ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും ഡി.എം.കെയിലെ 8000 പ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്.

പൊലീസ് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്. ഇന്നലെയായിരുന്നു ചെന്നൈ നഗരത്തില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധ റാലി നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം, ആര്‍.എസ് എം.പി വൈകോ, ടി.എന്‍.സി.സി അധ്യക്ഷന്‍ കെ.എസ് അളഗിരി, ഡി.കെ നേതാവ് കെ. വീരമണി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആര്‍. മുതരശന്‍, വി.സി.കെ നേതാവ് തോള്‍ തിരുമാവളവന്‍. എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15000 പേര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

എഗ്മോറിലെ തലമുത്തു നടരാജന്‍ ബില്‍ഡിങ്ങിന് സമീപത്ത് നിന്നും ആരംഭിച്ച റാലി രാജരത്‌നം സ്റ്റേഡിയത്തിലാണ് അവസാനിച്ചത്. 5000 പൊലീസുകാരെയായിരുന്നു റാലിയില്‍ നിയോഗിച്ചിരുന്നത്. പ്രതിഷേധക്കാരെ നിരീക്ഷിക്കാനായി 110 ഡ്രോണുകളും സര്‍വൈയ്‌ല്യന്‍സ് ക്യാമറകളും പൊലീസ് ഉപയോഗിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് എന്ന പേരില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.

ഇത്തരമൊരു നിയമത്തോട് തമിഴ് ജനത അനുകൂലിക്കില്ലെന്ന ശക്തിമായ സന്ദേശമാണ് ബി.ജെ.പി-എ.ഡി.എം.കെ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയതെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. നിയമം പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.