
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നില്‍പ്പ് സമരത്തോടുള്ള സര്‍ക്കാരിന്റെ മൗനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ട വിമര്‍ശനം. കല്‍പ്പറ്റക്കടുത്തുള്ള ഓണിവയലില്‍ ആദിവാസികള്‍ക്ക് പണിത ഫ്‌ളാറ്റിന്റെ ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുന്നത്.
ആദിവാസികള്‍ക്ക് ഫ്‌ളാറ്റ് കൊടുക്കുന്നതിനു മുമ്പ് 2001ല്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനും അങ്ങനെ നില്‍പ്പ് സമരം പരിഹരിക്കാനുമാണ് പോസ്റ്റില്‍ വന്നിട്ടുള്ള പ്രതികരണങ്ങളെല്ലാം ആവശ്യപ്പെടുന്നത്. ജൂലൈ ഒന്‍പതിനു തുടങ്ങിയ ആദിവാസികളുടെ നില്‍പ്പ് സമരം ഒരു മാസം കഴിഞ്ഞിട്ടും ഒത്തുതീര്‍പ്പാകാതെ തുടരുന്ന പശ്ചാത്തലത്തിലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇപ്പോള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ആദിവാസികള്‍ക്കായുള്ള ഫ്‌ളാറ്റ് നല്‍കുന്നത് നല്ലതാണെന്നും എന്നാല്‍ അത് നല്‍കുന്നതിനേക്കാള്‍ അവര്‍ക്ക് ഭൂമി നല്‍കി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.

“പട്ടികവര്‍ഗ്ഗ കോളനികള്‍ക്കായി ഫ്‌ളാറ്റ് വളരെ നല്ല ഐഡിയ. Good work . ഒരു അപേക്ഷ : സാറിന്റെ ആപ്പീസിനു മുന്നില്‍ ആദിവാസകള്‍ നില്‍പ്പ് സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ദയവായി അവര്‍ക്ക് കൊടുക്കാമെന്നു വാഗ്‌നാനം ചെയ്തത് കൊടുക്കുക. ഇനിയെങ്കിലും, കൊടുക്കനാകാത്തത് ആര്‍ക്കും വാഗ്ദാനം ചെയ്യാതിരിക്കുക.” എന്ന് പൂര്‍ണിമാ രാമന്റെ കമെന്റ്.
അതേസമയം “ജനസമ്പര്‍ക്കം എന്നും പറഞ്ഞു നാട് നീളെ കറങ്ങുന്ന മുഖ്യന്‍, സെക്രട്ടേറിയേറ്റിനു മുന്നില്‍ കഴിഞ്ഞ നാല്പതു ദിവസങ്ങളായി നീതിക്ക് വേണ്ടി നില്‍ക്കുന്നവരെ കാണുന്നില്ല എന്നതില്‍ നിന്നും മലയാളികള്‍ എന്ത് മനസ്സിലാക്കണം?” എന്ന് പ്രസാദ് രാമചന്ദ്രന്‍ ചോദിക്കുന്നു.” എന്നാല്‍ ബേസില്‍ പി. ദാസിന്റെ കമെന്റ് ഇങ്ങനെ; “താങ്കളുടെ കണ്മുന്നില്‍ കഴിഞ്ഞ നാല്‍പ്പത്തി ഒന്ന് ദിവസമായി നില്‍ക്കുന്ന കുറച്ചു ജീവികള്‍ ഉണ്ട്. ഭിക്ഷ യാചിച്ചുള്ള നില്പ്പല്ല, അവകാശം നേടാനുള്ള നില്‍പ്പ്, കണ്ണടച്ചാല്‍ ഉണ്ടാവുന്ന ഇരുട്ടിന് ആയുസ് കുറവാണ്. ഫ്‌ളാറ്റുകളും മണിന്ദിരങ്ങളുമല്ല അവര്‍ ചോദിക്കുന്നത്, കൊടുത്ത വാക്ക് പാലിക്കാനാണ് പറയുന്നത്…”
ആദിവാസി സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്ന കമെന്റുകളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് നിറച്ചും ഉണ്ടായിരിക്കുന്നത്. സഭ്യമായ ഭാഷയിലാണ് ഇതുവരെയും എല്ലാ കമെന്റുകളും. “വഴിതടഞ്ഞും മറ്റും സാമ്പ്രദായിക സമരക്കാര്‍ കുത്തകപിടിച്ച സെക്രട്ടേറിയേറ്റിന് മുന്നില്‍ പാര്‍ശ്വവത്കൃതരായി ആദിവാസി ഗോത്രമഹാസഭ നടത്തുന്ന സമരം പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടും സര്‍ക്കാറിന്റെ കണ്ണുകളില്‍ പതിഞ്ഞിട്ടില്ല. ജൂലൈ ഒമ്പതിനാണ് മരിച്ചാലും സംസ്‌കരിക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാത്ത ജനതയുടെ അനിശ്ചിതകാല നില്‍പ്‌സമരം ആരംഭിച്ചത്. 2001ല്‍ എ.കെ. ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടന്ന 48 ദിവസത്തെ കുടില്‍കെട്ടി സമരത്തെ തുടര്‍ന്ന് ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് മാത്രമാണ് സമരക്കാരുടെ ആവശ്യം. കാണാഞ്ഞിട്ടോ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നതോ?” എന്ന് നിഖില്‍ കാരാളിയുടെ ചോദ്യം നില്‍പ്പ് സമരത്തിന്റെ രാഷ്ട്രീയത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെയും നില്‍പ്പ് സമരത്തിന്റെ രാഷ്ട്രീയത്തെയും വിശദീകരിക്കുന്നു.
[]വളരെ ഗൗരവമായാണ് കമെന്റുകള്‍ കാര്യങ്ങള്‍പങ്കുവെയ്ക്കുന്നത്. കമെന്റുകളില്‍ അഭ്യര്‍ത്ഥനകളും ഉണ്ട്. അതില്‍ ഉദാഹരണമാണ് സന്തോഷ് ടി.എന്‍-ന്റെ കമെന്റ്: “ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇടക്കിടക്ക് അങ്ങ് ഇറങ്ങി പോരുന്ന നിയമസഭാ മന്ദിരത്തിനു മുന്നില്‍ കുറെ ആദിവാസി സഹജീവികള്‍ കഴിഞ്ഞ 40 ദിവസമായി നില്‍ക്കുന്നുണ്ട്…. അവരുടെ കാല് കഴക്കുന്നുണ്ട് സാര്‍, സമര പന്തലിനു മുന്നില്‍ വെച്ച ബക്കറ്റില്‍ ചില വഴിപോക്കര്‍ ഇടുന്ന ചില്ലറകള്‍ കൊണ്ട് ചായ കുടിച്ച് അവര്‍ നിന്നു ജീവിക്കുന്നുണ്ട് സാര്‍. അങ്ങിത് കാണുന്നില്ലേ…. ഒന്ന് അവിടെ വരെ വന്നുകൂടെ, അവരെ ഒന്ന് ആശ്വസിപ്പിച്ചു കൂടെ, ഒന്ന് പുഞ്ചിരിച്ചു കൂടെ…”
മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കുന്ന മുഖ്യമന്ത്രി ആദിവാസി വിഷയത്തില്‍ ഒന്നും മിണ്ടുന്നില്ലെന്നുള്ള വിമര്‍ശനമാണ് പ്രീത ജി.പി.യുടെ ഈ വാക്കുകള്‍: “സ്വകാര്യ ബസ് മുതലാളിമാര്‍ സമരം ചെയ്യും എന്ന് ഭീഷണി പെടുത്തിയാല്‍ പോലും പിറ്റേന്ന് ചാര്‍ജ് കൂട്ടുന്ന കേരള മുഖ്യമന്ത്രി, നില്‍പ്പ് സമരം കണ്ടില്ല. അതാ ഒന്നും ചെയ്യാത്തത്. ഇപ്പോള്‍ ഇത്രയും comments കണ്ട സ്ഥിതിക്ക് അതിവേഗം ബഹുദൂരം പായുന്ന നമ്മുടെ മുഖ്യമന്ത്രി എന്തെങ്കിലും അതിവേഗം ചെയ്യും എന്ന് പ്രതീക്ഷിക്കാം.”
