ഏതെങ്കിലും കാലം റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ വിനീഷ്യസ് ജൂനിയറിനൊപ്പം കളിക്കണമെന്ന മോഹം തുറന്നുപറഞ്ഞ് ബുണ്ടസ് ലീഗ സൂപ്പര്‍ ടീമായ ബയേര്‍ ലെവര്‍കൂസന്റെ നെതര്‍ലന്‍ഡ്‌സ് താരം ജെറമി ഫ്രിംപോങ്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. റയല്‍ മാഡ്രിഡ് ഫ്രാന്‍സാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

‘എന്നെങ്കിലും വിനീഷ്യസ് ജൂനിയറിന്റെ സഹതാരമാകാന്‍ താത്പര്യം ഉണ്ടോ എന്നോ? ഉറപ്പായും, ഞാനത് ചെയ്യും. അദ്ദേഹം വളരെ മികച്ച താരമാണ്. ആര്‍ക്കറിയാന്‍ സാധിക്കും, ഒരുപക്ഷേ ഏതെങ്കിലും കാലം അത് നടന്നേക്കാം,’ ഫ്രിംപോങ് പറഞ്ഞു.

 

 

2021ലാണ് ഫ്രിംപോങ് ബയേര്‍ ലെവര്‍കൂസനിലെത്തുന്നത്. അന്ന് മുതല്‍ ടീമിന് വേണ്ടി കളിച്ച 97 മത്സരത്തില്‍ നിന്നും 13 ഗോളും 21 അസിസ്റ്റുമാണ് ഡച്ച് സൂപ്പര്‍ താരം നേടിയത്. പുതിയ സീസണിലും താരം മികച്ച ഫോമില്‍ തന്നെയാണ് പന്ത് തട്ടുന്നത്. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്.

ഇതാദ്യമായല്ല ഫ്രിംപോങ് വിനീഷ്യസിനെ കുറിച്ച് വാചാലനാകുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നല്‍കിയ മറ്റൊരു അഭിമുഖത്തിലും ഫ്രിംപോങ് വിനീഷ്യസിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.

‘വിനീഷ്യസിനെ റയല്‍ മാഡ്രിഡില്‍ കാണുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. പന്ത് കാലില്‍ കിട്ടുമ്പോഴെല്ലാം തന്നെ അദ്ദേഹം വളരെ ശാന്തനാണ്, വളരെ സമര്‍ത്ഥനുമാണ്. പന്ത് കാലില്‍ കിട്ടുമ്പോഴൊന്നും തന്നെ അദ്ദേഹം പരിഭ്രാന്തനാകാറില്ല.

അദ്ദേഹം വളരെ ഫ്രീ ആയാണ് കളിക്കുന്നത്. ഞാന്‍ പറയുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ? എനിക്ക് ഇതുപോലുള്ള കാര്യങ്ങള്‍ ഏറെ ഇഷ്ടമാണ്. എപ്പോഴെങ്കിലും കാലില്‍ നിന്നും പന്ത് നഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അത് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു,’ ഫ്രിംപോങ് പറഞ്ഞു.

വിനിയുടെ സഹതാരമാകാന്‍ ആഗ്രഹിക്കുന്ന ഫ്രിംപോങ് ഒരിക്കല്‍പ്പോലും റയല്‍ താരത്തിനെതിരെയും കളിച്ചിട്ടില്ല. റയല്‍ – ലെവര്‍കൂസന്‍ മത്സരം വരുമ്പോള്‍ ലെഫ്റ്റ് വിങ്ങറെ പൂട്ടാനുള്ള ചുമതല റൈറ്റ് ബാക്കായ ഫ്രിംപോങ്ങിന് തന്നെ ആയിരിക്കും.

 

അതേസമയം, ബുണ്ടസ് ലീഗയിലെ ആദ്യ മത്സരം വിജയിച്ച ലെവര്‍കൂസന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ആര്‍.ബി ലീപ്‌സീഗിനെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ലെവര്‍കൂസന്റെ വിജയം.

ഓഗസ്റ്റ് 26നാണ് ലെവര്‍കൂസന്റെ അടുത്ത മത്സരം. ബൊറൂസിയ മൊന്‍ചന്‍ഗ്ലാഡ്ബാക്കാണ് എതിരാളികള്‍.

 

 

Content Highlight: Bundesliga star admits to wanting to be Real Madrid star Vinicius Jr’s teammate