സംവരണവിരുദ്ധര്‍ അറിയാന്‍, സാമുദായിക സംവരണം ആരുടേയും ഔദാര്യമല്ല
Opinion
സംവരണവിരുദ്ധര്‍ അറിയാന്‍, സാമുദായിക സംവരണം ആരുടേയും ഔദാര്യമല്ല
മൃദുല ശശി
Sunday, 30th September 2018, 12:52 pm

കുറച്ചുനാളുകള്‍ക്കു മുന്‍പ് ഒരു വിദ്യാഭ്യാസ സെമിനാറില്‍ ഞാന്‍ പങ്കെടുത്തിരുന്നു. സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വനിത പറഞ്ഞത് പാവപ്പെട്ട പട്ടികജാതിക്കാരുടെ ദാരിദ്യം മാറ്റി അവരെ മുന്‍നിരയിലെത്തിക്കുവാന്‍ അംബേഡ്കര്‍ നടത്തിയ പദ്ധതിയാണ് സംവരണം എന്നായിരുന്നു. ആണധികാരപ്പെരുമയുടെ ഇടത്തില്‍ കഴിവുണ്ടായിട്ടും അംഗീകാരം കിട്ടാതിരിക്കുന്നത് തടയാന്‍ ഇത്ര സ്ത്രീകള്‍ ഒരു പ്രത്യേക പോസ്റ്റില്‍ വേണമെന്ന് സംവരണ ആനുകൂല്യം ഉപയോഗിച്ച് ഭരണരംഗത്തെത്തിയ സ്ത്രീയാണ് അത് പറഞ്ഞതെന്നതാണ് വിരോധാഭാസം.

ആര്‍ത്തവവും ആര്‍ത്തവവിരാമവും പ്രസവശേഷമുള്ള ശാരീരിക അസ്വസ്ഥതകളും ദുര്‍ബലപ്പെടുത്തുന്ന അവസ്ഥയുള്ളതിനാല്‍ സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കരുതെന്ന സംവരണ ആനുകൂല്യമനുഭവിച്ച് യാത്ര ചെയ്യുന്നവരും പട്ടികവിഭാഗക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന സംവരണത്തെ എതിര്‍ക്കുന്നത് കാണാം. വളര്‍ച്ചാനിരക്ക് (Growth rate) വര്‍ദ്ധിക്കുന്നതനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ മാറുന്നു. പഞ്ചവല്‍സരപദ്ധതിക്കൊപ്പം ആഗോളവവല്‍ക്കരണവും, ഉദാരവല്‍ക്കരണവും, സ്വകാര്യവല്‍ക്കരണവും ഇന്ത്യ പരീക്ഷിച്ചു. രാജ്യത്തിന്റെ ഭൂപ്രകൃതി തന്നെ മാറി. വിദേശ പണം ധാരാളമായി എത്തിത്തുടങ്ങി. പ്രകൃതി വിഭവങ്ങളേക്കാള്‍ മനുഷ്യനിര്‍മ്മിത വിഭവങ്ങളുടെ ഉപഭോഗം കൂടി. ഡങ്കല്‍ ഡ്രാഫ്റ്റും, ഗാട്ട് കരാറുമൊക്കെ മാറിയ ഇന്ത്യയുടെ നിദാനങ്ങളായിരുന്നു.

 

ഇതൊക്കെ കടന്നു വന്നപ്പോഴും പട്ടികവിഭാഗക്കാര്‍ക്ക് സമൂലമായ ഒരു മാറ്റവും ഉണ്ടായതേയില്ല. ഇന്ത്യയിലെ അടിസ്ഥാന ജനതയെ കോളനിയില്‍ നിലനിര്‍ത്തുവാനുള്ള ചാണക്യതന്ത്രം അണിയറയിലുണ്ടായിരുന്നു. അതിലേറ്റവും പ്രധാനം ഇന്ത്യ പിന്തുടരുന്ന വിദ്യാഭ്യാസക്രമമാണ്. ഇത്തരമൊരു രാജ്യത്ത് സംവരണം എന്ന അവകാശം എടുത്തുമാറ്റുന്നത് കാഴ്ചയുള്ളവരുടെ ലോകത്ത് വെള്ളച്ചൂരലുമായി നീങ്ങുന്നകാഴ്ചയില്ലാത്ത സഹോദരങ്ങളുടെ ചൂരല്‍ പിടിച്ചു വാങ്ങുന്നതിന് തുല്യമാണ്.

യഥാര്‍ത്ഥത്തില്‍ ജനസംഖ്യാനുപാതമായ പങ്കാളിത്തമാണ് സംവരണം ഉറപ്പാക്കുന്നത്. “”സംവരണം ആരുടേയും സൗജന്യമല്ല മറിച്ച് ദേശീയമായ ഒരു കടം വീട്ടലാണെന്നാണ് ഭരണഘടന ശില്‍പി ഡോ. ബി. ആര്‍. അംബേഡ്കര്‍ പറഞ്ഞത്.” സംവരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഡോ. അംബേഡ്കര്‍ ആയിരുന്നു. 1919 ലെ ഇന്ത്യ ആക്ട് പുനഃപരിശോധിക്കുവാന്‍ 1928 ഫെബ്രുവരി 3 ന് ഇന്ത്യയിലെത്തിയ സൈമണ്‍ കമ്മീഷന് മുന്നിലാണ് അദ്ദേഹം ഈ ആവശ്യം ആദ്യം മുന്നിലെത്തിച്ചത്.

1930 നവംബറിലും 1931 സെപ്തംബറിലും ബ്രിട്ടീഷ് ഗവണ്‍മെന്റ് ലണ്ടനില്‍ വിളിച്ചുകൂട്ടിയ ഒന്നും, രണ്ടും വട്ടമേശസമ്മേളനങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രത്യേക സംരക്ഷണങ്ങളും ആനുകൂല്യങ്ങളും നല്‍കണമെന്ന് അംബേഡ്കര്‍ വാദിച്ചു. അതേ തുടര്‍ന്ന് 1932 ആഗസ്റ്റ് 17-ാം തീയതി ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെക് ഡൊണാള്‍ഡ് കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. കമ്മ്യൂണല്‍ അവാര്‍ഡിലെ നേട്ടങ്ങള്‍ പൂന ആക്ടിലൂടെ ഉണ്ടായ ഭേദഗതികള്‍ക്കനുസരണമായി 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ ഉള്‍ക്കൊള്ളിച്ചു. സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണഘടന എഴുതി ഉണ്ടാക്കിയപ്പോള്‍ അടിസ്ഥാന വിഭാഗക്കാര്‍ക്ക് അവസര സമത്വം ഉറപ്പാക്കുവാനുള്ള സംവരണ വ്യവസ്ഥകള്‍ അംബേഡ്കര്‍ ഉള്‍ക്കൊള്ളിച്ചു.

 

നൂറ്റാണ്ടുകളോളം അയിത്തത്തിനും അടിമത്തത്തിനും വിധേയരായി ഭൂമിയും സ്വത്തും കുടുംബവ്യവസ്ഥയും നഷ്ടപ്പെട്ട ജനതയ്ക്ക് നല്‍കുന്ന സാമൂഹിക നീതിയാണ് സംവരണം. മനുസ്മൃതി സവര്‍ണ്ണ സമൂഹങ്ങള്‍ക്കു നല്‍കിയ പ്രബലതയെ (ഇന്നും കാര്യമായ മാറ്റമില്ലാതെ തുടരുന്നത്). പ്രതിരോധിക്കുവാന്‍ അടിസ്ഥാനജനതയ്ക്കുള്ള ഏക ആയുധമാണ് സംവരണം.

സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഒരിക്കലും സമ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അയിത്ത ജാതിക്കാരെ അടിമകളാക്കിയിരുന്നത്. പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കുവാനുള്ള ദാരിദ്രനിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല സംവരണം. മറിച്ച് ജാതിയില്‍ “ഹീനരെന്ന്” ഗണിക്കപ്പെട്ടതിനാല്‍ മാത്രം കഴിവുണ്ടെങ്കിലും അവസരം ലഭ്യമാകാത്ത അവസ്ഥ ഇല്ലാതാക്കുവാനുള്ള സാമൂഹിക നീതിയാണ് ഇതിനാല്‍ ഉറപ്പാക്കപ്പെടുന്നത്.

സംവരണം എന്നത് അടിസ്ഥാന ജനതയുടെ ദാരിദ്ര്യവും പട്ടിണിയും മാറ്റുവാനുള്ള സാമ്പത്തിക നയമല്ല മറിച്ച് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യമായ അവകാശമുള്ള എല്ലാ മേഖലയിലും പങ്കാളിത്തം ഉറപ്പാക്കുവാനുള്ള സാമൂഹിക പരിരക്ഷയ്ക്കായുള്ള സ്വാഭാവിക നീതിയാണ്. ലോകത്തില്‍ മറ്റൊരു ഭരണഘടനയിലും കണ്ടെത്താനാവാത്ത സാമുദായിക സംവരണം ഇന്‍ഡ്യന്‍ ഭരണഘടനയില്‍ കടന്നുവരാനുള്ള പ്രധാന കാരണം ഈ രാജ്യത്ത് നിലനിന്നിരുന്ന, ഇപ്പോഴും നിലനില്‍ക്കുന്ന ജാതിഉച്ചനീചത്വം തന്നെയാണ്.

 

സമൂഹത്തില്‍ തുല്യതയുണ്ടെങ്കില്‍ സംവരണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. സാമൂഹികമായും സാമ്പത്തികമായും, ജാതിപരമായും, അസമത്വം നേരിടുന്ന ജനതയെ അധികാരത്തിന്റെയും ഭരണത്തിന്റെയും മേഖലകളിലെത്തിക്കുവാന്‍ ഇന്ത്യപോലൊരു രാജ്യത്ത് സാധ്യമാകുകയില്ല.

ജാതി വ്യവസ്ഥ പ്രബലമായ കാലംമുതല്‍ അവര്‍ണ്ണരെ അടിമകളാക്കിയ സവര്‍ണ്ണവിഭാഗങ്ങള്‍ ആദ്യമാദ്യം അവരുടെ പണിയായുധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്നീട് അവരുടെ ശരീത്തിന്മേലും ചുമത്തിത്തുടങ്ങി. തലക്കരവും മുലക്കരവും മീശക്കരവുമടക്കം പലതരത്തിലുള്ള നികുതികള്‍ അവരുടെമേല്‍ ഉണ്ടായിരുന്നു. ദത്തവകാശ നിരോധന നിയമത്തിന്റെയും ശാശ്വത ഭൂനികുതി വ്യവസ്ഥയുടെയും ഇരകള്‍ ആക്കപ്പെട്ടത് ഇന്ത്യയിലെ അവര്‍ണ വിഭാഗങ്ങളായിരുന്നു. എന്നാല്‍ പ്രസ്തുത നിയമവും നികുതി വ്യവസ്ഥയും നമ്മെ പഠിപ്പിക്കുന്ന വിദ്യാഭ്യാസക്രമം അതിനിരയാക്കപ്പെട്ട അവര്‍ണ്ണ വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു.

ജാതിപ്രമത്തതയും അധികാരപ്രമത്തതയും ഉണ്ടായിരുന്ന ഫ്യൂഡലിസ്റ്റുകള്‍ കരസ്ഥമാക്കിയ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ഭാരിച്ച സ്വത്ത്, ബ്രഹ്മസ്വം വഴിയും ദേവസ്വം വഴിയും ക്ഷേത്രങ്ങളില്‍ സമാഹരിക്കപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യ സ്വതന്ത്ര ഇന്ത്യയായപ്പോള്‍ ഇത്തരത്തില്‍ സമാഹരിക്കപ്പെട്ട സ്വത്ത് നീതിപൂര്‍വ്വകമായി വിതരണം ചെയ്യപ്പെട്ടതായി ഒരിടത്തും രേഖയില്ല. അത്തരം നിലവറകളുടെ താക്കോലുകള്‍ എവിടെയെന്നുപോലും പരമരഹസ്യമാണ്.

 

ബ്രിട്ടീഷ് രാജ് അധികാരം കൈമാറിയത് അവര്‍ണ്ണജനവിഭാഗങ്ങള്‍ക്കായിരുന്നില്ല, മറിച്ച് ഇന്ത്യയിലെ ബ്രാഹ്മണ്യത്തിന്റെ കൈയിലേക്കായിരുന്നു. കൈവശം വന്നുചേര്‍ന്ന അധികാരം ഉപയോഗിച്ച് നേരത്തെ കൈമുതലായുണ്ടായിരുന്ന ഭൂമിയും ആഭരണവും അടക്കവുമുള്ള സ്വത്തും നാട്ടുരാജ്യങ്ങളുടെ സംയോജനം വഴി മികച്ച ഭൂപ്രകൃതിയും കൈയടക്കി പ്രാന്തപ്രദേശങ്ങളിലേക്ക് അയിത്തജനതയെ തള്ളിനീക്കി. ഇന്ത്യന്‍ വിദ്യാഭ്യാസ ക്രമത്തില്‍ (കരിക്കുലം) ഉപയോഗിച്ചത് സവര്‍ണ്ണ സാഹിത്യവും ചരിത്രവുമായിരുന്നു.

പ്രാന്തപ്രദേശങ്ങളിലെ ജനതയുടെ പോരാട്ടവും ആഴത്തിലുള്ള വേദനകളും അഗാധമായ ഏകാന്തതയും ആയുഷ്‌കാലം അദ്ധ്വാനിച്ചാലും രക്ഷപ്പെടാനാവാത്ത അവസ്ഥയും ഒരിടത്തും എത്തിക്കാതിരിക്കുവാന്‍ ആ കരിക്കുലം ഇന്നും കൃത്യമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ത്തന്നെ അടിസ്ഥാനജനതയില്‍നിന്ന് ഉയര്‍ന്നുവന്ന സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ ഇന്ത്യയ്ക്കിന്നും അജ്ഞാതമാക്കി നിലനിര്‍ത്തുവാന്‍ സവര്‍ണ ചരിത്രരേഖകള്‍ക്ക് സാധിച്ചു. ഇത്തരം ഒരു രാജ്യത്താണ് സംവരണത്തിന്റെ പ്രസക്തിയും എസ്.സി/ എസ്.റ്റി. ആക്ടുകളുടെ പ്രാധാന്യവും ചര്‍ച്ചചെയ്യപ്പെടുന്നത്.

സ്‌കൂളുകളിലും കലാലയങ്ങളിലും തൊട്ടടുത്തിരിക്കുന്ന കുട്ടി ലംപ്സം ഗ്രാന്റ് വാങ്ങി മടങ്ങിയെത്തുമ്പോള്‍, നിങ്ങള്‍ക്കെല്ലാം സൗജന്യമായി കിട്ടുന്നു. ഞങ്ങള്‍ക്കൊന്നും കിട്ടുന്നില്ല എന്ന പരിദേവനം കൂടെയുള്ള കുട്ടികള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കുമ്പോള്‍ മറുപടി ഇല്ലാതാകുന്ന ദളിത് ആദിവാസി വിഭാഗത്തിന്റെ കുട്ടികള്‍ ചിന്തിക്കേണ്ടതും, മറുപടി നല്‍കേണ്ടതും സംവരണം ഞങ്ങള്‍ ആരെയും പിടിച്ചുപറിച്ചു മേടിക്കുന്നതല്ല, പകരം ഞങ്ങളുടെ അപ്പനപ്പൂപ്പന്മാരെ, അമ്മയമ്മൂമ്മമാരെ ചവിട്ടിമെതിച്ച് ചരിത്രത്തില്‍തന്നെ ഇല്ലാതാക്കി, ഭൂമി ഇല്ലാത്തവരാക്കി, അധികാരപരിധിയില്‍ എത്താത്തവരാക്കി തീര്‍ത്തതിനുള്ള കടം വീട്ടലാണ് എന്നുതന്നയാണ്. അതാരുടെയും ഔദാര്യമല്ല. കേവലം ഒറ്റ ആഴ്ച സംവരണം ഇല്ലാതാക്കിയാല്‍ ഇവിടുത്തെ സവര്‍ണ്ണ പ്രബലതയ്ക്ക് ആ ഒറ്റ ആഴ്ചകൊണ്ട് ഇപ്പോള്‍ നമ്മള്‍ എത്തപ്പെട്ട സ്ഥലങ്ങളില്‍നിന്ന് നമ്മളെ ഇല്ലാതാക്കുവാനും കഴിയും.

 

അക്കാഡമിക് പ്രഷര്‍ എന്ന ഓമനപ്പേരില്‍ “ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍” നടപ്പാക്കുന്ന ഈ രാജ്യത്ത് സാമുദായിക സംവരണത്തിനെതിരെ എന്‍.എസ്.എസ്. നല്‍കിയ ഹര്‍ജി സുപ്രീം കോടതി നിരുപാധികം തള്ളിയത് സ്വാതന്ത്ര്യാനന്തര ഇന്ത്യ ജാതീയത തുടച്ചുനീക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടുതന്നെയാണ്.

ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് “പരിഷ്‌കരണങ്ങള്‍” നടത്തിയത്. ജാതി നിലനിന്നാലുള്ള പ്രയോജനം വോട്ടുബാങ്കായി അധികാരത്തിലെത്തുവാനുള്ള ചവിട്ടുപടിയാണെന്ന് ഇന്ത്യന്‍ സവര്‍ണ്ണതയ്ക്ക് കൃത്യമായി അറിയാം 60 വര്‍ഷമായി കേരളത്തില്‍ തുടരുന്ന സാമുദായിക സംവരണം സാമൂഹിക സംതുലിതാവസ്ഥയെ തകിടം മറിച്ചുവെന്നതായിരുന്നു എന്‍.എസ്.എസ്. മുന്നോട്ടുവച്ച വാദം. മൂവായിരം വര്‍ഷത്തോളം ഒരു ജനതയെ സാമൂഹികമായും സാമ്പത്തികമായും ജാതീയമായും ചരിത്രപരമായും ചവിട്ടിക്കുഴച്ചില്ലാതാക്കിയ പിന്നോക്കാവസ്ഥ 60 വര്‍ഷംകൊണ്ട് മാറിക്കിട്ടില്ല എന്ന് എന്‍.എസ്.എസ്. മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതു കേരളത്തിലെ നായര്‍ ജനവിഭഗങ്ങളോടല്ല പറയുന്നത്, എന്‍.എസ്.എസ്. എന്ന അധികാരം ഉപയോഗിച്ച് സാമൂഹ്യനീതി ഇനിയും ലഭ്യമാകാത്ത ജനവിഭാഗങ്ങളെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന അധികാരപ്രമത്തതയോടാണ് എന്നുള്ളത് എടുത്തുപറയുന്നു.

 

പ്രമുഖ അംബേഡ്കറൈറ്റും, ബിഹാര്‍ ഗവര്‍ണര്‍, കേരളാ ഗവര്‍ണര്‍ എന്നീ പദവിയും വഹിച്ചിരുന്ന ആര്‍.എസ്. ഗവായി പറഞ്ഞത് വീണ്ടും എടുത്തുപറയുന്നു, “”ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം നിലനില്ക്കുകതന്നെ ചെയ്യും. കാരണം അതുകൊണ്ടു മാത്രം പിടിച്ചുനില്‍ക്കുന്ന ജനവിഭാഗങ്ങളാണ് അധികാരപ്രമത്ത “ജനാധിപത്യ” ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന തദ്ദേശവാസികളായ ദലിത് ആദിവാസി ട്രാന്‍സ്ജന്‍ഡര്‍ ലൈംഗിക മതന്യൂനപക്ഷ വിഭാഗങ്ങള്‍. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാഹോദര്യവും സമത്വവും നടപ്പാകണമെന്നുണ്ടെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. ആ ശാക്തീകരണം സാദ്ധ്യമാകുക സാമുദായിക സംവരണം വഴിയാണ് മറിച്ച് സാമ്പത്തിക സംവരണം എന്ന കുറുക്കുവഴി ഉപയോഗിച്ചല്ല.

സഹായക കുറിപ്പുകള്‍ഃ സംവരണതത്വത്തിലെ ശാസ്ത്രീയത-പ്രൊഫസര്‍ (ഡോ) കെ.ശിവരാജന്‍ ലേഖനം – ജലധാര മാസിക
ജാതി ഒരഭിശാപംഃ കല്ലറ സുകുമാരന്‍