12 വർഷം എ.ആർ. റഹ്‌മാന് മെസേജ് അയച്ചു, ഒടുവിൽ സ്വപ്നം യാഥാർഥ്യമായെന്ന് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് പിന്നണി ഗായികയായും സംഗീതസംവിധായികയായും ഗാനരചയിതാവായും താരം ശ്രദ്ധ നേടി.
ജൂൺ, സൂഫിയും സുജാതയും തുടങ്ങി നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അമൃത, സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനൊപ്പം പ്രവർത്തിക്കണമെന്ന തന്റെ വലിയ സ്വപ്നം എങ്ങനെ യാഥാർഥ്യമായെന്ന അനുഭവമാണ് ഇപ്പോൾ പങ്കുവെക്കുന്നത്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘പാട്ട് കേട്ടുതുടങ്ങിയ കാലം മുതൽ എ.ആർ. റഹ്‌മാന്റെ പാട്ടുകളാണ് ഞാൻ കൂടുതലും കേൾക്കാറുള്ളത്. ഞാൻ ഏറ്റവും കൂടുതൽ പാടാറുള്ളതും അദ്ദേഹത്തിന്റെ പാട്ടുകളാണ്. അതുകൊണ്ടുതന്നെ റഹ്‌മാൻ സാറിനൊപ്പം ഒരിക്കൽ വർക്ക് ചെയ്യണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിപ്പെടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇൻസ്റ്റഗ്രാം തുടങ്ങിയ കാലം മുതൽ ഞാൻ അദ്ദേഹത്തിന് നിരന്തരം മെസേജുകൾ അയക്കാറുണ്ടായിരുന്നു. ഞാൻ പാടിയ പാട്ടുകൾ അയച്ചുകൊടുത്തും, ഇന്ന് പാടിയത് ഇതാണ്, ഇന്നലെ പാടിയത് ഇതാണ് എന്നൊക്കെ പറഞ്ഞുമായിരുന്നു ആ മെസേജുകൾ. എന്നാൽ അദ്ദേഹം അത് കാണാറില്ലായിരുന്നു. ദിവസവും ഒരുപാട് മെസേജുകൾ ലഭിക്കുന്ന ആളായതുകൊണ്ടും തിരക്കുകൾ ഉള്ളതുകൊണ്ടും അതൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും ഗായിക പറഞ്ഞു.
‘ഏകദേശം 12 വർഷത്തോളം ഞാൻ അദ്ദേഹത്തിന് മെസേജുകൾ അയച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിവസം പെട്ടെന്ന് അദ്ദേഹം എന്റെ മെസേജ് കണ്ടു. അത് എനിക്ക് വലിയൊരു ഷോക്കായിരുന്നു. ഏറ്റവും ആദ്യത്തെ മെസേജ് മുതൽ അദ്ദേഹം വായിച്ചിരുന്നു. വായിക്കുക മാത്രമല്ല, ഞാൻ അയച്ചുകൊടുത്ത പാട്ടുകളിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവയ്ക്ക് ലൈക്കും ചെയ്തിരുന്നു. ഞാൻ പാടിയ മുൻപേ വാ എന്ന പാട്ട് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് ചില സംഗീത പരിപാടികളിൽ അദ്ദേഹത്തെ നേരിൽ കാണാൻ അവസരം ലഭിച്ചതും, പതിയെ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിലേക്ക് എത്തിപ്പെട്ടതും.
എന്റെ ശബ്ദത്തിന് അനുയോജ്യമായ മെലഡി ഗാനങ്ങളാണ് ഞാൻ കൂടുതലായും അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനുവേണ്ടിയാണ് ആദ്യമായി അദ്ദേഹത്തിനായി പാടാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ നിന്നാണ് വിളിച്ചത്. കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിലെ ശ്രുതി ഹാസൻ ആലപിച്ച ബ്രേക്ക്അപ്പ് ഡാ എന്ന പാട്ട് ഓഡിയോ ലോഞ്ചിനുവേണ്ടി പാടാൻ ആയിരുന്നു പറഞ്ഞത്. അത് എന്റെ സ്റ്റൈലിന് യോജിച്ച പാട്ടായിരുന്നില്ല. അതുകൊണ്ട് ആളുമാറിപ്പോയതാണോ എന്ന് ഞാൻ തമാശയായി ചോദിക്കുകയും ചെയ്തു. പിന്നീട് ആ പാട്ട് പഠിച്ച് അവതരിപ്പിക്കുകയായിരുന്നു എന്നും അമൃത കൂട്ടിച്ചേർത്തു.
സൗണ്ട് ചെക്കിങ് സമയത്ത് റഹ്‌മാൻ സാർ എല്ലാം ഒക്കെയല്ലേ എന്ന് ചോദിച്ചു. ആ പരിപാടിയിൽ എ.ആർ. റഹ്‌മാനും അനിരുദ്ധും ഉൾപ്പെടെ തമിഴ് സിനിമയിലെ പ്രമുഖരായ നിരവധി പേർ പങ്കെടുത്തിരുന്നു. അങ്ങനെയാണ് ആദ്യമായി റഹ്‌മാൻ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്. അന്ന് ഒരുപാട് പേടി ഉണ്ടായിരുന്നെങ്കിലും, അതിനേക്കാൾ കൂടുതൽ സന്തോഷമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം യാഥാർഥ്യമായ നിമിഷമായിരുന്നുവെന്നും അമൃത സുരേഷ് പറഞ്ഞു.