ജനീവ: കന്നുകാലികളെ ബാധിക്കുന്ന ഷമോണ്ട വൈറസ് ആദ്യമായി മനുഷ്യനില്‍ കണ്ടത്തിയതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിലവില്‍ ആരോഗ്യപരമായ ഭീഷണികളില്ലെന്ന് ഫ്രഞ്ച് ആരോഗ്യ-കൃഷിമന്ത്രാലയങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന, കടുത്ത രോഗപ്രതിരോധ ശേഷിക്കുറവുള്ള ഒരു രോഗിക്ക് ബാധിച്ച ‘അപൂര്‍വമായ ഒരു കേസ്’ മാത്രമാണിതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ബുനിയവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഷമോണ്ട വൈറസ്, രോഗബാധിതമായ ചെറുപ്രാണികളുടെ (മിഡ്ജുകള്‍) കടിയിലൂടെയാണ് പകരുന്നത്. ഓസ്ട്രിയന്‍ ഏജന്‍സി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഫുഡ് സേഫ്റ്റിയുടെ വിവരങ്ങള്‍ പ്രകാരം, കന്നുകാലികള്‍, ചെമ്മരിയാടുകള്‍, ആടുകള്‍ തുടങ്ങിയ മൃഗങ്ങളില്‍ ഈ വൈറസ് വയറിളക്കം, വിശപ്പില്ലായ്മ, പാല്‍ ഉല്‍പാദനത്തിലെ കുറവ് എന്നിവയ്ക്ക് കാരണമാകാം. കൂടാതെ, ഗര്‍ഭം അലസുന്നതിനും നവജാത കിടാക്കള്‍, ചെമ്മരിയാട്ടിന്‍കുട്ടികള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയില്‍ ജന്മനാ വൈകല്യങ്ങളുണ്ടാകുന്നതിനും ഇടയാക്കാം.

‘പതിറ്റാണ്ടുകളായി ആഫ്രിക്കയിലും ഏഷ്യയിലും ഈ വൈറസ് പടരുന്നുണ്ടെങ്കിലും, ഷമോണ്ട വൈറസ് ഇതിനുമുമ്പ് ഒരിക്കലും മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല,’ പ്രസ്താവനയില്‍ പറയുന്നു.

ഓര്‍ത്തോബുനിയാവൈറസ് (Orthobunyavirus) ഗ്രൂപ്പില്‍പ്പെട്ടതും, ചെറിയ കടിക്കുന്ന പ്രാണികളിലൂടെ മൃഗങ്ങളിലേക്ക് പകരുന്നതുമായ ഈ വൈറസ്, ഈ വേനല്‍ക്കാലത്താണ് യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയത്. ഫ്രാന്‍സില്‍ കണ്ടെത്തിയ രോഗബാധയാണ് മനുഷ്യരില്‍ ഷമോണ്ട വൈറസ് ബാധിച്ചതായി ഔദ്യോഗികമായി തിരിച്ചറിഞ്ഞ ആദ്യത്തെ കേസെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (E.C.D.C) അറിയിച്ചു.

രോഗി നേരത്തേ തന്നെ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞ നിലയിലായിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അതിനാല്‍, ഈ മാസം ഇയാളുടെ മരണത്തില്‍ വൈറസിന് പങ്കുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

‘

രോഗിയുടെ മരണത്തിന് വൈറസ് കാരണമായോ അതില്‍ പങ്കുവഹിച്ചോ എന്നും രോഗബാധ എങ്ങനെയുണ്ടായെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്,’ ഇ.സി.ഡി.സി അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ഈ വൈറസ് ഉയര്‍ത്തുന്ന അപകടസാധ്യത വളരെ കുറവാണെന്നാണ് നിലവിലെ സൂചന. 1960കളുടെ മധ്യത്തില്‍ നൈജീരിയയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ജപ്പാനിലും കന്നുകാലികളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlight:Shamonda virus detected in human for first time in France