ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. സീനിയര്‍ സംവിധായകന്‍ ഭാരതിരാജ അന്തരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് തമിഴിലെ മറ്റൊരു സീനിയര്‍ സംവിധായകനായ ഭാഗ്യരാജിനെ സിനിമാ പ്രേമികള്‍ക്ക് നഷ്ടപ്പെടുന്നത്.

ഭാഗ്യരാജ്. Photo: Cinema Rumble

എഴുപത്തിയഞ്ചോളം ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച ഭാഗ്യരാജ് 25 ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതി കരിയര്‍ ആരംഭിച്ച ഭാഗ്യരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്തിരങ്ങളാണ്. 1983ല്‍ പുറത്തിറങ്ങിയ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഭാഗ്യരാജ് സ്വന്തമാക്കിയിരുന്നു. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത മുന്താണൈ മുടിച്ച് നടി ഉര്‍വശിയുടെ അരങ്ങേറ്റ ചിത്രം എന്ന നിലിയിലും ശ്രദ്ധേയമാണ്.

മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍, ഏയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ ചിത്രങ്ങളിലും ഭാഗ്യരാജ് വേഷമിട്ടിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂര്‍ണിമയാണ് ഭാര്യ. തമിഴ് നടനായ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.

Content Highlight: Actor Director K Bhagyaraj passed away