മലയാള സിനിമ ഇൻഡസ്ട്രിയിൽ ഹേറ്റേഴ്‌സ് വളരെ കുറവുള്ള നടന്മാരിലൊരാളാണ് സൈജു കുറുപ്പ്. കരിയറിന്റെ തുടക്കത്തിൽ സൈജുവിന്റെ കഥാപാത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിൽക്കാലത്തായ് തന്റേതായ ഒരിടം മലയാള സിനിമയിൽ അടയാളപ്പെടുത്താൻ സൈജുവിന് കഴിഞ്ഞിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന സിനിമയിലെ അറക്കൽ അബു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ് താരം വ്യത്യസ്തത പുലർത്തുന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്.
സൈജുവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ എന്ന സിനിമയിലെ ജോർജ്. ആ കഥാപാത്രത്തിനൊരു സ്പിൻ ഓഫ് ചെയ്താലോയെന്ന് പറഞ്ഞ് രാഹുൽ വിളിച്ചിരുന്നുവെന്ന് പറയുകയാണ് സൈജു കുറുപ്പ്. ദി ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ഭൂതകാലത്തിലെ രംഗം.Photo.Screen Grab/Youtube.com
‘ഭ്രമയുഗം കഴിഞ്ഞ് ഒരു ദിവസം രാഹുൽ എന്നെ വിളിച്ചിട്ട് ചേട്ടാ നമുക്ക് ജോർജിന്റെ ഒരു സ്പിൻ ഓഫ് പ്ലാൻ ചെയ്താലോയെന്ന് ചോദിച്ചു. ഞാൻ ആവേശത്തിൽ ഉറപ്പായും ചെയ്യാമെന്ന് പറഞ്ഞു. ഈ ചിന്തയിൽ നിന്ന് അതൊരു കഥയാവണമല്ലോ അപ്പോൾ അതിന്റെയിടയിൽ ഡീയസ് ഇറയുടെ സാധ്യത കണ്ടതിനാലാവാം രാഹുൽ അതിൽ വർക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. അവനങ്ങനെയൊരു ഐഡിയ ഉണ്ടായിരുന്നു. അതുകൊണ്ടാവാം ഡീയസ് ഇറയിലേക്ക് എന്നെ വീണ്ടും കാസ്റ്റ് ചെയ്തത് ‘ സൈജു പറഞ്ഞു.
ഭ്രമയുഗത്തിൽ സിദ്ധാർഥ് ഭരതൻ ചെയ്‌ത കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും സൈജു കൂട്ടിച്ചേർത്തു. തനിക്ക് ഡേറ്റ്‌സ് ഇല്ലാത്തതിനാൽ അതിൽ അഭിനയിക്കാൻ സാധിച്ചില്ലായെന്നും അതുകൊണ്ട് നല്ലൊരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി.
രാഹുൽ സദാശിവൻ രചനയും സംവിധാനവും ചെയ്ത് 2022ൽ പുറത്തിറങ്ങിയ മികച്ച സൈക്കോളജിക്കൽ-ഹൊറർ ഴോണറിലുള്ള ചിത്രമാണ് ‘ഭൂതകാലം’. രേവതി, ഷെയിൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ് അഭിനയിച്ച ഈ ചിത്രത്തിൽ ഷെയിൻ നിഗത്തിന്റെ കഥാപാത്രം വിനുവിനെ ചികിൽസിക്കുന്ന സൈക്കാട്രിസ്റ്റായ ജോർജ് എന്ന കഥാപാത്രമായാണ് സൈജു വേഷമിട്ടിരുന്നത്.
Content Highlight: Actor Saiju Kurup reveals the reason for not acting in Bramayugam
