ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയത് സഹോദരന്റെ കല്യാണമാണെന്ന് നടി അനുശ്രീ. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ നിമിഷമേതാണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

വീട്ടുകാര്‍ ആദ്യം ശ്രമിച്ചത് തന്റെ കല്യാണം നടത്താനാണെന്നും അതില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ വേണ്ടി തന്റെ നിര്‍ബന്ധപ്രകാരമാണ് സഹോദരന്റെ കല്യാണം നടത്തിയതെന്നും അനുശ്രീ പറഞ്ഞു. തന്റെ സ്വാര്‍ത്ഥതയാണ് കല്യാണത്തിന് മുന്‍കയ്യെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും എങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം അതാണെന്നും അനുശ്രീ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ലൈഫില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തന്നത് എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് എന്നും ഒരു ഉത്തരം മാത്രമാണുള്ളത്. അതൊരിക്കലും സിനിമയെന്നൊന്നും ഞാന്‍ പറയില്ല. മറിച്ച് എന്റെ ചേട്ടന്റെ കല്യാണമാണ്. കാരണം ആദ്യമവര്‍ എന്നെ കെട്ടിക്കാനാണ് നോക്കിയത്. പക്ഷെ അത് നടന്നില്ല, കാരണം ഞാന്‍ വീണില്ല.

അതായത് നാട്ടിലെ ഒരു രീതിയനുസരിച്ച് പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ടാണല്ലോ ആങ്ങളയുടെ കാര്യം നടത്തുക. അതുകൊണ്ട് തന്നെ കുറേനാള്‍ അവര്‍ എന്റെ പുറകെ നടന്നു. പക്ഷെ ഞാന്‍ നിര്‍ബന്ധത്തിനൊന്നും വഴങ്ങിയില്ല. പിന്നെ എന്റെ ഒരു നിര്‍ബന്ധമായിരുന്നു അണ്ണനെ കൊണ്ട് വേഗം കെട്ടിക്കണമെന്നത്.


അങ്ങനെ ചെയ്തില്ലെങ്കില്‍ എന്റെ കാര്യത്തിലൊരു തീരുമാനമാകുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉത്തരവാദിത്തമൊക്കെ ഏറ്റെടുത്ത് എല്ലാവരോടും പറയും, എന്റെ കാര്യം വെച്ച് നിങ്ങള്‍ അണ്ണന്റെ കല്യാണം താമസിപ്പിക്കരുതെ എന്ന്. ശരിക്കും പറഞ്ഞാല്‍ എന്റെ അച്ഛനേക്കാളും അമ്മയേക്കാളും ഉത്തരവാദിത്തം എനിക്കായിരുന്നു.

എന്റെ സ്വാര്‍ത്ഥതക്ക് വേണ്ടിയാണെങ്കിലും എറ്റവും കൂടുതല്‍ നടത്താന്‍ ശ്രമിച്ചതും പ്ലാന്‍ ചെയ്തതുമൊക്കെ അണ്ണന്റെ കല്യാണമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴും എനിക്ക് ഏറ്റവും സന്തോഷം തന്ന മൊമന്റ് ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം അണ്ണന്റെ കല്യാണം തന്നെയാണ്,’ അനുശ്രീ പറഞ്ഞു.

content highlight: actress anusree about her brothre’s marriage