നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി മാത്രം ഇറങ്ങിയ ഇന്ത്യ അവനില്‍ വലിയ വിശ്വാസമാണ് അര്‍പ്പിച്ചത്: ആകാശ് ചോപ്ര
Cricket
നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി മാത്രം ഇറങ്ങിയ ഇന്ത്യ അവനില്‍ വലിയ വിശ്വാസമാണ് അര്‍പ്പിച്ചത്: ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Friday, 24th July 2026, 2:25 pm

സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. മാത്രമല്ല ഇന്ത്യയ്ക്ക് ആറാമത്തെ ബൗളര്‍ ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി മാത്രം ഇറങ്ങിയ ഇന്ത്യ ശിവം ദുബെയില്‍ വലിയ വിശ്വാസമാണ് അര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രിന്‍സ് യാദവ്, മായങ്ക് യാദവ്, അശോക് ശര്‍മ, രവി ബിഷ്ണോയ്. അഞ്ചാമത്തെ ബൗളര്‍ ആരായിരുന്നു? ശിവം ദുബെ. ആറാമത്തെ ബൗളര്‍? ആരുമില്ല. ആറാമത്തെ ബൗളര്‍ ഇല്ലാതെയാണ് ഇന്ത്യ കളിക്കാമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നതെന്ന് തോന്നുന്നു.

ശിവം ദുബെ നാല് ഓവറില്‍ വെറും 32 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇപ്പോള്‍ അദ്ദേഹം എറിയുന്ന ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടുന്നതും പതിവായി മാറിയിരിക്കുകയാണ്. ഈ മത്സരത്തിലും ഡീപില്‍ ഒരു ക്യാച്ചിലൂടെ അദ്ദേഹത്തിന് വിക്കറ്റ് ലഭിച്ചു.

നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി മാത്രം ഇറങ്ങിയ ഇന്ത്യ ശിവം ദുബെയില്‍ വലിയ വിശ്വാസമാണ് അര്‍പ്പിക്കുന്നതെന്ന് വ്യക്തമാണ്. ദുബെയെ നാല് ഓവര്‍ മുഴുവന്‍ എറിയിപ്പിച്ചു, അത് വളരെ വലിയ കാര്യമാണ്,’ ആകാശ് ചോപ്ര നിരീക്ഷിച്ചു.

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.

ബൗളിങ്ങില്‍ ഇന്ത്യക്കായി മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിംബാബ്‌വേ ബാറ്റിങ് നിര തകരുകയായിരുന്നു.

Content Highlight: Aakash Chopra Talking About Indian Bowlers And Shivam Dube

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ