ഏഴ് കോടി ബജറ്റ്, 30 കോടി കളക്ഷന്‍, ബോക്‌സ് ഓഫീസില്‍ സ്വന്തം പേര് മാസായി എഴുതിച്ചേര്‍ത്ത് കെന്‍ കരുണാസ്
Indian Cinema
ഏഴ് കോടി ബജറ്റ്, 30 കോടി കളക്ഷന്‍, ബോക്‌സ് ഓഫീസില്‍ സ്വന്തം പേര് മാസായി എഴുതിച്ചേര്‍ത്ത് കെന്‍ കരുണാസ്
അമര്‍നാഥ് എം.
Wednesday, 25th March 2026, 9:29 pm

ചെറിയ സിനിമകളെല്ലാം വലിയ വിജയം സ്വന്തമാക്കുന്ന ട്രെന്‍ഡായിരിക്കുകയാണ് കോളിവുഡില്‍. വമ്പന്‍ താരങ്ങളില്‍ പലരും കളത്തിലില്ലാത്തതും റിലീസായ വലിയ സിനിമകള്‍ പരാജയമായതിനും പിന്നാലെ ചെറിയ ഫീല്‍ ഗുഡ് സിനിമകള്‍ കളംപിടിക്കുകയായിരുന്നു. 10 കോടിക്കടുത്ത് ബജറ്റിലൊരുങ്ങി ഇരട്ടിയിലധികം കളക്ഷന്‍ നേടുന്ന സിനിമകളില്‍ അവസാനത്തെ എന്‍ട്രിയായിരിക്കുകയാണ് യൂത്ത്.

ബാലതാരമായും സഹനടനായും അസിസ്റ്റന്റ് ഡയറക്ടറായും ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് യൂത്ത്. ചിത്രത്തിലെ നായകനും കെന്‍ തന്നെയാണ്. റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ ചിത്രമാണ് യൂത്തെന്ന് എല്ലാ പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുകയാണ്.

റിലീസ് ചെയ്ത് ആദ്യവാരം പിന്നിടുമ്പോള്‍ ഗംഭീര കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 30 കോടിയിലേറെ നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 23 കോടിയിലധികമാണ് യൂത്ത് നേടിയത്. കര്‍ണാടകയില്‍ നിന്ന് രണ്ട് കോടിയോളവും കേരളത്തില്‍ നിന്ന് 50 ലക്ഷവുമാണ് ചിത്രത്തിന് ലഭിച്ചത്.

ഓവര്‍സീസില്‍ നിന്ന് അഞ്ച് കോടിയിലേറെയും ചിത്രം നേടിക്കഴിഞ്ഞു. ഏഴ് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ഇതുവരെ 14.5 കോടിയാണ് ഷെയറായി ലഭിച്ചത്. ബജറ്റിന്റെ 200 ശതമാനത്തിലധികം ഇതുവരെ റിക്കവര്‍ ചെയ്തുകഴിഞ്ഞു. എല്ലാമൊത്തുവന്നാല്‍ ഈ വര്‍ഷം തമിഴിലെ അടുത്ത 50 കോടി ചിത്രമായി യൂത്ത് മാറുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.

സംവിധായകനായ ആദ്യ ചിത്രത്തില്‍ നായകനായി വേഷമിടുക എന്ന വലിയ റിസ്‌കാണ് ഈ ചിത്രത്തിനായി കെന്‍ കരുണാസ് ഏറ്റെടുത്തത്. തമിഴിലെ മുന്‍നിര കോമഡി താരമായ കരുണാസിന്റെ മകനാണ് കെന്‍. അസുരനിലൂടെയാണ് കെന്‍ ശ്രദ്ധിക്കപ്പെട്ടത്. തിരുച്ചിത്രമ്പലത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും കെന്‍ പ്രവര്‍ത്തിച്ചത്.

ജി.വി. പ്രകാശ് ഈണമിട്ട ഗാനങ്ങളെല്ലാം റിലീസിന് മുമ്പ് തന്നെ വൈറലായിരുന്നു. മലയാളികളുടെ സാന്നിധ്യം കൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു. കെന്നിന്റെ അച്ഛനായി സുരാജ് വെഞ്ഞാറമൂട് വേഷമിട്ടപ്പോള്‍ മൂന്ന് നായികമാരില്‍ രണ്ട് പേര്‍ മലയാളികളാണ്. ഐ ആം കാതലനിലൂടെ ശ്രദ്ധിക്കപ്പെട്ട അനിഷ്മ അനില്‍കുമാറും 18+ലൂടെ ശ്രദ്ധ നേടിയ മീനാക്ഷി ദിനേശുമാണ് പ്രധാന നായികമാര്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.

Content Highlight: Youth movie crossed 30 crores from Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം