അടുത്തിടെ കുഞ്ഞൂഞ്ഞിന്റെ കുറച്ച് റീലുകള്‍ കണ്ടു, ഞാനും ജാസ്മിനും ഭാവനയും ചാക്കോച്ചനും ജയനുമൊക്കെയുള്ള ദിവസങ്ങള്‍ ഓര്‍ത്തു: പൃഥ്വിരാജ്
Movie Day
അടുത്തിടെ കുഞ്ഞൂഞ്ഞിന്റെ കുറച്ച് റീലുകള്‍ കണ്ടു, ഞാനും ജാസ്മിനും ഭാവനയും ചാക്കോച്ചനും ജയനുമൊക്കെയുള്ള ദിവസങ്ങള്‍ ഓര്‍ത്തു: പൃഥ്വിരാജ്
അക്ഷര
Friday, 26th June 2026, 11:52 am

നമ്മള്‍ കണ്ടുമറന്ന സിനിമകളും മികച്ച ചില കഥാപാത്രങ്ങളുമൊക്കെ സോഷ്യല്‍മീഡിയകളില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന രീതി ഇന്നുണ്ട്. ഓരോ ഇടവേളകളിലായി ഓരോ കഥാപാത്രങ്ങളും സിനിമകളുമൊക്കെയാണ് ഇത്തരത്തില്‍ ആഘോമാകാറ്.

സമീപകാലത്തായി സോഷ്യല്‍മീഡിയയില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില കഥാപാത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.

കലണ്ടര്‍, ഹീറോ, സ്വപ്‌നക്കൂട്, ചോക്ലേറ്റ് പോലുള്ള സിനിമകളിലെ ഇത്തരം റീലുകള്‍ വീണ്ടും കാണുമ്പോള്‍ എന്താണ് തോന്നാറുള്ളത് എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

 

ചില റീലുകളൊക്കെ താനും കാണാറുണ്ടെന്നും അതൊക്കെ ആസ്വദിക്കാറുണ്ടെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. അത്തരത്തില്‍ തന്റെ ഫീഡില്‍ വന്ന ഒരു കഥാപാത്രം സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞിന്റേതാണെന്നും പൃഥ്വി പറഞ്ഞു.

‘ ചിലതൊക്കെ കാണാറുണ്ട്. കാണുമ്പോള്‍ നല്ല രസം തോന്നും. നമ്മള്‍ പണ്ടപ്പോഴോ ചെയ്ത ഒരു സിനിമ. എല്ലാ ആക്ടേഴ്‌സിനും അങ്ങനെ ആണോ എന്നറിയില്ല. എനിക്കൊക്കെ ഇപ്പോള്‍ ഞാന്‍ പണ്ട് ചെയ്ത ഒരു സിനിമയുടെ ക്ലിപ്പ് കാണുമ്പോള്‍ അതിന്റെ ഷൂട്ടിങ് സമയമൊക്കെയാണ് ഓര്‍മ്മ വരിക.

നമ്മള്‍ ഷൂട്ടിനായി അവിടെ വന്നതും ഇന്ന ഇന്ന ആള്‍ക്കാരുടെ കൂടെ ഷൂട്ട് ചെയ്തതും അതിന്റെയൊക്കെ ഓര്‍മ്മകളുമൊക്കെയാണ് വരാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു പ്ലസന്റ് മെമ്മറി ആണ്.

ഇപ്പോള്‍ അടുത്തിടക്ക് സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞിന്റെ കുറച്ച് റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നു. ഞാന്‍ അത് കണ്ടിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അത് കാണുമ്പോള്‍ എന്റെ ഓര്‍മയില്‍ വന്നത് പണ്ട് പോണ്ടിച്ചേരിയില്‍ ചാക്കോച്ചനും ജയസൂര്യയും ഞാനും ജാസ്മിനും ഭാവനയും വിജീഷും ഫനീഫിക്കയും എല്ലാരും ഒരുമിച്ച് കുറെ നാള്‍ സ്‌പെന്‍ഡ് ചെയ്തതായിരുന്നു. ദാറ്റ് ഈസ് എ നൈസ് റെക്കോര്‍ഡ്,’ പൃഥ്വിരാജ് പറഞ്ഞു.

സംവിധായകന്‍ എന്ന നിലയില്‍ ഐ നോബഡിയില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘ഞാന്‍ ഒരു സംവിധായകന്‍ ആയതില്‍ പിന്നെ എന്റെ ഏറ്റവും വലിയ അച്ചീവ്‌മെന്റ് എന്ന് പറയുന്നത് നിവര്‍ത്തിയുണ്ടേല്‍ ആ പണി ചെയ്യാതിരിക്കണമെന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായി എന്നുള്ളതാണ്.

അതുകൊണ്ട് ഞാനിപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ ഒഴികെ ബാക്കി സിനിമകളില്‍ എനിക്ക് ആ ഏരിയ തന്നെ താല്പര്യമില്ല. എന്നോട് സംവിധായകന്‍ എന്ത് ചെയ്യാന്‍ പറയുന്നോ അത് ഞാന്‍ ചെയ്യും. എനിക്ക് അത്ര മതി,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj remember Swapnakkodu Movie