ബോക്‌സ് ഓഫീസില്‍ കൊടുംങ്കാറ്റായി കളക്ഷന്‍ റെക്കോഡുകള്‍ തൂത്തുവാരുകയാണ് നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. തമിഴകത്തിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാന വാക്കായ രജിനികാന്ത് നായകനായ ചിത്രം ഏഴ് ദിവസത്തിനുള്ളില്‍ അഞ്ഞൂറ് കോടി പിന്നിടുകയും തമിഴ്‌നാട്ടിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. തമിഴ്‌നാടിന് പുറമെ സൗത്ത് ഇന്ത്യയിലെ തെലുങ്ക്, കന്നഡ, മലയാളം ടെറിട്ടറികളില്‍ നിന്നും അമ്പത് കോടി പിന്നിടുന്ന ചിത്രമായും ഇതിനോടകം ജയിലര്‍ 2 മാറിയിട്ടുണ്ട്.

Photo: X.com

ഇപ്പോഴിതാ ചിത്രത്തിന്റെ വന്‍ വിജയത്തില്‍ രജിനികാന്തിനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ടുള്ള അല്ലു അര്‍ജുന്റെ പോസ്റ്റും ഇതിന് സംവിധായകന്‍ നെല്‍സണ്‍ നല്‍കിയ മറുപടിയുമാണ് സിനിമാ ലോകത്തെ പ്രധാന വിശേഷം. രജിനികാന്തിന്റെ സ്റ്റാര്‍ പവറിന്റെയും സ്വാഗിന്റയും ഓറയുടെയും ഷോകേസാണ് ചിത്രമെന്ന് പറയുകയാണ് അല്ലു അര്‍ജുന്‍. കണ്ടിരിക്കുന്നവരിലേക്ക് അഡ്രിനാലിന്‍ പമ്പ് ചെയ്യുന്ന കൊമേഷ്യല്‍ എന്റര്‍ടെയിനറാണ് ചിത്രമെന്നും അല്ലു പറഞ്ഞു.

അനിരുദ്ധിനെയും ചിത്രത്തിന്റെ ടെക്‌നീഷ്യന്മാരെയും അഭിനന്ദിച്ച താരം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെയും പ്രത്യേകം അഭിനന്ദിച്ചു. അഭിനന്ദനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദിയറിയിച്ചുകൊണ്ട് നെല്‍സണ്‍ അല്ലു അര്‍ജന്റെ പോസ്റ്റ് തന്റെ അക്കൗണ്ടിലും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതോടെ നെല്‍സണായിരിക്കുമോ അല്ലുവിന്റെ അടുത്ത ചിത്രത്തിന്റെ സംവിധായകനെന്ന അഭ്യൂഹത്തിനും സിനിമാ ലോകം തുടക്കമിട്ടുണ്ട്.

നിലവില്‍ തമിഴിലെ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയുടെ റാക്കയിലാണ് അല്ലു അര്‍ജുന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷത്തോടെ തിയേറ്ററുകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം അല്ലു വര്‍ക്ക് ചെയ്യുന്നത് തമിഴിലെ മറ്റൊരു ഹിറ്റ്‌മേക്കറായ ലോകേഷിനൊപ്പമാണ്. പ്രൊജക്ട് ഡ്രോപ്പായെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതെല്ലാം ലോകേഷ് തന്നെ നിഷേധിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെ അല്ലു തന്റെ ലൈനപ്പിലേക്ക് നെല്‍സണെയും ഉള്‍പ്പെടുത്തുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Allu Arjun appreciates Nelson Dilipkumar and entire Jailer 2 team