ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ആതിഥേയര്‍. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 31 റണ്‍സിനുമായിരുന്നു പ്രോട്ടിയാസിന്റെ വിജയം.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 425/9d

ഓസ്‌ട്രേലിയ: 99 & 295 (f/o)

അവസാന ദിവസത്തെ മൂന്നാം സെഷനില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ ഉറച്ചുനിന്ന്, സമനില ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ തച്ചുടച്ചുകൊണ്ടായിരുന്നു ബാവുമയുടെ പട്ടാളത്തിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നായകന്‍ തെംബ ബാവുമയുടെ കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 40 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ പതറിയ സൗത്ത് ആഫ്രിക്കയെ 425ലെത്തിച്ചാണ് ബാവുമ കളം വിട്ടത്.

334 പന്ത് നേരിട്ട് 179 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ ബാവുമ സ്വന്തമാക്കിയത്. 100 പന്തില്‍ 85 റണ്‍സ് നേടിയ മാര്‍ക്കോ യാന്‍സെനും 157 പന്തില്‍ 82 റണ്‍സ് നേടിയ സൈമണ്‍ ഹാര്‍മറുമാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ മറ്റ് റണ്‍വേട്ടക്കാര്‍.

ഓസട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് അഞ്ച് വിക്കറ്റുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ കങ്കാരുക്കളെ വെറും 99 റണ്‍സിന് പ്രോട്ടിയാസ് എറിഞ്ഞിട്ടു. 28 റണ്‍സടിച്ച സ്റ്റീവ് സ്മിത്താണ് ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍.

അഞ്ച് വിക്കറ്റുമായി മാര്‍കോ യാന്‍സെനാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനെ എറിഞ്ഞുവീഴ്ത്തിയത്. വിയാന്‍ മുള്‍ഡറും കഗീസോ റബാദയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആന്‌റിക് നോര്‍ക്യ ഒരു വിക്കറ്റും സ്വന്തമാക്കി.

326 റണ്‍സിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍ ട്രാവിസ് ഹെഡ് (190 പന്തില്‍ 121) തിളങ്ങി. സെഞ്ച്വറിയുമായി ക്രീസില്‍ ഉറച്ചുനിന്ന ഹെഡ് ഒരിക്കല്‍ക്കൂടി ഓസീസിന്റെ രക്ഷകനാകുമെന്ന പ്രതീതി സൃഷ്ടിച്ചു.

എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പ്രോട്ടിയാസ് മൊമെന്റം കൈവിടാതെ കാത്തു.

ആറാം നമ്പറില്‍ കളത്തിലിറങ്ങി ക്രീസില്‍ നങ്കൂരമിട്ട സ്‌കോട്ട് ബോളണ്ട് ഓസീസിനെ തോല്‍വിയില്‍ നിന്നും രക്ഷിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. ഒന്നിന് പിന്നാലെ ഒന്നായി ഡിഫന്‍സീവ് ഷോട്ടുകളുമായി ബോളണ്ട് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് തലവേദന നല്‍കിക്കൊണ്ടിരുന്നു.

95ാം ഓവറിലെ അവസാന പന്തില്‍ ഏഴാമനായി പുറത്താകുമ്പോള്‍ 166 പന്തില്‍ 40 റണ്‍സ് ബോളണ്ട് സ്വന്തമാക്കിയിരുന്നു. നേടിയ റണ്‍സിനേക്കാള്‍ നേരിട്ട പന്തുകളാണ് ഈ ഇന്നിങ്‌സിനെ സ്‌പെഷ്യലാക്കുന്നത്.

ബോളണ്ടിന്റെ വിക്കറ്റ് അക്ഷരാര്‍ത്ഥത്തില്‍ മത്സരത്തിന്റെ വഴിത്തിരിവായി മാറി. പിന്നാലെയെത്തിയവരെ 13 ഓവറിനുള്ളില്‍ എറിഞ്ഞുവീഴ്ത്തിയ പ്രോട്ടിയാസ് ഇന്നിങ്‌സ് ജയവും സ്വന്തമാക്കി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലെത്തിക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.

ഒക്ടോബര്‍ 27 മുതലാണ് സീരീസ് ഡിസൈഡര്‍ മത്സരം. കേപ്ടൗണാണ് വേദി.

 

 

Content highlight: SA vs AUS: 2nd Test: South Africa defeated Australia