ഒപ്പിട്ടു നല്‍കിയ ജേഴ്‌സി സ്റ്റുവര്‍ട്ട് ബ്രോഡ് ചവറ്റുകുട്ടയിലെറിഞ്ഞു; നടപടി സ്വാഭാവികം, പരിഭവമില്ലെന്ന് യുവരാജ്
Sports News
ഒപ്പിട്ടു നല്‍കിയ ജേഴ്‌സി സ്റ്റുവര്‍ട്ട് ബ്രോഡ് ചവറ്റുകുട്ടയിലെറിഞ്ഞു; നടപടി സ്വാഭാവികം, പരിഭവമില്ലെന്ന് യുവരാജ്
ആദര്‍ശ് എം.കെ.
Friday, 10th April 2026, 1:24 pm

2007 ടി-20 ലോകകപ്പില്‍ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ അടിച്ചതിന് പിന്നാലെ താന്‍ ഒപ്പിട്ടു നല്‍കിയ ജേഴ്‌സി ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് ചവറ്റുകുട്ടയില്‍ എറിഞ്ഞതായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.

എന്നാല്‍ ബ്രോഡിന്റെ ഈ പ്രവര്‍ത്തിയില്‍ തനിക്ക് യാതൊരു പരിഭവവുമില്ലെന്നും അന്നത്തെ സാഹചര്യത്തില്‍ അത് തികച്ചും ‘സ്വാഭാവികമായ’ ഒന്നാണെന്നും യുവരാജ് പറഞ്ഞു.

മൈക്കല്‍ വോണുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് യുവരാജ് ഈ സംഭവം പങ്കുവെച്ചത്.

2007ലെ ആ മത്സരത്തിന് ശേഷം, സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവും അന്നത്തെ മാച്ച് റഫറിയുമായിരുന്ന ക്രിസ് ബ്രോഡ് ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ജേഴ്‌സി നല്‍കയിതെന്നും യുവരാജ് പറഞ്ഞു.

‘സ്റ്റുവര്‍ട്ട് ബ്രോഡിന്റെ അച്ഛനായ ക്രിസ് ബ്രോഡായിരുന്നു ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിന്റെ മാച്ച് റഫറി. അന്ന് എന്നെ കണ്ടപ്പോള്‍ നീയെന്റെ മകന്റെ കരിയര്‍ ഏറെക്കുറെ അവസാനിപ്പിച്ചു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

സര്‍, ഞാന്‍ അഞ്ച് സിക്‌സറുകള്‍ വഴങ്ങിയിട്ടുണ്ട്, അതിന്റെ വേദന എന്താണെന്ന് എനിക്കറിയാം എന്നായിരുന്നു എന്റെ മറുപടി.

നീയെന്റെ മകന് വേണ്ടി ഒരു ജേഴ്‌സിയില്‍ ഒപ്പിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടു. ‘എന്നെയും ഒരു ഓവറില്‍ അഞ്ച് സിക്‌സറിന് പറത്തിയിട്ടുണ്ട്. എതിന്റെ വേദന എന്താണെന്ന് എനിക്കറിയാം. നിങ്ങള്‍ മികച്ചവനാകുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ എന്നെഴുതിയ ജേഴ്‌സി ഞാന്‍ അദ്ദേഹത്തിന് നല്‍കി.

എന്നാല്‍ ആ ജേഴ്‌സി ബ്രോഡ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ക്രിസ് എഴുതിയത് ഞാന്‍ വായിച്ചിരുന്നു. അവന്‍ ഏറെ ദേഷ്യത്തിലായിരുന്നു. അവന്റെ പ്രവൃത്തി എനിക്ക് മനസിലാകും,’ യുവരാജ് പറഞ്ഞു.

യുവരാജിന്റെ വിരമിക്കലില്‍ ബ്രോഡ് പങ്കുവെച്ച ചിത്രം

അന്ന് കരിയര്‍ തന്നെ തകര്‍ന്നുപോകാമായിരുന്ന ഘട്ടത്തില്‍ നിന്നും പൊരുതിക്കയറി, ടെസ്റ്റ് ക്രിക്കറ്റില്‍ 600ലധികം വിക്കറ്റുകള്‍ നേടിയ ഇതിഹാസ താരമായി മാറിയ ബ്രോഡിനെ യുവരാജ് പ്രശംസിച്ചു. ആ തിരിച്ചടിയെ ബ്രോഡ് തന്റെ കരുത്താക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് യുവരാജ് ഒരു ഓവറില്‍ ആറ് സിക്‌സര്‍ നേടിയത്. നേരിട്ട 12ാം പന്തില്‍ യുവി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. നീണ്ട 16 വര്‍ഷക്കാലം, 2023ല്‍ ദീപേന്ദ്ര സിങ് ഐറി ഒമ്പത് പന്തില്‍ ഫിഫ്റ്റിയടിക്കുന്നത് വരെ ഈ റെക്കോഡില്‍ യുവരാജ് ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു.

 

Content highlight: Yuvraj Singh reacted to Stuart Broad’s signed jersey being thrown into the trash.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.