പട്‌ന: ബീഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട ജനങ്ങളെ അണിനിരത്തി ഒക്ടോബർ ഒന്നിന് പട്‌നയിൽ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുമെന്ന് സി.പി.ഐ (എം.എൽ).
പത്തിലേറെ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാർ ഇതിൽ പങ്കെടുക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ അറിയിച്ചു.
ജീവനോടെയിരിക്കുന്ന വോട്ടർമാരെ മരിച്ചതായി രേഖപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും, ഇത്തരക്കാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിഷ്കരണ നടപടികൾ സുതാര്യമായിരുന്നുവെന്ന ബി.ജെ.പിയുടെയും സർക്കാരിന്റെയും വാദങ്ങളെ തള്ളിയ ഭട്ടാചാര്യ, കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ ഭരണകക്ഷിയെ വെല്ലുവിളിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു. കമ്മീഷണർമാരുടെ നിയമന രീതി പുനപരിശോധിക്കണമെന്നും, എസ്.ഐ.ആർ പ്രക്രിയ അടിയന്തരമായി നിർത്തിവെച്ച് പട്ടിക പരിഷ്കരണത്തിന് ശേഷം തെരഞ്ഞെടുപ്പ് നടന്നയിടങ്ങളിൽ റീപോളിങ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദൽഹി ജന്തർ മന്തറിലെ പാർട്ടി പ്രതിഷേധത്തിന് അധികൃതർ അനുമതി നിഷേധിച്ചതായും പ്രവർത്തകരെ കിലോമീറ്ററുകൾ അകലെയുള്ള സ്റ്റേഷനുകളിൽ തടവിലിട്ടതായും അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിൽ തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് വരെ നീളുന്ന പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
‘ഞങ്ങൾ ഒരു നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഈ പ്രക്ഷോഭം ഗ്യാനേഷ് കുമാറിൽ തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് വരെ എത്തും,’ അദ്ദേഹം പറഞ്ഞു.
എന്നാൽ, ആക്ഷേപങ്ങളും തിരുത്തലുകളും സമർപ്പിക്കാൻ അവസരം നൽകി കൃത്യമായ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടർപട്ടിക പരിഷ്കരണം നടത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
Content Highlight:Bihar SIR Irregularities: CPI (ML) to Hold Public Hearing with Voters on October 1.
