biju-ramesh

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും പാര്‍ട്ടിയുടെ കേരളത്തിലെ ചുമതല ഏറ്റെടുക്കണമെന്നും രണ്ടു വര്‍ഷം മുന്‍പ് തന്നെ  എഐഎഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതാണെന്ന് മദ്യവ്യവസായി ബിജു രമേശ്.

എന്നാല്‍ അത് ഉത്തരവാദിത്വമുള്ള ചുമതലയായതിനാല്‍ അന്ന് ഏറ്റെടുത്തില്ലെന്നും എന്നാല്‍ ഇപ്പോള്‍  മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ തന്നെ നിരന്തരം സമീപിക്കുകയായിരുന്നെന്നും ബിജു പറയുന്നു.

തമിഴ്‌നാട്ടിലെ ചില മന്ത്രിമാരും സംസാരിച്ചു. മത്സരിക്കാനില്ലെന്നും പാര്‍ട്ടില്‍ അംഗത്വം എടുക്കാമെന്ന് അവരെ അറിയിച്ചു. അല്ലാതെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് താല്‍പര്യം ഇല്ലായിരുന്നു.

എന്നാല്‍ അമ്മ (തമിഴിനാട് മുഖ്യമന്ത്രി ജയലളിത) മത്സരിക്കണമെന്ന് തന്നെ നിര്‍ബന്ധിച്ചുപറഞ്ഞു. എന്തു പ്രശ്‌നമുണ്ടായാലും അവര്‍ കൂടെ കാണുമെന്നാണ് തമിഴ്‌നാട്ടിലെ നേതാക്കള്‍ പറഞ്ഞത്.

കേരളത്തിലെ സ്ഥാനാര്‍ഥിയായി എന്റെ പേരുമാത്രമാണ് അമ്മ പറഞ്ഞത്. അമ്മ അത്രയും പറയുമ്പോള്‍ മത്സരിക്കുന്നില്ല എന്നു പറയാന്‍ തനിക്ക് കഴിയില്ലെന്നും ബിജു പറയുന്നു.

ഇനി മദ്യ ബിസിനസ് അവസാനിപ്പിക്കുകയാണ്. സാമൂഹ്യ സേവനമാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ ഉദ്ദേശിച്ചത്

ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമാണ്. അതില്‍ മാറ്റം വരണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാനാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ബിജു രമേശ് പറയുന്നു. മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.