മലയാള സിനിമയിലെ തലമുറ മാറ്റത്തിനാണ് സമകാലിക റിലീസുകളിലൂടെ മലയാളി പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. പുതുമുഖ താരങ്ങളായ നസ്‌ലെന്‍, സന്ദീപ് പ്രദീപ്, സാഗര്‍ സൂര്യ, മാത്യൂ തോമസ്, സംഗീത് പ്രതാപ്, തുടങ്ങി ഒരുപറ്റം യുവ അഭിനേതാക്കളാണ് മലയാള സിനിമയില്‍ ഇതിനോടകം തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്. ഇവരില്‍ അടുത്തിടെയായി വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത പേരുകളായിരുന്നു സന്ദീപ് പ്രദീപിന്റതും സാഗര്‍ സൂര്യയുടെതും.
ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയില്‍ പിയൂസ് എന്ന കഥാപാത്രമായെത്തിയ സന്ദീപ് ഒരു നടനെന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സന്ദീപ് ശ്രദ്ധിക്കപ്പെടുന്നത് 2023 ല്‍ പുറത്തിറങ്ങിയ ഫാലിമിയിലൂടെയാണ്. ഒരു നായക നടനെന്ന നിലയില്‍ താരത്തെ മലയാളത്തില്‍ പ്രൊമോട്ട് ചെയ്ത ചിത്രം 2025 ല്‍ പുറത്തിറങ്ങിയ പടക്കളമായിരുന്നു.
മറുവശത്ത് തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സാഗര്‍ സൂര്യ പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്. 2021 ല്‍ പുറത്തിറങ്ങിയ കുരുതിയില്‍ മുഖം കാണിച്ച് തുടങ്ങിയ സാഗര്‍ തന്റെ ഉള്ളിലെ നടനെക്കുറിച്ച് സൂചന നല്‍കിയത് പൃഥ്വിരാജ് നായകനായ ജന ഗണ മന യിലൂടെയാണ്. തുടര്‍ന്ന് ജോ ആന്‍ഡ് ജോ, കാപ്പ, കാസര്‍ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായ താരം ജോജു ജോര്‍ജ് സംവിധാനം ചെയ്ത് നായകനായെത്തിയ പണിയിലൂടെ ജോജുവിനെ വെല്ലുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഡോണ്‍ സെബാസ്റ്റിയനായി എത്തിയ താരത്തിന്റെ ഇന്റസ്ട്രിയിലെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
ഇപ്പോഴിതാ വിജേഷ് പനാത്തൂര്‍ സംവിധാനം ചെയ്ത പ്രകമ്പനത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് സിനിമ കണ്ടിറങ്ങിയവരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ പുണ്യാളന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ മലയാള സിനിമയിലെ തന്റെ സ്ഥാനത്തെ അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.
ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കാണണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ സിനിമ ഗ്രൂപ്പുകള്‍ വഴി ആരാധകര്‍ പങ്കുവെക്കുന്നത്. വില്ലന്‍ വേഷങ്ങളും നര്‍മ്മ രംഗങ്ങളും ഒന്നിനൊന്ന് മെച്ചമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഇരുവരും ഒന്നിച്ചെത്തുമ്പോള്‍ മലയാള സിനിമയിലെ മറ്റൊരു മികച്ച കോമ്പിനേഷന്‍ കാണാന്‍ സാധിക്കുമെന്നാണ് പലരുടെയും അഭിപ്രായം.
ഗണപതിയൊഴികെ വലിയ സ്റ്റാര്‍ കാസ്റ്റുകളൊന്നുമില്ലാത്ത ചിത്രം മികച്ച മുന്നേറ്റമാണ് തിയേറ്ററുകളില്‍ നടത്തുന്നത്. റിലീസ് സമയത്ത് 90 ഷോകള്‍ മാത്രം ഉണ്ടായിരുന്ന പ്രകമ്പനത്തിന് പോസിറ്റീവ് റിവ്യൂ വന്നതോടെ എക്‌സട്രാ ഷോകള്‍ സംഘടിപ്പിച്ച ചിത്രം ഒമ്പത് ദിവസത്തിനുള്ളില്‍ 16 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: comparison between sandeep pradeep and sagar surya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.