അഭിഷേകിനോ ഇഷാനോ പകരം അവന് അവസരം കൊടുക്കണം; സൂപ്പര്‍ താരത്തിന് പിന്തുണയുമായി ക്രിസ് ശ്രീകാന്ത്
Cricket
അഭിഷേകിനോ ഇഷാനോ പകരം അവന് അവസരം കൊടുക്കണം; സൂപ്പര്‍ താരത്തിന് പിന്തുണയുമായി ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Sunday, 26th July 2026, 11:46 am

സൂപ്പര്‍ താരം പ്രഭ്‌സിമ്രാന്‍ സിങ്ങിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സിംബാബ്‌വേയ്‌ക്കെതിരായ അവസാന മത്സരത്തിലെങ്കിലും പ്രഭ്‌സിമ്രാന്‍ സിങ്ങിനെ കളിപ്പിക്കണമെന്നാണ് ചോപ്ര പറഞ്ഞത്.

പ്രഭ്‌സിമ്രാന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും സ്‌ക്വാഡില്‍ തെരഞ്ഞെടുത്തിട്ടും താരത്തെ എന്തുകൊണ്ടാണ് കളിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല അഭിഷേക് ശര്‍മയ്‌ക്കോ ഇഷാന്‍ കിഷനോ പകരമായി പ്രഭ്‌സിമ്രനെ കളിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രഭ്‌സിമ്രാന്‍ സിങ്‌

‘പ്രഭ്‌സിമ്രന്‍ സിങ്ങിനെയും കളിപ്പിക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അവന്‍ എന്ത് തെറ്റാണ് ചെയ്തത്? നിങ്ങള്‍ പ്രഭ്‌സിമ്രന്‍ സിങ്ങിനെ ടീമില്‍ തെരഞ്ഞെടുത്തു. പക്ഷേ എപ്പോഴാണ് അവനെ കളിപ്പിക്കുകയെന്ന് ആര്‍ക്കും അറിയില്ല. പരമ്പര നിങ്ങള്‍ ഇതിനകം സ്വന്തമാക്കിയല്ലോ.

അതുകൊണ്ട് അഭിഷേക് ശര്‍മയ്ക്ക് പകരമായോ അല്ലെങ്കില്‍ ഇഷാന്‍ കിഷന് പകരമായോ പ്രഭ്‌സിമ്രനെ കളിപ്പിക്കാം. യഥാര്‍ത്ഥത്തില്‍ ഇഷാന് പകരം പ്രഭ്‌സിമ്രാനെ ഇറക്കാവുന്നതാണ്. അഭിഷേക്കിന് പകരം ഞാന്‍ അവനെ കളിപ്പിക്കില്ല.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ അവന്‍ റണ്‍സ് നേടിയിട്ടില്ല എന്നത് ശരിയാണ്. പക്ഷേ മൂന്നാം മത്സരത്തിലും അവനെ കളിപ്പിക്കണം. റണ്‍സ് കണ്ടെത്താന്‍ അവസരം നല്‍കണം. ആവശ്യമെങ്കില്‍ ഒരു ബൗളിഭ് ഓപ്ഷനെന്ന നിലയിലും അവനെ ഉപയോഗിക്കാം.

ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ

ഇഷാന് ഒരു വിശ്രമം നല്‍കൂ. പ്രഭ്‌സിമ്രന്‍ സിങ് അനായാസമായി വിക്കറ്റ് കീപ്പറുടെ ചുമതലയും നിര്‍വഹിക്കും. പ്രഭ്‌സിമ്രന് നല്‍കാവുന്ന മികച്ച അവസരമാണിത്,’ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് പ്രഭ്‌സിമ്രാന്‍. നിലവില്‍ 65 മത്സരങ്ങളിലെ 64 ഇന്നിങ്‌സില്‍ നിന്ന് 1815 റണ്‍സാണ് താരം നേടിയത്. 28.8 എന്ന ബാറ്റിങ് ആവറേജും 156.3 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ഐ.പി.എല്ലില്‍ ഒരു സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറിയും പ്രഭ്‌സിമ്രാന്‍ നേടിയിട്ടുണ്ട്. ഇതുവരെ താരം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല. 2026ലെ ഐ.പി.എല്ലില്‍ 14 മത്സരത്തില്‍ നിന്ന് 510 റണ്‍സാണ് താരം നേടിയത്. സിംബാബ്‌വേയ്‌ക്കെതിരായി നടക്കുന്ന അവസാമത്സരത്തില്‍ താരത്തിന് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം സിംബാബ് വേയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തില്‍ ഇഷാന്‍ കിഷന്‍ 81 റണ്‍സ് നേടി തിളങ്ങിയിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ഒരു റണ്ണിന് പുറത്തായ അഭിഷേക് രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സനും പുറത്തായിരുന്നു.

ഇന്ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് സിംബാബ്‌വേ ആശ്വാസ ജയമാവും ലക്ഷ്യമിടുക.

 

Content Highlight: Aakash Chopra Support Panjab Kings Star Player Prabhsimran Singh

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ