ഏകാധിപതിയുടെ പരാജയവും ജനാധിപത്യത്തിന്റെ വിജയവും; ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വിജയം സമര്‍പ്പിച്ച് ദീപ്‌കെ
national news
ഏകാധിപതിയുടെ പരാജയവും ജനാധിപത്യത്തിന്റെ വിജയവും; ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വിജയം സമര്‍പ്പിച്ച് ദീപ്‌കെ
ആദർശ് എം.കെ.
Saturday, 25th July 2026, 4:22 pm

ദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരണവുമായി സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. മന്ത്രിയുടെ രാജിയെ പാറ്റകളുടെ വിജയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 35 ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഗത്യന്തരമില്ലാതെ കേന്ദ്ര സര്‍ക്കാറിന് വഴങ്ങേണ്ടി വന്നതും മന്ത്രിയുടെ രാജിയില്‍ കലാശിച്ചതും. സമരവിജയത്തില്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെയും വൈകാരികവുമായാണ് ആഘോഷിച്ചത്

മന്ത്രിയുടെ രാജിയോട് പ്രതികരിക്കവേ, ആത്മഹത്യ ചെയ്ത കുട്ടികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദീപ്‌കെ വികാരാധീനനായി ‘നിങ്ങള്‍ക്ക് നീതി ലഭിച്ചു’ എന്ന് ആ ചിത്രങ്ങള്‍ നോക്കി പറഞ്ഞ അദ്ദേഹം, ആ കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

ഈ വിജയം ജീവനൊടുക്കിയ കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും, ഇത് ഒരു ഏകാധിപതിയുടെ പരാജയവും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മന്ത്രിയുടെ രാജിക്ക് പിന്നാലെ മറ്റ് പ്രധാന ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്ന് സി.ജെ.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

നീറ്റ് വിവാദത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം, സമരക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണം, പ്രതിഷേധിച്ചവര്‍ക്കെതിരെ ഇനി യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കണം, സമരക്കാര്‍ക്കെതിരെ തിരിഞ്ഞ പോലീസിനെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുമ്പോട്ട് വെക്കുന്നത്.

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ മറ്റൊരു പരിഹാരത്തിനും വഴങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ഇന്ന് രണ്ടര വരെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് സി.ജെ.പി സമയം നല്‍കിയിരുന്നത്. അന്ത്യശാസനത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരിക്കുന്നത്.

അവസാന നിമിഷം വരെ പ്രധാനെ സംരക്ഷിക്കാന്‍ കേന്ദ്രം ശ്രമം നടത്തിയിരുന്നു. മറ്റ് വകുപ്പിലേക്ക് മാറ്റുമെന്നായിരുന്നു സൂചന. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പ്രധാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.

 

Content highlight: CJP dedicates protest victory to students who died by suicide.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.