ലോക ക്രിക്കറ്റില്‍ മികച്ച പുള്‍ ഷോട്ട് കളിക്കുന്നത് അവര്‍ രണ്ട് പേരുമാണ്: ബ്രെറ്റ് ലീ
Cricket
ലോക ക്രിക്കറ്റില്‍ മികച്ച പുള്‍ ഷോട്ട് കളിക്കുന്നത് അവര്‍ രണ്ട് പേരുമാണ്: ബ്രെറ്റ് ലീ
സുദേവ് എ
Sunday, 9th August 2026, 1:20 pm

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. രോഹിത് ശര്‍മയുടെ ബാറ്റിങ് കാണുന്നത് ഏറെ ഇഷ്ടമാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. രോഹിത്തിന്റെ പുള്‍ ഷോട്ടിനെക്കുറിച്ചും ബ്രെറ്റ്‌ലീ സംസാരിച്ചു. ബീര്‍ബൈസെപ്സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രോഹിത് ശര്‍മയുടെ ബാറ്റിങ് കാണുന്നത് എനിക്ക് എന്നും പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ലോക ക്രിക്കറ്റില്‍ മികച്ച പുള്‍ ഷോട്ട് കളിക്കുന്നത് റിക്കി പോണ്ടിങ്ങുമാണ്,’ ബ്രെറ്റ് ലീ പറഞ്ഞു.

2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് രോഹിത്തിന്റെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ലോര്‍ഡ്സില്‍ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബറിലാണ് ഇന്ത്യ അടുത്ത ഏകദിന പരമ്പര കളിക്കുക. തിരുവനന്തപുരമടക്കം വേദിയാകുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കരിബീയിന്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. ഈ പരമ്പരയില്‍ രോഹിത് വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയണിയും.

അതേസമയം 2027 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന മത്സരങ്ങള്‍ ഇന്ത്യക്ക് തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള വലിയ അവസരമാണ് നല്‍കുന്നത്. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.

 

Content Highlight: Brett Lee praise former Indian captain Rohit Sharma

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.