ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററിന് ശേഷം ഒ.ടി.ടി.യില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രശംസയുമായാണ് ചിത്രം മുന്നേറുന്നത്. ഒ.ടി.ടി.യിലും പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു കഴിഞ്ഞു. കഥാപാത്രങ്ങളെ പറ്റിയുള്ള വേറിട്ട കാഴ്ചപ്പാടുകളും പ്രതികരണങ്ങളും ഒപ്പം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലെ സിനിമാറ്റോഗ്രഫി ചെയ്തത് അജ്മല്‍ സാബു ആണ്.

മലയാള സിനിമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സിനിമറ്റോഗ്രാഫറും ഫിലിം എഡിറ്ററുമാണ് അജ്മല്‍ സാബു. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച ട്രെയിലര്‍ മാഷപ്പുകളിലൂടെയാണ് അജ്മല്‍ സാബു ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ ട്രെയിലര്‍ എഡിറ്റ് ചെയ്തതിലൂടെ അജ്മല്‍ സാബു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഗിരീഷ് എ.ഡിയുടെ പ്രേമലുവിലും സിനിമാറ്റോഗ്രഫി ചെയ്തത് അജ്മല്‍ സാബു ആണ്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

സിനിമയിലെ വിന്‍ഡോ സീന്‍ എടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു അതെടുത്തു കഴിഞ്ഞപ്പോള്‍ സന്തോഷമായെന്നും പറയുകയാണ് അജ്മല്‍. ക്ലബ് എഫ്.എമ്മിനു നല്‍കിയ അഭിമുഖത്തില്‍ വിന്‍ഡോ സീനുമായി ബന്ധപ്പെട്ടിട്ടുള്ള അനുഭവം പങ്കു വയ്ക്കുകയായിരുന്നു അജ്മല്‍.

‘എനിക്ക് ബെത്ലഹേമിലെ വളരെ ഇഷ്ടപെട്ട ഷോട്ടുകളിലൊന്നാണിത്. ജനലിനകത്തു നിന്നും നിവിന്‍ ചേട്ടനെ കാണണമെങ്കില്‍ കുറച്ചധികം ലൈറ്റ്സ് വേണമായിരുന്നു. നിവിന്‍ ചേട്ടന്‍ നില്‍ക്കുന്നതിന്റെ ടോപ്പിലായിട്ട് അത്യാവശ്യം കുറച്ചു ലൈറ്റ്സ് വച്ചിരുന്നു. കുറെ ലൈറ്റ്സിന്റെ ഇടയിലാണ് നിവിന്‍ ചേട്ടന്‍ നിന്നത്. അങ്ങനെ ലൈറ്റ്സ് വച്ച് എടുത്താല്‍ മാത്രമേ ആ റിഫ്‌ളക്ഷന്റെ ഷോട്ടില്‍ നിവിന്‍ ചേട്ടനെയും മമിതയെയും കിട്ടുമായിരുന്നുള്ളൂ.

പുറത്തു നിന്നും വരുന്ന ലൈറ്റ് ആയിട്ട് അത് തോന്നിപ്പിക്കുകയും വേണം. കൂടാതെ ക്യാമറ വിന്‍ഡോയുടെ മുന്‍പിലാണ് ഇരിക്കുന്നത്. അവിടെയും ക്യാമറയുടെ റിഫ്ളക്ഷന്‍ വരാന്‍ സാധ്യത ഉണ്ട്. അത് കാണാനും പാടില്ലായിരുന്നു. ഒരു ആംഗിളില്‍ വച്ചാലേ അത് കാണാതിരിക്കുകയുള്ളൂ. ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയായി.’ അജ്മല്‍ പറഞ്ഞു.

ആ ഷോട്ട് സിനിമയിലെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഷോട്ടായതുകൊണ്ട് കൂടുതല്‍ വര്‍ക്ക് ചെയ്തെങ്കിലും അത് വെര്‍ത്ത് ആവുമെന്ന് അറിയാമായിരുന്നെന്നും സിനിമയുടെ മുഴുവന്‍ കഥ തന്നെ ആ ഷോട്ടിലുണ്ടെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ജിത്തു മാധവന്റെ സംവിധാനത്തില്‍ തമിഴ് നടന്‍ സൂര്യ നായകനാകുന്ന ‘സീന്‍’ എന്ന സിനിമയാണ് അജ്മല്‍ സാബുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ദീപാവലി റിലീസ് ആയി വരുന്ന സിനിമ നവംബറില്‍ തിയേറ്ററുകളില്‍ എത്തും.

Content Highlight: Bethlehem Kudumba Unit Editor Ajmal Sabu talks about window scene in the movie