നീരജ് മാധവിന്റെ തിരക്കഥയിൽ ഗിരീഷ് മനോ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് ലവ കുശ. നീരജ് മാധവിനൊപ്പം അജു വർഗീസ്, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വൻ പരാജയമായി മാറി.

‘അടി കപ്യാരേ കൂട്ടമണി’, ‘ഒരു വടക്കൻ സെൽഫി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർ സ്വീകരിച്ച കൂട്ടുകെട്ടായിരുന്നു നീരജിന്റേയും അജു വർഗീസിന്റെയും. ഇരുവരുടെയും കെമിസ്ട്രി വലിയ വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും, ആ വിജയം ‘ലവ കുശ’യിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല.

ലവ കുശ:Photo:IMDB

ഇപ്പോഴിതാ, ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പ്ലൂട്ടോ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

‘അന്ന് തിയേറ്ററിൽ ചിത്രം വിജയിച്ചിരുന്നെങ്കിലും, റിവ്യൂവിങ് കമ്മ്യൂണിറ്റികൾക്കിടയിൽ വലിയ ചലനമൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ‘സിനിമയിലെ ഹ്യൂമറും അതിന്റെ മേക്കിങ് രീതിയും അന്നത്തെ കാലത്തിന് അൽപ്പം മുന്നേയുള്ളതായിരുന്നു എന്നാണ് അജുവേട്ടൻ (അജു വർഗീസ്) എന്നോട് പറയാറുള്ളത്. വ്യക്തിപരമായി പറഞ്ഞാൽ, ഞാൻ ഉദ്ദേശിച്ച രീതിയിൽ എഴുതിയെങ്കിലും ആ വിഷനിൽ പൂർണമായും പുറത്തുവന്ന ഒരു സിനിമയായിരുന്നില്ല അത്.

നീരജ് മാധവ്.Photo:Screengrab/Youtube

എന്നാൽ, ചിത്രത്തിലെ തമാശകളും പല രംഗങ്ങളും ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഇന്നുണ്ടെന്ന് ഈ അടുത്താണ് ഞാൻ മനസിലാക്കിയത്. സിനിമക്കൊരു രണ്ടാം ഭാഗം ഉണ്ടായാൽ അത് കാണാൻ ആഗ്രഹിക്കുന്ന ആളുകളുമുണ്ട്. സിനിമ വലിയ വിജയമായാൽ രണ്ടാം ഭാഗം ചെയ്യാം എന്ന കരുതലോടെ തന്നെയാണ് അത് ചെയ്തത്.

ആ ഒരു സാധ്യത ഇന്നും തള്ളിക്കളയാൻ കഴിയില്ല. ‘എടാ ഞാൻ മെലിയാം, നീ കഥ എഴുതി തുടങ്ങിക്കോ’ എന്നൊക്കെ അജുവേട്ടൻ ഇപ്പോഴും പറയാറുണ്ട്. എങ്കിലും കൃത്യമായ ഒരു ഐഡിയയിൽ ഞാൻ ഇതുവരെ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, വേണമെങ്കിൽ രണ്ടാം ഭാഗം സംഭവിക്കാം എന്ന് മാത്രമേ ഇപ്പോൾ പറയാൻ സാധിക്കൂ,’ നീരജ് മാധവ് പറഞ്ഞു.

Content Highlight:Aju Varghese told Neeraj Madhav to write a sequel to Lava Kusha