ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പരിചയസമ്പന്നരായ ഏഴോ എട്ടോ താരങ്ങളുണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ. യുവതാരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണെന്നും നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്നും രഹാനെ പറഞ്ഞു.
‘ടെസ്റ്റ് ക്രിക്കറ്റിനെ ആരാധകര്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പുതിയ താരങ്ങള്‍ ടീമിന്റെ ഭാഗമായി. എന്റെ അഭിപ്രായത്തില്‍ ഒരു മികച്ച ടെസ്റ്റ് ടീമില്‍ ഏഴോ എട്ടോ പരിചയസമ്പന്നരായ താരങ്ങളും രണ്ടോ മൂന്നോ യുവതാരങ്ങളും ഉണ്ടായിരിക്കണം. എന്നാല്‍ ഇപ്പോള്‍ ടീമിലുള്ള മിക്ക താരങ്ങളും പുതുമുഖങ്ങളാണ്.
ടെസ്റ്റ് ക്രിക്കറ്റിന് സീനിയര്‍ കളിക്കാരെയാണ് ആവശ്യം. സീനിയര്‍ കളിക്കാരെ നിങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഭയമുണ്ട്. സീനിയര്‍ കളിക്കാര്‍ ഒറ്റയടിക്ക് പുറത്തുപോകുന്നത് ഇന്ത്യന്‍ ടീമിനെ ബാധിച്ചു,’ അജിന്‍ക്യാ രഹാനെ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് അടുത്തിടെ വിരാമമിട്ടത്. രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്.
ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്നും 144 ഇന്നിങ്‌സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് അക്കൗണ്ടില്‍ ഉള്ളത്.
ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
അതേസമയം ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. മത്സരത്തിന് മുന്നോടിയായി സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പരിക്ക് മൂലം പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.
Content Highlight: Ajinkya Rahane Talking About Indian Test Cricket