ആയിരക്കണക്കിന് പേരില്‍ നിന്ന് 25 പേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ ഓഡിഷന്‍ ക്യാമ്പില്‍ നിന്നാണ് നിവിന്‍ പോളിയെന്ന നടന്‍ ലയാള സിനിമയിലേക്ക് കടന്നെത്തുന്നത്.

ക്യാമ്പില്‍ നടന്ന ഒരു ഗ്രൂപ്പ് പെര്‍ഫോമന്‍സില്‍ ഒരു ഗംഭീര പ്രകടനത്തിന്റെ ശബ്ദം കേട്ട് അതാരാണെന്ന് അറിയാന്‍ ഓടിച്ചെന്ന ഓര്‍മ പങ്കുവെക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

തലപ്പാവ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജോസഫ് (വര്‍ഗീസ്) എന്ന കഥാപാത്രത്തെ അത്രയും കണ്‍വിന്‍സിങ്ങായി അവതരിപ്പിച്ച ആ പ്രകടനം നിവിന്‍ പോളിയുടേതായിരുന്നെന്നുംക്യാമ്പ് കഴിഞ്ഞ ശേഷം മലര്‍വാടിയിലെ പ്രകാശനെ താന്‍ കണ്ടെത്തിക്കഴിഞ്ഞെന്ന് വിനീത് തന്നോട് പറഞ്ഞെന്നും അജു ഓര്‍ത്തെടുത്തു. നിവിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ആ ഓര്‍മ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്.

ആലുവ-പെരുമ്പാവൂര്‍ റോഡിലെ ഒരു മെന്‍സ് ഹോസ്റ്റലിലായിരുന്നു ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി’ന്റെ ഓഡിഷന്‍ ക്യാമ്പ്. ആയിരക്കണക്കിന് എന്‍ട്രികളില്‍ നിന്ന് 25 പേരെയാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. ഇവര്‍ക്കായി മൂന്ന് ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചു.

25 പേരെ പിന്നീട് അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ദിവസവും ഒന്നോ രണ്ടോ സ്‌കിറ്റുകളോ ഗ്രൂപ്പ് സീനുകളോ തയ്യാറാക്കി വിനീത് ശ്രീനിവാസനും സംഘത്തിനും മുന്നില്‍ അവതരിപ്പിക്കണമായിരുന്നു. എനിക്കൊപ്പം നന്ദന്‍, സിജു, മനു, ഗോപന്‍ തുടങ്ങിയവരും ക്യാമ്പിലുണ്ടായിരുന്നു.

ഓഡിഷന്‍ നടക്കുന്നതിനിടെ തന്നെ ഭഗത് മാനുവലിനെ വിനീത് കാസ്റ്റ് ചെയ്തിരുന്നു. ക്യാമ്പോ ട്രെയിനിങ്ങോ ഒന്നും ഭഗതിന് ആവശ്യമായിരുന്നില്ലെന്നും അജു പറയുന്നു. ആ സമയത്ത് എം.ബി.എ പൂര്‍ത്തിയാക്കുന്നതിനായി ഭഗത് ലണ്ടനിലേക്ക് പോകുന്ന സാഹചര്യവുമുണ്ടായിരുന്നു.

ഒരു ഉച്ചകഴിഞ്ഞുള്ള സെഷനില്‍ ഒരു ഗ്രൂപ്പിന്റെ പ്രസന്റേഷന്‍ നടക്കുകയായിരുന്നു. എല്ലാവരും റിഹേഴ്സല്‍ ചെയ്യുന്നതിനിടെയാണ് ഒരു ഗംഭീര പെര്‍ഫോമന്‍സിന്റെ ശബ്ദം കേള്‍ക്കുന്നത്.

‘ഞാന്‍ ചെന്ന് നോക്കുമ്പോള്‍ തലപ്പാവില്‍ രാജു ചേട്ടന്‍ ചെയ്ത വര്‍ഗീസിന്റെ പെര്‍ഫോമന്‍സാണ് നടക്കുന്നത്. ഇയാള്‍ അത് കണ്‍വിന്‍സിങ്ങായി പെര്‍ഫോം ചെയ്യുന്നു. ആദ്യം ഇത് നിവിനാണെന്ന് മനസിലായില്ല. പിന്നെ നിവിനെ നമ്മള്‍ പ്രതീക്ഷിക്കുന്നുമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് നിവിനെ പരിചയമുണ്ട്. കലക്കന്‍ പെര്‍ഫോമന്‍സ് എന്ന് മനസില്‍ വിചാരിച്ചപ്പോഴാണ് എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്ന് തോന്നിയത്,’ അജു പറഞ്ഞു.

ഓഡിഷന്‍ ക്യാമ്പ് പൂര്‍ത്തിയായതിന് ശേഷം വിനീത് ശ്രീനിവാസനുമായി സംസാരിച്ചപ്പോഴാണ് അത് നിവിനാണെന്ന് മനസിലായത്. ‘നമുക്ക് പ്രകാശനെ കിട്ടിയെന്നാണ്’ വിനീത് പറഞ്ഞത്.

അന്ന് ഓഡിഷന്‍ ക്യാമ്പില്‍ കാലിന് വയ്യാതെ എത്തിയ ആ താടിക്കാരന്റെ പ്രകടനം പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ നടന്മാരില്‍ ഒരാളിലേക്കുള്ള തുടക്കമായി മാറുകയായിരുന്നു.

Content Highlight: Actor Aju Varghese about Nivin paulys First Audition