ന്യൂദല്‍ഹി: തന്നെ പ്രശസ്തനാക്കുന്നതില്‍ റിപബ്ലിക് ടി.വി ചാനലിലെ അര്‍ണബ് ഗോസ്വാമി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ഒദ്യോഗിക വക്താവ് സംപിത് പത്ര. അര്‍ണബിന്റെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് താന്‍ വലിയ ബഹുമതിയായി കാണുന്നുവെന്നും ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പത്ര പറയുന്നു.
‘ടി.വി ചാനലുകള്‍ക്ക് ഇന്നെന്നെ ഇഷ്ടമാണെങ്കില്‍ അതില്‍ അര്‍ണബ് ഗോസ്വാമി വലിയ പങ്കു വഹിച്ചിട്ടുണ്ട്. അര്‍ണബിന്റെ ചര്‍ച്ചകളില്‍ ഞാന്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. അതെത്ര വലിയ ബഹുമതിയായിരുന്നെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു’- പത്ര പറഞ്ഞതായി ജനതാകാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പുരിയില്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രകടനമാണ് പത്ര നടത്തി വരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒഡീഷയിലെ വീട്ടില്‍ നിന്നും വിറകടുപ്പില്‍ നിന്ന് ഭക്ഷണമുണ്ടാക്കി കഴിക്കുന്ന വീഡിയോ പത്ര പുറത്തു വിട്ടത് വലിയ പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്ന ഉജ്ജ്വല്‍ യോജന എന്ന മോദി സര്‍ക്കാറിന്റെ ഏറെ ആഘോഷിക്കപ്പെട്ട പദ്ധതിയുടെ പരാജയത്തിന്റെ തെളിവാണ് പത്ര പുറത്തു വിട്ടിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനു പിന്നാലെ പത്ര ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നും, മോദിയുടെ കള്ളങ്ങള്‍ ഇതു പോലെ ഒരോന്നായി പൊളിച്ചു കാണിക്കണമെന്നും ബെഗുസരായിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ പറഞ്ഞിരുന്നു.
പുരിയിലെ ഒരു വസതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു സംപിത് പത്ര ഷെയര്‍ ചെയ്തത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടിലെ ഓരോരുത്തര്‍ക്കായി ഭക്ഷണം വായില്‍വെച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
2016 ലായിരുന്നു മോദി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്നും ബി.ജെ.പി വക്താവ് തന്നെ അറിയാതെയാണെങ്കില്‍ പോലും അതിന് തെളിവ് നല്‍കിയെന്നും ട്വിറ്റിറില്‍ പരിഹാസമുയര്‍ന്നിരുന്നു.
