ന്യൂദല്‍ഹി: സിഖ് വിരുദ്ധകലാപം തങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരമായ കൂട്ടക്കുരിതിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള ദല്‍ഹി ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ടാണ് ജെയ്റ്റ്‌ലി ഇങ്ങനെ പറഞ്ഞത്.
” ദല്‍ഹി ഹൈക്കോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. സാക്ഷികളായ ഞങ്ങളെപ്പോലുള്ളവരെ സംബന്ധിച്ച് അത് ഏറ്റവും ക്രൂരമായ കൂട്ടക്കുരുതിയാണ്.” എന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.
അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പലപ്പോഴും ഇത് മൂടിവെക്കാനാണ് ശ്രമിച്ചതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. അത്തരം മൂടിവെക്കല്‍ ശ്രമങ്ങള്‍ ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുകയാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പ്രതീകമായിരുന്നു സജ്ജന്‍ കുമാര്‍. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പാരമ്പ്ര്യം കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും തലയിലാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Also Read:പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്; റാഫേല്‍ കേസില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസിന്റെ പടനീക്കം
സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ സി.ബി.ഐയും ഇരകളുടെ കുടുംബവും നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി സജ്ജന്‍ കുമാറിനെ ശിക്ഷിച്ചത്.
എന്തൊക്കെ വെല്ലുവിളികളുണ്ടായാലും സത്യം ജയിച്ചേ മതിയാവൂവെന്ന് ഇരകള്‍ക്ക് ഉറപ്പു നല്‍കേണ്ടത് പ്രധാനമാണെന്ന് കോടതി പറഞ്ഞിരുന്നു. ഡിസംബര്‍ 31ന് മുമ്പ് സജ്ജന്‍ കുമാറിനോട് കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കലാപ സമയത്ത് ദല്‍ഹി കന്റോണ്‍മെന്റിലെ രാജ് നഗര്‍ മേഖലയില്‍ ഒരേ കുടുംബത്തില്‍പ്പെട്ട അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. കെഹര്‍ സിങ്, ഗുര്‍പ്രീത് സിങ്, രഘുവേന്ദ്ര സിങ്, നരേന്ദ്രപാല്‍ സിങ്, കുല്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
2013ലാണ് സജ്ജന്‍ കുമാറിനെ കേസില്‍ നിന്നും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്. സജ്ജനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍ക്ക് ശിക്ഷവിധിക്കുകയും ചെയ്തിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വിചാരണക്കോടതി കുമാറിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ കൊല്ലപ്പെട്ട സിഖുകാരുടെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു.
