ലോകത്തിലെ ആദ്യ ഏഷ്യന്‍; പുതിയ ചരിത്രം രചിച്ച് ജപ്പാന്‍ ഇതിഹാസം
FIFA World Cup 2026
ലോകത്തിലെ ആദ്യ ഏഷ്യന്‍; പുതിയ ചരിത്രം രചിച്ച് ജപ്പാന്‍ ഇതിഹാസം
സുദേവ് എ
Friday, 26th June 2026, 1:03 pm

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വീഡനെ ജപ്പാന്‍ സമനിലയില്‍ തളച്ചിരുന്നു. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ഡൈസന്‍ മഈഡയാണ് ജപ്പാന് വേണ്ടി ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ ആന്റണി എലങ്കയുടെ ഗോളിലൂടെ സ്വീഡന്‍ സമനില പിടിച്ചു.

മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ഒരു ചരിത്രനേട്ടമാണ് ജപ്പാന്‍ ഇതിഹാസം യുട്ടോ നാഗേറ്റോമോ സ്വന്തമാക്കിയത്. അഞ്ചു ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടമാണ് യുട്ടോ നാഗേറ്റോമോ കൈപ്പിടിയിലാക്കിയത്.

2010 ലോകകപ്പിലാണ് യുട്ടോ ജപ്പാന് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയത്. പിന്നീട് 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളുടെയും ഭാഗമായി യുട്ടോ. ഇപ്പോള്‍ ഈ ലോകകപ്പിലും 39കാരന്‍ കളത്തിലിറങ്ങിയതോടെയാണ് ചരിത്ര നേട്ടം പിറവിയെടുത്തത്. അഞ്ചോ അതിലധികമോ ലോകകപ്പുകളുടെ ഭാഗമാവുന്ന പത്താമത്തെ താരമാണ് യുട്ടോ.

ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമായ താരം, ടീം, വര്‍ഷം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 2006, 2010, 2014, 2018, 2022, 2026

ലയണല്‍ മെസി – അര്‍ജന്റീന – 2006, 2010, 2014, 2018, 2022, 2026

ഗില്ലര്‍മോ ഒച്ചാവോ – മെക്സിക്കോ – 2006, 2010, 2014, 2018, 2022, 2026

ആന്റോണിയോ കാര്‍ബഹാല്‍ – മെക്സിക്കോ – 1950, 1954, 1958, 1962, 1966

ലോഥര്‍ മത്തൗസ് – ജര്‍മനി – 1982, 1986, 1990, 1994, 1998

റാഫേല്‍ മാര്‍ക്വെസ് – മെക്സിക്കോ – 2002, 2006, 2010, 2014, 2018

ആന്‍ഡ്രീസ് ഗ്വാര്‍ഡാഡോ – മെക്സിക്കോ – 2006, 2010, 2014, 2018, 2022

മാനുവല്‍ ന്യൂയര്‍-ജര്‍മനി-2010, 2014, 2018, 2022, 2026

ലൂക്ക മോഡ്രിച്ച്-ക്രോയേഷ്യ-2006, 2014, 2018, 2022, 2026

യുട്ടോ നാഗേറ്റോമോ-ജപ്പാന്‍-2010, 2014, 2018, 2022, 2026

ഏഷ്യയിലെ ഏറ്റവും മികച്ച ടീമെന്ന തലയെടുപ്പോടെയാണ് ജപ്പാന്‍ ലോകകപ്പിനെത്തിയത്. ഫിഫ റാങ്കിങ്ങില്‍ 18ാം സ്ഥാനത്തുള്ള ജപ്പാന്‍ ഏഷ്യന്‍ വന്‍കരയില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമായിരുന്നു. തുടര്‍ച്ചയായ എട്ടാം ലോകകപ്പാണ് ഇത്തവണ ജപ്പാന്‍ കളിക്കുന്നത്.

1998ലാണ് ജപ്പാന്‍ ആദ്യമായി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2018 റഷ്യന്‍ ലോകകപ്പില്‍ കൊളംബിയയെ വീഴ്ത്തിയ ജപ്പാന്‍ 2022 ഖത്തര്‍ ലോകകപ്പില്‍ വമ്പന്‍ അട്ടിമറി നടത്തി ശ്രദ്ധ നേടി. കഴിഞ്ഞ ലോകകപ്പില്‍ മരണ ഗ്രൂപ്പെന്ന് വിശേഷിക്കപ്പെട്ട ഗ്രൂപ്പ് ഇ-യില്‍ സ്‌പെയ്‌നിനെയും ജര്‍മനിയെയും ആണ് ജപ്പാന്‍ തകര്‍ത്തത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ജപ്പാന്റെ പോരാട്ടവീര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല.

ജപ്പാൻ ഫുട്ബോൾ ടീം

ഈ ലോകകപ്പില്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ചാണ് ജപ്പാന്‍ വരവറിയിച്ചത്. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സാമുറായ് ബ്ലൂ തകര്‍ത്തത്.

റൗണ്ട് ഓഫ് 32ല്‍ വമ്പന്മാരായ ബ്രസീലിനെയാണ് ജപ്പാന്‍ നേരിടുക. സമീപകാലങ്ങളില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ വീഴ്ത്തി ജപ്പാന്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. വീണ്ടും ഇതേ ബ്രസീല്‍ ജപ്പാന്റെ മുന്നിലെത്തുമ്പോള്‍ അട്ടിമറികള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഏഷ്യന്‍ വമ്പന്മാര്‍ ഇത്തവണയും ഞെട്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Yuto Nagatomo becomes first Asian player to play in five World Cups

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.