ക്രൈസ്റ്റ്ചര്‍ച്ചിലെ ടി-20 മത്സരം അവസാനിക്കാന്‍ പോവുകയായിരുന്നു. നമന്‍ ധിറും നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എല്ലാം വീക്ഷിച്ചുകൊണ്ട് വൈഭവ് സൂര്യവന്‍ഷിയും അഭിഷേക് ശര്‍മയും തിലക് വര്‍മയുമൊക്കെ ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിലായി ഇരിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ഒരു കളിക്കാരന് മത്സരം അവസാനിക്കുന്നത് വരെ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു! ഇരുന്നാലും ഇരിപ്പുറയ്ക്കാത്ത അവസ്ഥയായിരുന്നു അയാള്‍ക്ക്! ആ പ്ലെയര്‍ സഞ്ജു സാംസണ് ആയിരുന്നു!

സഞ്ജു അപ്രകാരം പെരുമാറിയതില്‍ യാതൊരുവിധ അത്ഭുതവും ഇല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു കളിച്ച ഉജ്ജ്വലമായ രണ്ട് ഇന്നിങ്സുകള്‍ ടീം അംഗങ്ങളുടെ നിരുത്തരവാദിത്തം മൂലം പാഴായിപ്പോയിരുന്നു. കിവീസിനെതിരെയും ആ വിധി ആവര്‍ത്തിക്കുമോ എന്ന് സഞ്ജു ആശങ്കപ്പെട്ടിട്ടുണ്ടാവണം.
എന്തായാലും ഇത്തവണ സഞ്ജുവിന് നീതി കിട്ടി. 226 റണ്‍സിന്റെ ഹിമാലയന്‍ റണ്‍ചെയ്സ് ഇന്ത്യ ഭംഗിയായി പൂര്‍ത്തിയാക്കി. 33 പന്തുകളില്‍ നിന്ന് 67 റണ്‍സ് വാരിക്കൂട്ടിയ സഞ്ജു പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
A flying start that made the chase possible 🫡 Scorecard ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND | @IamSanjuSamson https://t.co/qBU50RVhrY
— BCCI (@BCCI) October 22, 2026
മത്സരം ആരംഭിക്കുന്നതിന് മുമ്പ് ന്യൂസിലാന്‍ഡ് പേസറായ ജേക്കബ് ഡഫി ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അവിടെ വെച്ച് ഡഫി ഇന്ത്യയ്ക്ക് ഒരു മുന്നറിയിപ്പ് നല്കി,
”ഞാന്‍ ക്യൂറേറ്ററോട് സംസാരിച്ചു. പിച്ചില്‍ അത്യാവശ്യം ബൗണ്‍സ് ഉണ്ടാകുമെന്ന് അദ്ദേഹം വാക്ക് തന്നിട്ടുണ്ട്…”
അതൊരു മൈന്‍ഡ് ഗെയിമായിരുന്നു. ഹൈദരാബാദിലെയും ബെംഗളൂരുവിലെയും ഫ്ളാറ്റ് പിച്ചുകളില്‍ കളിച്ചതിനുശേഷം ഹേഗ്ലി ഓവലില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ ടീമിനെ പേസും ബൗണ്‍സും കൊണ്ട് വിറപ്പിക്കും എന്നാണ് ഡഫി പറഞ്ഞുവെച്ചത്!
ഇന്നിങ്സ് ആരംഭത്തില്‍ തന്നെ സഞ്ജുവിനെതിരെ മാറ്റ് ഹെന്റി ഒരു ഷോര്ട്ട്ബോള് എറിഞ്ഞിരുന്നു. ബൗണ്‍സറുകളുടെ തീമഴ വരാന്‍ പോകുന്നു എന്ന പ്രഖ്യാപനം കൂടിയായിരുന്നു ആ ഡെലിവെറി!
2️⃣3️⃣-ball FIFTY for @IamSanjuSamson 💫 His 1️⃣1️⃣th in T20Is 👏 Updates ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND https://t.co/ucj9pxfYms
— BCCI (@BCCI) October 22, 2026
എന്നാല്‍ സഞ്ജു ആ ഷോര്‍ട്ട്ബോളിനെ അനായാസമായി പുള്‍ ചെയ്തു. അതൊരു പ്രസ്താവനയായിരുന്നു,
”ബൗണ്‍സര്‍ കണ്ടാല്‍ ഭയക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് പുതിയ ഇന്ത്യയാണ്. സഞ്ജുവിന്റെ ഇന്ത്യ…!”
2008-ലെ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസീസിനെതിരെ ഐതിഹാസിക വിജയം നേടിയിരുന്നു. ആ ഗെയ്മില്‍ ഷോണ്‍ ടെയ്റ്റ് എന്ന അതിവേഗ ബോളറെ ഇന്ത്യ സമര്‍ത്ഥമായി മെരുക്കി. അതിനെക്കുറിച്ച് സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞിട്ടുണ്ട്,
”ടെയ്റ്റ് എത്ര വേഗത്തില്‍ പന്തെറിഞ്ഞാലും എന്താണ് പ്രശ്നം? അയാളുടെ പന്തുകള്‍ അതിനേക്കാള്‍ സ്പീഡില്‍ ബൗണ്ടറിയിലേയ്ക്ക് പായിക്കാന്‍ ഇന്ത്യയുടെ ബാറ്റര്‍മാര്‍ക്ക് സാധിക്കും…”
സഞ്ജുവിനെ എതിരിട്ട ലോക്കി ഫെര്‍ഗൂസനും അതേ ഗതി തന്നെയായിരുന്നു. ലോക്കി എറിഞ്ഞ എക്സ്പ്രസ് ഡെലിവെറികളെല്ലാം അതിനേക്കാള്‍ വേഗതയില്‍ ദൃഷ്ടിയില്‍നിന്ന് മാഞ്ഞു!
സഞ്ജു നടത്തിയത് മസില് പവര്‍ പ്രദര്‍ശനം മാത്രമായിരുന്നില്ല. ആദം മില്നെയ്ക്കെതിരെ അയാള്‍ നേടിയ ബൗണ്ടറി നോക്കുക. സഞ്ജു ഷഫിള്‍ ചെയ്യുന്നത് കണ്ട മില്‍നെ സഞ്ജുവിനെ ഫോളോ ചെയ്ത് പന്തെറിഞ്ഞു. എന്നിട്ടും പന്ത് വേലി കടന്നു!
Sanju’s taking the attack to NZ! 💪 Watch the #NZvsIND 1st T20I LIVE now on #SonyLIV and #SonySportsNetwork! 📺 https://t.co/7iEDJhJ2zf
— Sony LIV (@SonyLIV) October 22, 2026
പൊതുവെ കിവീസ് താരങ്ങള്‍ വളരെയേറെ മാന്യത പുലര്‍ത്തുന്നവരാണ്. പക്ഷേ അഭിഷേക് ശര്‍മ്മ ഔട്ടായപ്പോള്‍ ബ്രേസ്വെല് അസഭ്യവര്‍ഷം ചൊരിഞ്ഞത് നാം കണ്ടു. അത് അഭിഷേകിനോടുള്ള അരിശമായിരുന്നില്ല! സഞ്ജുവിന്റെ കൈയ്യില്‍ നിന്ന് കിട്ടിയ പ്രഹരങ്ങളുടെ നിരാശയായിരുന്നു!
അഭിഷേകിനുവേണ്ടി സഞ്ജു കണക്ക് തീര്‍ക്കുകയും ചെയ്തു- ബ്രേസ്വെല്ലിനെതിരെ ലോങ്ങ്-ഓഫിനുമുകളിലൂടെ ഒരു സിക്സര്‍!
1986-ല്‍ ഇന്ത്യാമഹാരാജ്യത്തെ ഞെട്ടിച്ച ഒരു ജയില്‍ ചാട്ടം അരങ്ങേറിയിരുന്നു. അന്താരാഷ്ട്ര കുറ്റവാളിയായിരുന്ന ചാള്‍സ് ശോഭരാജാണ് തിഹാര്‍ ജയിലിലെ പൂട്ടുകള്‍ പൊട്ടിച്ച് പുറത്തുകടന്നത്!
അന്ന് പൊലീസ് ശോഭരാജിന് വേണ്ടി നാടുമുഴുവനും വല വിരിച്ചു. മധുകര്‍ സെന്‍ഡെ എന്ന അസിസ്റ്റന്റ് കമ്മീഷണറാണ് ആ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ഒരുതവണ ശോഭരാജിനെ അറസ്റ്റ് ചെയ്തിട്ടുള്ള സെന്‍ഡെ ഈ മിഷനും വിജയിപ്പിക്കുമെന്ന് പൊലീസ് കണക്കുകൂട്ടിയിരുന്നു.
സെന്ഡെയും സംഘവും ഗോവയില്‍ വെച്ച് ശോഭരാജിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കൈയ്യാമം വെയ്ക്കുന്ന നേരത്ത് സെന്‍ഡെ പറഞ്ഞ വാചകങ്ങള്‍ വിഖ്യാതമാണ്,
”നിങ്ങള്‍ക്ക് എന്നെ അറിയാം ശോഭരാജ്. ഞാന്‍ പണ്ട് നിങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്നെ മറക്കാനാവില്ല…”
A record chase. A winning start. 💙 The Men in Blue script history at Hagley Oval with their highest successful T20I chase! 🔥 Watch the HERO VIDA India Tour of New Zealand, 2nd T20I, 24th October 11:30 AM onwards LIVE on Sony Sports Network TV channels, Sony LIV & Sony Vizha. #SonySportsNetwork #SonyLIV #SonyVizha #NZvIND
— Sony Sports Network (@SonySportsNetwk) October 22, 2026
ഇപ്പോള്‍ സഞ്ജു ന്യൂസിലാന്‍ഡിനോട് നിശബ്ദമായി പറയുകയാണ്,
”നിങ്ങള്‍ക്ക് എന്നെ അറിയാം കിവികളേ. ഞാന്‍ പണ്ട് അഹമ്മദാബാദില്‍ വെച്ച് നിങ്ങളുടെ ടി-20 ലോകകപ്പ് സ്വപ്നങ്ങളെ തല്ലിക്കെടുത്തിയിട്ടുണ്ട്. നിങ്ങള്‍ എന്നെ ഒരിക്കലും മറക്കുകയില്ല…”
Content Highlight: Sandeep Das writes about Sanju Samson
