അമ്മയുടെ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, വളരെ ഇഷ്ടപ്പെട്ടാണ് ചെയ്തത്: ഫർസാന പാലത്തിങ്കൽ
Malayalam Cinema
അമ്മയുടെ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, വളരെ ഇഷ്ടപ്പെട്ടാണ് ചെയ്തത്: ഫർസാന പാലത്തിങ്കൽ
കെ.എസ് ഷാബിന
Monday, 15th June 2026, 2:07 pm

‘മഞ്ഞുമ്മൽ ബോയ്‌സ്‌’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. ‘ആവേശം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ഈ സിനിമ, ഇതിനോടകം തന്നെ കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ പ്രദർശിപ്പിച്ചു കയ്യടി നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ട്രെയ്‌ലറിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടനം ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകിച്ച്, പുതുമുഖമായ നായികയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

ബാലൻ ദി ബോയ്.Photo;Screengrab

ഫർസാന പാലത്തിങ്കൽ എന്ന പുതുമുഖനടിയാണ് ചിത്രത്തിൽ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം മോഡലും പീഡിയാട്രിക് ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുമാണ് ഫർസാന. 2015 ല്‍ ഫെമിന മിസ് ഇന്ത്യയുടെ ക്യാമ്പസ് പ്രിന്‍സസ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഗോള ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലും ഫര്‍സാന അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ബാലൻ സിനിമയിലെ അമ്മയുടെ കഥാപാത്രമായുള്ള തന്റെ അഭിനയത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഫർസാന. അമ്മയുടെ കഥാപാത്രം ചെയ്യാൻ വളരെ എക്സൈറ്റഡ് ആയിരുന്നു എന്നും എന്നാൽ അതിലേറെ ആ കഥാപാത്രം തനിക്ക് വലിയ ഒരു ഉത്തരവാദിത്തം ആയിരുന്നു എന്നും ഫർസാന പറയുന്നു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ബാലൻ ദി ബോയ്..Photo;Screengrab

‘ഒരുപാട് പേരെ ഓഡിഷനിൽ നിന്ന് ഒഴിവാക്കി എന്നതിനെക്കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ കാഴ്ചപ്പാടിൽ, ഞാൻ ഒരു സിനിമയ്ക്കായി ഓഡിഷൻ നൽകി, അതൊരു നല്ല ടീം ആയിരുന്നു. അവരുടെ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞാൽ ഞാൻ ഹാപ്പിയാകും എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. നല്ലൊരു കഥയും അതിലേറെ മികച്ചൊരു ടീമും ആയതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം എനിക്കുണ്ടായിരുന്നു. അതിലുപരി അതൊരു വലിയ ഉത്തരവാദിത്തം കൂടിയായിരുന്നു. ആ കഥാപാത്രത്തോട് പൂർണമായി നീതി പുലർത്തണമെന്നുണ്ടായിരുന്നു.’ ഫർസാന പറയുന്നു.

അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല എന്നും മറിച്ച് താൻ ഏറെ എക്സൈറ്റഡ് ആയിരുന്നു എന്നും ഫർസാന പറഞ്ഞു. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നുവെങ്കിലും അത് നന്നായി ചെയ്യാൻ തനിക്ക് സാധിച്ചു എന്നും താരം കൂട്ടിച്ചേർത്തു.

‘ബാലൻ’ എന്ന ചിത്രത്തിലെ അമ്മയുടെ കഥാപാത്രം ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് ആ അമ്മയെ അത്രയധികം ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ആ കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾക്കുവേണ്ടി വാദിക്കുന്ന ഒരു അഡ്വക്കേറ്റിനെപ്പോലെയാണ് ഞാൻ ക്യാമറയ്ക്ക് മുന്നിലെത്തി പെർഫോം ചെയ്തത്.’ ഫർസാന പറയുന്നു.

Content Highlight: Balan’ actress Farsana Palathinkal shares her acting experience in the movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.