വില്ലന്‍ റോളുകളിലും സഹനടന്‍ റോളുകളിലും മാത്രം ഒതുങ്ങിനിന്ന, പിന്നീട് കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടനാണ് ബിജു മേനോന്‍. കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ വഴങ്ങുന്ന ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രമാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. കരിക്കിന്റെ ഇന്‍സോംനിയ നൈറ്റ്‌സ് സീരീസ് അണിയിച്ചൊരുക്കിയ തമ്പിയാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെയും സംവിധാനം.

ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമീപകാലത്ത് വന്നതില്‍ മികച്ച ചിത്രങ്ങളിലൊന്ന് എന്നാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സിനെ പലരും വിശേഷിപ്പിക്കുന്നത്. ഈയാഴ്ചയിലെ റിലീസുകളില്‍ മറ്റ് സിനിമകളെക്കാള്‍ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് 2.6 കോടിയാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സിന് കേരളത്തില്‍ നിന്ന് ലഭിച്ചത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ അഞ്ച് കോടിക്കുമുകളില്‍ ചിത്രം നേടിയെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിജു മേനോന്‍ സിനിമകള്‍ക്ക് മിനിമ ഗ്യാരണ്ടിയുണ്ടാകുമെന്ന് അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരിക്കല്‍കൂടി അടയാളപ്പെടുത്തുന്നു.

എറണാകുളം ചെല്ലാനത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. യാതൊരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്ന അവറാച്ചന്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ വേഷമിടുന്നത്. ഉത്തരവാദിത്തമില്ലാതെ നടക്കുന്ന അവറാച്ചനെ നന്നാക്കാന്‍ അയാളുടെ മക്കള്‍ ശ്രമിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

അവറാച്ചൻ ആൻഡ് സൺസ്. Photo. IMDb

ഗണപതി, ശ്രീനാഥ് ഭാസി എന്നിവരാണ് അവറാച്ചന്റെ മക്കളായി വേഷമിടുന്നത്. മകന്റെ ഭാര്യയുടെ വേഷത്തില്‍ അഖില ഭാര്‍ഗവനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വലിയ ട്വിസ്റ്റുകളും ബഹളങ്ങളുമില്ലാത്ത കൊച്ചു ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം ബിജു മേനോന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും അവറാച്ചന്‍ ആന്‍ഡ് സണ്‍സിനുണ്ട്.

വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, പോളി വത്സണ്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഈ വര്‍ഷത്തെ അടുത്ത ഹിറ്റായി അവറാച്ചന്‍ ആന്‍ഡ് സണ്‍സ് മാറുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Avarachan and Sons movie Kerala collection