തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെയ്ന്‍വില്ല. കുഞ്ചാക്കോ ബോബന്‍-ജ്യോതിര്‍മയി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങളിലെല്ലാം ആര്‍ട്ട് ഡയറക്ടറായിട്ടുള്ള ജോസഫ് നെല്ലിക്കല്‍ തന്നെയാണ് ബോഗെയ്ന്‍വില്ലയുടെ ലോകവും ഒരുക്കിയിരിക്കുന്നത്.

തന്റെയും അമല്‍ നീരദിന്റെയും അടുത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോസഫ് നെല്ലിക്കല്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താന്‍ ഇനി വര്‍ക്ക് ചെയ്യാന്‍ പോകുന്നതെന്നും മലയാളികള്‍ക്ക് എല്ലാം സന്തോഷം തരുന്ന വലിയ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രമാണ് അതെന്നും ജോസഫ് പറഞ്ഞു. അതിനെക്കുറിച്ചുള്ള ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് അധികം വൈകാതെ വരുമെന്നും അതിന് ശേഷം ഷൂട്ട് തുടങ്ങുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

ബിലാലിന്റെ അപ്‌ഡേറ്റ് എന്തായി എന്ന ചോദ്യത്തിനും ജോസഫ് മറുപടി നല്‍കി. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയിട്ടില്ലെന്നും അമല്‍ നീരദ് അതിന്റെ പണിപ്പുരയിലാണെന്നും ജോസഫ് പറഞ്ഞു. ചിത്രത്തിന്‍ഡറെ വണ്‍ലൈന്‍ പോലും അമല്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും അധികം വൈകാതെ ആ ചിത്രത്തിലേക്ക് കടക്കുമെന്നും ജോസഫ് നെല്ലിക്കല്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജോസഫ് നെല്ലിക്കല്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഇനി വര്‍ക്ക് ചെയ്യാന്‍ പോകുന്നത് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ഗംഭീര ചിത്രമാണ്. ആ സിനിമയില്‍ ആരൊക്കെ ഉണ്ട് എന്നുള്ളതൊക്കെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വന്നാല്‍ മാത്രമേ പറയാന്‍ കഴിയൂ. എല്ലാ മലയാളികള്‍ക്കും ഒരുപോലെ സന്തോഷം തരാന്‍ സാധ്യതയുള്ള അനൗണ്‍സ്‌മെന്റായിരിക്കും അത്. ഈയടുത്ത് തന്നെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും.

അമല്‍ നീരദിന്റെ അടുത്ത പ്രൊജക്ട് ഏതാണെന്ന് ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് നടത്തിയിട്ടില്ല. എല്ലാവരും കാത്തിരിക്കുന്നത് ബിലാലിന് വേണ്ടിയാണ്. ഷൂട്ട് ഒന്നും തുടങ്ങിയിട്ടില്ല. ആ പടത്തിന്റെ പണിപ്പുരയിലാണെന്ന് മാത്രം അമല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. സ്‌ക്രിപ്‌റ്റോ വണ്‍ ലൈനോ ഒന്നും പറഞ്ഞിട്ടില്ല .അധികം വൈകാതെ ആ സിനിമയും തുടങ്ങുമെന്നാണ് കരുതുന്നത്,’ ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

Content Highlight: Art Director Joseph Nellikkal says Amal Neerad is working on Bilal movie