ഫഗ്‌വാര: വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു.
സംഭവത്തില്‍ വ്യക്തതയും നീതിയും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധം അക്രമാസക്തമായതോടെ സര്‍വകലാശാല ക്ലാസുകള്‍ നിര്‍ത്തിവെക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.
ഹോസ്റ്റലില്‍ ഒരു വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായെന്ന വിവരമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. വിദ്യാര്‍ഥികള്‍ പറയുന്നത് പ്രകാരം മൂന്ന് ദിവസം മുമ്പ് ഹോസ്റ്റലില്‍ വെച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും തുടര്‍ന്ന് അധികൃതരുടെ നിര്‍ബന്ധപ്രകാരം വീട്ടിലേക്ക് മടങ്ങിയെന്നുമാണ്.
വീട്ടിലേക്കയച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന് ഒരു സഹപാഠി മറ്റ് വിദ്യാര്‍ഥികളെ അറിയിച്ചതോടെയാണ് പ്രതിഷേധം കൂടുതല്‍ ശക്തമായത്. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ലെന്ന് കപൂര്‍ത്തല സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഗൗരവ് ടൂറ പറഞ്ഞിരുന്നു.
അതേസമയം, വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതായി ജലന്ധര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നവീന്‍ സിംഗ്ല പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വിവരങ്ങള്‍ കിംവദന്തികളാണെന്നാണ് സര്‍വകലാശാല അധികൃതരും പൊലീസും പറയുന്നത്.
വിദ്യാര്‍ഥികളുടെ പ്രതിഷേധം പിന്നീട് ക്യാമ്പസിന് പുറത്തേക്കും വ്യാപിച്ചു. നീതി ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ജലന്ധര്‍-ഫഗ്വാര ദേശീയപാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
പ്രതിഷേധത്തിനിടെ പൊലീസുകാരെ ആക്രമിക്കുകയും ചില വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതായി അധികൃതര്‍ ആരോപിച്ചു. ക്യാമ്പസിലെ ചില ഭാഗങ്ങളില്‍ തീവെപ്പും നാശനഷ്ടങ്ങളും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാര്‍ഥികളും സര്‍വകലാശാല മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്ന് പത്ത് ദിവസത്തേക്ക് സര്‍വകലാശാല അടച്ചിടാനും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മിഡ് ടേം പരീക്ഷകള്‍ മാറ്റിവെക്കാനും മാനേജ്മെന്റ് തീരുമാനിച്ചു.
പത്ത് ദിവസത്തെ ഇടവേളയില്‍ രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്ക് വീടുകളിലേക്ക് മടങ്ങാമെന്നും സര്‍വകലാശാല അറിയിച്ചു. അതേസമയം, ക്യാമ്പസ് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ അവഗണിക്കണമെന്നും അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: Classes in Lovely Professional University are suspended amid Students protests over the rape of a student in campus.
