ഇന്ത്യന്‍ ടീമില്‍ അവന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്: ഡിവില്ലിയേഴ്‌സ്
Cricket
ഇന്ത്യന്‍ ടീമില്‍ അവന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്: ഡിവില്ലിയേഴ്‌സ്
സുദേവ് എ
Thursday, 30th July 2026, 8:46 am

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ സ്‌ക്വാഡില്‍ പുതുമുഖമായ സാരാന്‍ഷ് ജെയിനും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുന്ന താരം ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

ഇപ്പോള്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സാരാന്‍ഷ് ജെയിനെക്കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സ്. സാരാന്‍ഷ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് വിശ്വസിക്കാവുന്ന ഒരു ബൗളിങ് ഓപ്ഷനായി സാരാന്‍ഷിനെ ഉപയോഗപ്പെടുത്താമെന്നനും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറ്റവും വലിയ അത്ഭുതം സാരാന്‍ഷ് ജെയിനാണ്. അദ്ദേഹത്തിന് 33 വയസുണ്ട്. ഏറെക്കാലമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന താരമാണ് അദ്ദേഹം. ഒടുവില്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. വാഷിങ്ങ്ടണ്‍ സുന്ദറിനെ പോലെ അദ്ദേഹം വലംകൈ കൊണ്ട് ഓഫ് സ്പിന്‍ എറിയുകയും ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുകയും ചെയ്യുന്നു. അദ്ദേഹത്തിന് നല്ല ബൗളിങ് റെക്കോഡുകളുകളുമുണ്ട്. ശരാശരി 27ല്‍ കൂടുതലും സ്‌ട്രൈക്ക്‌റേറ്റ് ഏകദേശം 54 ആണ്.

മദ്യ ഓവറുകളില്‍ ഗില്ലിന് വിശ്വസിക്കാവുന്ന ഒരു ബൗളിങ് ഓപ്ഷനായി അദ്ദേഹം മാറും. ബാറ്റിങ്ങിലും അദ്ദേഹത്തിന് മികച്ച റെക്കോഡ് ഉണ്ട്. നിരവധി അര്‍ധ സെഞ്ച്വറികളും രണ്ട് സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഒരു ബാറ്റിങ് ഓള്‍ റൗണ്ടര്‍ ആയല്ല ബൗളിങ് ഓള്‍ റൗണ്ടറായാണ് കാണുന്നത്,’ എ.ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒരു അപൂര്‍വ റെക്കോഡും സാരാന്‍ഷിന് സ്വന്തമാക്കാന്‍ സാധിക്കും. 2000ന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമാകാനാണ് സാരാന്‍ഷിന് സാധിക്കുക.

നിലവില്‍ 33 വയസും 119 ദിവസവും സരന്‍ഷ് ജെയിനിന്റെ പ്രായം. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരിക്കേണ്ടിവന്നതോടെയാണ് സരാന്‍ഷിന് അവസരം ലഭിച്ചത്.

അതേസമയം അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യ ലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍.

 

Content Highlight: A.B De Villiers talks about Saransh Jain

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.