സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി പരിശീലകന്‍ എവെര്‍ ഡമാള്‍ഡയെ നിലനിര്‍ത്തി ആദ്യ സീസണിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി. കഴിഞ്ഞ സീസണിന് മുമ്പായി ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഡമാള്‍ഡയില്‍ തന്നെ ഇത്തവണയും വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് കാലിക്കറ്റ് എഫ്.സി.
അര്‍ജന്റൈന്‍ പരിശീലകനായ ഡമാള്‍ഡ വിവിധ രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ പരിശീലനം നടത്തിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. സൗദി അറേബ്യ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച ഡമാള്‍ഡ ഫ്രഞ്ച് ക്ലബ്ബ് മാര്‍സെയിന്റെയും അസിസ്റ്റന്റ് പരിശീലകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡന്റ് റിവാള്‍ഡിയ, ഹെരേര എഫ്.സി, എഫ്.സി ഡില എന്നീ ക്ലബ്ബുകളുടെ പരിശീലകനായും അര്‍ജന്റൈന്‍ കോച്ച് പ്രവര്‍ത്തിച്ചു.
കോഴിക്കോടിനൊപ്പം 11 മത്സരങ്ങളില്‍ പരിശീലക കുപ്പായമണിഞ്ഞ ഡമാള്‍ഡ ഏഴ് മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാനും സാധിച്ചു.
കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്.സിയെ സെമി ഫൈനല്‍ വരെ എത്തിക്കാന്‍ എവെര്‍ ഡമാള്‍ഡക്ക് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്.സിയോട് പരാജയപ്പെട്ട് കാലിക്കറ്റ് എഫ്.സി തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ സീസണില്‍ തന്നെ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടൂര്‍ണമെന്റിലെ സ്ഥിരതയാര്‍ന്ന ടീമുകളില്‍ ഒന്നാണ്. ഇത്തവണ രണ്ടാം സീസണില്‍ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനായിരിക്കും കാലിക്കറ്റ് എഫ്.സി കളത്തിലിറങ്ങുക.
സെപ്റ്റംബര്‍ 25നാണ് സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം പതിപ്പിന് തുടക്കമാവുന്നത്. ഡിസംബര്‍ 15നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
ഇത്തവണ കാസര്‍ഗോഡ്, പാലക്കാട് എന്നീ പുതിയ ടീമുകള്‍ ടൂര്‍ണമെന്റിലേക്ക് കടന്നുവരുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നുവെങ്കിലും മൂന്നാം സീസണിലും ആറ് ടീമുകള്‍ മാത്രമായിരിക്കും കിരീടത്തിനായി മാറ്റുരക്കുക.
Content Highlight: Calicut FC retains coach Ever Damalda for the third season of the Super League Kerala