crime1കണ്ണൂര്‍: പരിയാരത്ത് മണല്‍ മാഫിയ എസ്.ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരുക്കേറ്റ എസ്.ഐയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

പരിയാരം എസ്.ഐ. കെ.എന്‍ രാജനാണ് മണല്‍ മാഫിയയുടെ ആക്രമണത്തിന് ഇരയായത്. മണല്‍ കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ആക്രണമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം നടന്നത്. മണല്‍ കടത്തിയ ലോറി ബൈക്കില്‍ പിന്തുടരുകയായിരുന്നു എസ്.ഐ. ലോറിയേയും എസ്.ഐയേയും കാണാതായതോടെ പോലീസ് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പരിശോധനയ്ക്കായി മണല്‍ ലോറിയില്‍ കയറിയ എസ്.ഐയെ അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് കരുതുന്നത്.

ഇദ്ദേഹത്തെ പരിയാരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കോരംപീടിക ലത്തീഫ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളാണ് ലോറി ഓടിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.