biju-ramesh

കൊച്ചി: ബാറുടമ ബിജുരമേശിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിടം പൊളിക്കാന്‍ ഹൈകോടതി അനുമതി. തിരുവനന്തപുരത്തെ രാജധാനി കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പൊളിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ടാണ് ബിജു രമേശ് പുറമ്പോക്ക് ഭൂമിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതെന്ന് കണ്ടെത്തിയത്. രാജധാനി കെട്ടിടം അളന്നുതിട്ടപ്പെടുത്തി ഇന്നുതന്നെ പൊളിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ പ്രധാന ഭാഗത്തിന് കേടുപാടുകള്‍ വരുത്താതെയായിരിക്കണം കെട്ടിടം പൊളിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ഇത് പ്രതികാരനടപടിയാണെന്ന് ബിജു രമേശ് പ്രതികരിച്ചു. സര്‍ക്കാരിനെതിരെ താന്‍ പലതും വിളിച്ചു പറയുന്നതുകൊണ്ടാണിത്. കെട്ടിടം നില്‍ക്കുന്നത് പുറമ്പോക്കിലല്ല. ഇത് തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും അപ്പീല്‍ നല്‍കുമെന്നും ബിജു അറിയിച്ചു.

അഡ്വക്കേറ്റ് ജനറല്‍ കള്ളങ്ങള്‍ പറഞ്ഞാണ് തനിക്കെതിരെ കോടതിയില്‍ നിന്നും വിധി സമ്പാദിച്ചിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിക്കുയായിരുന്നു സര്‍ക്കാര്‍.

താന്‍ പുറമ്പോക്ക് ഭൂമിയില്‍ യാതൊരു നിര്‍മ്മാണങ്ങളും നടത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു.

ബിജുരമേശിന്റെ ഉടമസ്ഥതയില്‍ കിഴക്കേകോട്ടയിലുള്ള രാജധാനി കെട്ടിടം തെക്കനക്കര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നു ഓപ്പറേഷന്‍ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാജധാനി പൊളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്.

നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം തെക്കനംകര കനാല്‍ കൈയേറി നിര്‍മ്മിച്ച ഈ കെട്ടിടമാണെന്ന് ഓപ്പറേഷന്‍ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെ രാജധാനി ബില്‍ഡിങ്‌സ് പൊളിക്കണമെന്ന് ജില്ലാഭരണകൂടവും ആവശ്യപ്പെടുകയായിരുന്നു.

കെട്ടിടം പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ സംഘം നടത്തിയ പരിശോധനയില്‍ ബിജു രമേശിനെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന ഭാഗത്ത് നിര്‍മിച്ച കെട്ടിടം  ലംഘിച്ചതായി അഞ്ചുവര്‍ഷം മുമ്പ് കണ്ടെത്തിയത്. ഇതില്‍ ചട്ടവിരുദ്ധമായ ഭാഗങ്ങള്‍ പൊളിക്കാന്‍ അന്നു തന്നെ  സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും അന്ന് അത് നടന്നിരുന്നില്ല.