ഓണം ഇങ്ങെത്താറായി, അപ്‌ഡേറ്റുകളൊക്കെ ഇറക്കിവിടാന്‍ സമയമായെന്ന് സിനിമാ പ്രേമികള്‍
Malayalam Cinema
ഓണം ഇങ്ങെത്താറായി, അപ്‌ഡേറ്റുകളൊക്കെ ഇറക്കിവിടാന്‍ സമയമായെന്ന് സിനിമാ പ്രേമികള്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 4th July 2026, 9:54 pm

നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവയ്ക്ക് അര്‍ഹിച്ച വിജയം സമ്മാനിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. പുതുമുഖ താരങ്ങളെന്നോ പുതുമുഖ സംവിധായകനെന്നോ നോക്കാതെ ഏപ്രിലില്‍ പുറത്തിറങ്ങിയ വാഴ 2വിന് ഇന്‍ഡസ്ട്രി ഹിറ്റ് നേടിക്കൊടുത്തത് ഇതിന് ഉത്തമ ഉദാഹരണമാണ്. മോളിവുഡില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഒരു സ്ത്രീയാണെന്നതും മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് സ്വപ്‌നതുല്യമായ കാര്യമാണ്.

ഇത്തരത്തില്‍ വലിയ ബിസിനസിനായിരുന്നു ഈ വര്‍ഷത്തെ ആദ്യ ആറ് മാസം സാക്ഷ്യം വഹിച്ചത്. ആയിരം കോടിയ്ക്കടുത്തായിരുന്നു മലയാളത്തിലെ സിനിമാ വ്യവസായം. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളാണ് നൂറും ഇരുനൂറും കോടി പിന്നിടുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസം നേടിയ വരുമാനമെല്ലാം ഒരു മാസത്തിനുള്ളില്‍ നേടാന്‍ കെല്‍പുള്ള ചിത്രങ്ങളാണ് ആഗസ്റ്റില്‍ മലയാളത്തില്‍ നിന്നും റിലീസിനൊരുങ്ങുന്നത്.

ഓണത്തിന് ക്ലാഷ് റിലീസായി മൂന്ന് ചിത്രങ്ങള്‍ വരാനിരിക്കുന്നതിന് പുറമെ പ്രതീക്ഷയേകുന്ന മറ്റ് പ്രൊജക്ടുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജിന്റെ ഖലീഫയും ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിമും നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റുമാണ് നിലവില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്. മൂന്ന് ചിത്രങ്ങള്‍ക്കും ഹൈപ്പുയര്‍ത്താന്‍ പ്രത്യേകം കാരണങ്ങളുണ്ടെന്നും കാണാം.

ഖലീഫ. Photo: Sony Music

വൈശാഖ് സംവിധാനം ചെയ്ത് ആഗസ്റ്റ് 20ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഖലീഫ ഔട്ട് ആന്‍ഡ് ഔട്ട് മാസ് ചിത്രമെന്നതിലുപരി മോഹന്‍ലാലിന്റെ കാമിയോ റോളുണ്ടെന്ന കാരണത്താല്‍ ഇതിനോടകം പലരുടെയും വെയിറ്റിങ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ കിങ് ഓഫ് കൊത്തയ്‌ക്കേറ്റ പരാജയത്തിന് ശേഷം നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഐ ആം ഗെയിമുമായി ദുല്‍ഖര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്നതും ഐ ആം ഗെയിമിന്റെ മാര്‍ക്കറ്റുയര്‍ത്തുന്നു.

മറുവശത്ത് പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രമെന്നതും മലയാളത്തിലെ ടോപ് എന്റര്‍ടെയിനര്‍ നിവിന്‍ പോളി സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ മമിത ബൈജുവിനൊപ്പം ഒന്നിക്കുന്നു എന്ന ഫാക്ടറും ബത്‌ലഹേം കുടുംബ യൂണിറ്റിനെ സ്‌പെഷ്യലാക്കുന്നു. ഇതിന് പുറമെ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം , കുഞ്ചാക്കോ ബോബന്റെ ഉന്മാദം, യഷിന്റെ ടോക്‌സിക്ക്, സൂര്യയുടെ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളും ആഗസ്റ്റ് റിലീസാണ്.

ഐ ആം ഗെയിo. Photo: X.com

എന്നാല്‍ ഈ ചിത്രങ്ങളുടെയൊന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടാത്തതിന്റെ നിരാശയിലാണ് സിനിമാ പ്രേമികള്‍. റിലീസിന് ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ചിത്രങ്ങളുടെ ടീസറുകള്‍ പുറത്ത് വിടണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ ക്ലാഷിനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇത് ഒരുപാട് ഗുണം ചെയ്യുമെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Big movies to release on August in Mollywood

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.