടില്ലെന്നുമാണ് ആരാധകരുടെ പരാതി.

തുടരും Photo: Jio Hotstar

വില്ലന്മാരുടെ കൈയില്‍ നിന്ന് കുത്ത് കിട്ടുമ്പോഴും അവരെയെല്ലാം മൃതപ്രായരാക്കുന്ന റഹീം നായിക്കിന് അര്‍ഹിച്ച എന്‍ഡിങ്ങല്ല നല്‍കിയതെന്ന് ചില്‍ അഭിപ്രായപ്പെട്ടു. ലിഫ്റ്റിന്റെ വാതിലിലേക്ക് വീഴുന്നതിന് പകരം ഉള്ളില്‍ തന്നെ ഇരിക്കുന്ന രീതിയില്‍ ആ കഥാപാത്രത്തെ അവസാനിപ്പിച്ചെങ്കില്‍ കുറച്ചുകൂടി ഹീറോയിക് ആയേനെയെന്നും കമന്റുകളുണ്ട്.

തുടരും സിനിമയിലെ ലോഡ്ജ് ഫൈറ്റ് ഇത്തരത്തില്‍ ഒന്നായിരുന്നെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. അടി പൊട്ടണം എന്ന് പ്രേക്ഷകര്‍ ചിന്തിച്ച സ്ഥലത്ത് കൃത്യമായി പ്ലെയ്‌സ് ചെയ്ത ഫൈറ്റായിരുന്നു അത്. വില്ലനെ അടിച്ചിടുന്നുണ്ടെങ്കിലും ഫൈറ്റ് അവസാനിക്കുമ്പോള്‍ നായകനെ പൊലീസ് വളയുന്നതായാണ് കാണിക്കുന്നത്. അത്തരത്തിലൊരു ഗംഭീര ഫൈറ്റിനുള്ള ചാന്‍സ് പേട്രിയറ്റില്‍ ഇല്ലാതാക്കിയെന്നാണ് ആരാധകരുടെ വാദം.

Content Highlight: Comparison post of Thudarum and Patriot movie fight scene viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം