ഒരു ഹാട്രിക്കും അഞ്ച് ഇരട്ടഗോളും ഉള്‍പ്പെടെ 15 ഗോള്‍; എതിരാളിയുടെ കൊട്ട നിറച്ച് ബയേണ്‍ മ്യൂണിക്ക്
Football
ഒരു ഹാട്രിക്കും അഞ്ച് ഇരട്ടഗോളും ഉള്‍പ്പെടെ 15 ഗോള്‍; എതിരാളിയുടെ കൊട്ട നിറച്ച് ബയേണ്‍ മ്യൂണിക്ക്
ശ്രീരാഗ് പാറക്കല്‍
Friday, 31st July 2026, 6:42 pm

ബുണ്ടസ് ലീഗയുടെ പുതിയ സീസണിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടന്ന പ്രീ-സീസണ്‍ സൗഹൃദ മത്സരത്തില്‍ എഫ്.സി റോട്ടാക്ക് എഗേണിനെതിരെ വമ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത 15 ഗോളിനാണ് ജര്‍മന്‍ വമ്പന്മാര്‍ എഗേണിനെ തകര്‍ത്തത്.

ഒരു ഹാട്രിക്കും അഞ്ച് താരങ്ങളുടെ ഇരട്ടഗോളും ഉള്‍പ്പെടെ 15 തവണയാണ് ബയേണ്‍ എതിരാളിയുടെ വല കുലുക്കിയത്. മത്സരം മുഴുവന്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ബയേണ്‍, ആദ്യ പകുതിയില്‍ തന്നെ ആറു ഗോളിന്റെ ലീഡ് നേടിയിരുന്നു.

എട്ടാം മിനിട്ടില്‍ അലക്‌സാണ്ടര്‍ പവ്‌ലോവിച്ചാണ് ബയേണിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ഒമ്പതാം മിനിട്ടില്‍ അറീജോണ്‍ ഇബ്രാഹിമോവിച്ചും 10-ാം, 13-ാം മിനിട്ടുകളില്‍ ഫെലിപ് ഷാവേസും ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ (45+3) ഇബ്രാഹിമോവിച്ച് തന്റെ രണ്ടാം ഗോളും നേടിയപ്പോള്‍, അതേ സമയത്ത് മൈക്കോണ്‍ കാര്‍ഡോസോയും ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബയേണ്‍ 6-0ന് മുന്നിലായിരുന്നു.

രണ്ടാം പകുതിയിലും ബയേണിന്റെ ആക്രമണത്തിന് യാതൊരു കുറവുമുണ്ടായില്ല. 50ാം മിനിട്ടില്‍ കാര്‍ഡോസോ തന്റെ രണ്ടാം ഗോളും നേടി. പിന്നാലെ 51ാം മിനിട്ടിലും 59ാം മിനിട്ടിലും അര്‍മിന്‍ഡോ സീബ് ഇരട്ടഗോള്‍ നേടി. 56ാം മിനിട്ടില്‍ ജോവോ പലിഞ്ഞയും സ്‌കോര്‍ഷീറ്റില്‍ ഇടംപിടിച്ചു.

66ാം മിനിട്ടിലും 67ാം മിനിട്ടിലും ബാസ്റ്റ്യന്‍ അസോമോ തുടര്‍ച്ചയായി രണ്ട് ഗോള്‍ നേടി ബയേണിന്റെ ഗോള്‍വേട്ടയ്ക്ക് കൂടുതല്‍ കരുത്തേകി. 86ാം മിനിട്ടില്‍ പവ്‌ലോവിച്ച് തന്റെ രണ്ടാം ഗോളും നേടിയപ്പോള്‍, 88ാം മിനിട്ടില്‍ ജോഷ്വ കിമ്മിച്ചിന്റെ ഗോളോടെ ബയേണ്‍ 15-0 എന്ന വമ്പന്‍ വിജയത്തിലെത്തി.

മത്സരത്തിലുടനീളം സാധ്യമായ രീതിയില്‍ പ്രതിരോധം തീര്‍ക്കാന്‍ റോട്ടാക്ക് എഗേണ്‍ ശ്രമിച്ചെങ്കിലും, ബയേണിന്റെ ആക്രമണവേഗത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

അതേസമയം ബുണ്ടസ് ലീഗയുടെ പുതിയ സീണ്‍ ഓഗസ്റ്റ് 29നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ബയേണ്‍ വി.എഫ്.ബി സ്റ്റുട്ട്ഗാര്‍ട്ടാണ്.

Content Highlight: Bayern Munich secured a massive victory against FC Rottach-Egern in a pre-season friendly match ahead of the new Bundesliga season

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ