തിരുവനന്തപുരം: ഈ മാസം 22ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). പുലര്‍ച്ചെയുള്ള വിക്ഷേപണസമയം മാറ്റി ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപണം.
ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചതിന് ശേഷമുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ ട്വിറ്ററില്‍ അറിയിച്ചു.
മാര്‍ക്ക് 3 യുടെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു ജൂലൈ 15 ന് നടത്താനിരുന്ന വിക്ഷേപണം മാറ്റിവച്ചത്.
ചൊവ്വാഴ്ച രാത്രിയോടെ തകരാര്‍ പൂര്‍ണമായി പരിഹരിച്ചു. ഇന്നലെ മണിക്കൂറുകള്‍ നീണ്ട സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് ഈ പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പുതിയ വിക്ഷേപണ തിയതിയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്.
ജൂലൈ 15 ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ 6 നാണ് ചന്ദ്രയാന്‍ പേടകത്തില്‍ നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുമായിരുന്നത്.
ചാന്ദ്ര ദിവസത്തിന്റെ തുടക്കം കൂടി പരിഗണിച്ചായിരുന്നു ഈ സമയക്രമം. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ 6നു തന്നെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ.
വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ 22 ദിവസമെടുക്കുമെങ്കിലും പിന്നീട് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാനാണു ശ്രമം.
ചന്ദ്രയാന്‍ 1 പേടകം 24 ദിവസം കൊണ്ടാണ് ചന്ദ്രോപരിതലത്തിലെത്തിയത്. 2008 ഒക്ടോബര്‍ 22 നു രാവിലെ 6.22ന് പി.എസ്.എല്‍.വി സി-11 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ച പേടകം നവംബര്‍ 8നു ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
12ന് ചന്ദ്രന്റെ 100 മീറ്റര്‍ അകലെ അന്തിമഭ്രമണപഥത്തിലെത്തി. 14നു രാത്രി 8.06ന് എം.ഐ.പിയെ (മൂണ്‍ ഇംപാക്ട് പ്രോബ്) ചന്ദ്രന്റെ ഉപരിതലത്തിലേക്കയച്ചു. 8.31ന് എംഐപി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി.
