അതിരടി അയ്യപ്പനും കോശിയുടെയും ജെന്‍സി വേര്‍ഷനെന്ന് സോഷ്യല്‍ മീഡിയ; തിരുത്തി സിനിമാ പ്രേമികള്‍
Malayalam Cinema
അതിരടി അയ്യപ്പനും കോശിയുടെയും ജെന്‍സി വേര്‍ഷനെന്ന് സോഷ്യല്‍ മീഡിയ; തിരുത്തി സിനിമാ പ്രേമികള്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 20th May 2026, 7:52 pm

ഏറെ ആവേശത്തോടെ കഴിഞ്ഞയാഴ്ച്ച തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടി. മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ടര്‍-ഡയറക്ടര്‍ ബേസില്‍ ജോസഫും സൂപ്പര്‍ താരം ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കുന്നത്. പക്കാ ആക്ഷന്‍-കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തില്‍ ബേസില്‍-ടൊവിനോ കൂട്ടുകെട്ടിന് ഒപ്പം വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇവര്‍ക്ക് പുറമെ കാമിയോ റോളിലെത്തി അക്ഷരാര്‍ത്ഥത്തില്‍ തിയേറ്ററിനെ പൂരപ്പറമ്പാക്കിയ ഹാഷിറും ചേര്‍ന്ന് അതിരടിയെ മികച്ച എന്റര്‍ടെയിനറാക്കി മാറ്റുകയായിരുന്നു.

സാംബോയ് എന്ന കോളേജ് വിദ്യാര്‍ത്ഥിയായി ബേസില്‍ ജോസഫും തോട്ട കുട്ടനെന്ന ഗുണ്ടഗായകനായി ടൊവിനോയും പ്രത്യക്ഷപ്പെട്ട ചിത്രം കോളേജില്‍ നടക്കുന്ന ഒരു ഫെസ്റ്റിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ഫെസറ്റ് നടത്തുമെന്ന വാശിയില്‍ സാംബോയിയും നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് തോട്ടക്കുട്ടനും വാശി പിടിക്കുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള ഈഗോ ക്ലാഷും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളും ചിത്രത്തെ ആസ്വാദകരമാക്കുന്നുണ്ട്. ക്ലൈമാക്‌സില്‍ ആര്‍ക്കൊപ്പമായിരിക്കും വിജയമെന്ന് അറിയാനുള്ള പ്രേക്ഷകരുടെ ആകാംഷയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് കാണാം.

അതിരടി. Photo: District

രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷെന്ന രീതിയില്‍ അതിരടി ചര്‍ച്ചയായപ്പോള്‍ ഇപ്പോള്‍ പലരും ചിത്രത്തെ താരതമ്യപ്പെടുത്തുന്നത് സച്ചി സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമായാണ്. അയ്യപ്പനും കോശിയിലും നമ്മള്‍ കണ്ട ഈഗോ ക്ലാഷിന്റെ ജെന്‍സി വേര്‍ഷനാണ് അതിരടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സച്ചിയുടെ ചിത്രത്തിലെ പോലെ രണ്ട് താരങ്ങളും അതിരടിയിലും മാറി മാറി സ്‌കോര്‍ ചെയ്യുന്നുണ്ടെന്ന് കാണാം.

എന്നാല്‍ അതിരടിയെ അയ്യപ്പനും കോശിയുമായി യാതൊരു വിധത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കുകയില്ലെന്ന് പറയുകയാണ് ഒരു കൂട്ടം സിനിമാ പ്രേമികള്‍. അതിരടി പോലെ ഒരു കോമഡി എന്റര്‍ടെയിനറായിരുന്നില്ല അയ്യപ്പനും കോശിയുമെന്നും രണ്ട് കഥാപാത്രങ്ങളുടെ ആത്മ സംഘര്‍ഷങ്ങളും വാശിയും കൃത്യമായി വരച്ചുകാട്ടിയ ചിത്രമായിരുന്നു ചിത്രമെന്നും മുണ്ടൂര്‍ മാടനായുള്ള ബിജു മേനോന്റെ അഭിനയമികവ് ഒരു വിധത്തിലും പകരം വെക്കാന്‍ സാധിക്കാത്തതാണെന്നും ഇവര്‍ വാദിക്കുന്നു. ചിത്രം പുരോഗമിക്കും തോറും പ്രേക്ഷകരെ കൂടുതല്‍ കൂടുതല്‍ കഥയിലേക്ക് അടുപ്പിക്കുന്ന സച്ചി എന്ന സംവിധായകന്റെ മാന്ത്രികതയാണ് അയ്യപ്പനും കോശിയിലും ഉണ്ടായിരുന്നതെന്നും പലരും പ്രതികരിക്കുന്നു.

അയ്യപ്പനും കോശിയുo. Photo: The Hindu

വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ അതിരടി ഇതിനോടകം അമ്പത് കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ബേസില്‍ ജോസഫും അനന്തു. എസും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം ബേസിലിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണ്. ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, റിയ ഷിബു, വിഷ്ണു അഗസ്ത്യ, സെറിന്‍ ഷിഹാബ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Comparison post between Athiradi and Ayyappanum Koshiyum

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.