ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയവുമായി കടുവകള്‍. മരാറ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിന്റെ വിജയമാണ് നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സംഘവും സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന്റെ രണ്ടാം ടെസ്റ്റ് വിജയവും ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ വിജയവുമാണ്.
പിന്നാലെയെത്തിയവരില്‍ സ്മിത് ഒഴികെ ആര്‍ക്കും തന്നെ ചെറുത്തുനില്‍ക്കാന്‍ സാധിക്കാതെ പോയതോടെ ബംഗ്ലാദേശ് കങ്കാരുക്കളെ 198ന് പുറത്താക്കി.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്താണ് ആതിഥേയരെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 109 പന്ത് നേരിട്ട താരം 71 റണ്‍സിന് മടങ്ങി.
ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് ആറ് വിക്കറ്റ് വീഴ്ത്തി. ഇതാദ്യമായാണ് ഒരു ബംഗ്ലാ താരം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഫൈഫര്‍ നേടുന്നത്. ജേക് വെതറാള്‍ഡ്, ട്രാവിസ് ഹെഡ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, സ്റ്റീവ് സ്മിത്, നഥാന്‍ ലിയോണ്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എദാബോദ് ഹൊസൈനും താസ്‌കിന്‍ അഹമ്മജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ലീഡ് നേടാനുറച്ച് ക്രീസിലെത്തിയ ബംഗ്ലാദേശിന് 20 റണ്‍സ് നേടിയ ഷദ്മന്‍ ഇസ്‌ലാമിനെ ഒമ്പതാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയവരെ ഒപ്പം കൂട്ടി തന്‍സിദ് ഹസന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
രണ്ടാം വിക്കറ്റില്‍ മോമിനുല്‍ ഹഖിനെ (95 പന്തില്‍ 49) ഒപ്പം കൂട്ടി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹസന്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാന്റോയ്‌ക്കൊപ്പം (126 പന്തില്‍ 84) 93 റണ്‍സും കൂട്ടിച്ചേര്‍ത്തു.
197 പന്ത് നേരിട്ട് 101 റണ്‍സുമായാണ് തന്‍സിദ് ഹസന്‍ മടങ്ങിയത്. എട്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഹെമ്ദി ഹസന്‍ മിറാസും (154 പന്തില്‍ 65), മുഷ്ഫിഖര്‍ റഹീമും (55 പന്തില്‍ 36) തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെ ബംഗ്ലാദേശ് 426 റണ്‍സിലെത്തി.
കങ്കാരുക്കള്‍ക്കായി ജോഷ് ഹെയ്‌സല്‍വുഡ് ആറ് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
228 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിനേക്കാള്‍ മികച്ച രീതിയില്‍ ചെറുത്തുനിന്നെങ്കിലും കാമറൂണ്‍ ഗ്രീന്‍ ഒഴികെയുള്ള താരങ്ങളുടെ പ്രകടനം ശരാശരി മാത്രമായിരുന്നു.
201 പന്ത് നേരിട്ട 104 റണ്‍സുമായാണ് ഗ്രീന്‍ മടങ്ങിയത്. നാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Cameron Green holds fort for Australia with a fighting century in Darwin 💯
സ്റ്റീവ് സ്മിത് (88 പന്തില്‍ 44), മാര്‍നസ് ലബുഷാന്‍ (59 പന്തില്‍ 31) എന്നിവര്‍ മാത്രമാണ് ഗ്രീനിന് പുറമെ ഹോം ടീമിനായി ചെറുത്തുനില്‍ക്കാനെങ്കിലും ശ്രമിച്ചത്.
ഒടുവില്‍ ടീം 284ന് പുറത്തായി.
അഞ്ച് വിക്കറ്റുമായി തിളങ്ങിയ മെഹ്ദി ഹസന്‍ മിറാസാണ് രണ്ടാം ഇന്നിങ്‌സില്‍ കങ്കാരുക്കൂട്ടത്തെ ചുരുട്ടിക്കെട്ടിയത്. 33.1 ഓവറില്‍ 66 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ ടെന്‍ഫര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന ഹസന്‍ മഹ്മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓഗസ്റ്റ് 22നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രേറ്റ് ബാരിയര്‍ റീഫാണ് വേദി.
ഓസ്‌ട്രേലിയക്കെതിരെ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ബംഗ്ലദേശിന് സാധിച്ചിട്ടില്ല. അതിനുള്ള സുവര്‍ണാവസരമാണ് കടുവകള്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. രണ്ടാം മത്സരത്തില്‍ ഓസീസിനെ വിജയിക്കാന്‍ അനുവദിക്കിതിരുന്നാല്‍ മാത്രം മതി, ബംഗ്ലദേശിന് പരമ്പര സ്വന്തമാക്കാം.
Content highlight: AUS vs BAN: 1st Test: Bangladesh defeated Australia