കണ്ണൂർ: മാത്യു കുഴൽനാടനെതിരെ പോസ്റ്റർ പതിപ്പിച്ച് യൂത്ത് ലീഗ്. നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടാ എന്നാണ് പോസ്റ്ററിലുള്ളത്. കണ്ണൂർ ഇരിക്കൂറിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി സതീശനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററിലാണ് മാത്യു കുഴൽനാടനെതിരെയുള്ള പരാമർശം. മുസ്‌ലിം ലീഗ് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ട ഘട്ടത്തിൽ കോഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ലീഗ് ഇടപെടേണ്ട എന്ന് കുഴൽനാടൻ പ്രതികരിച്ചിരുന്നു. ഇതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.
അതേസമയം കോൺഗ്രസിൽ കസേരത്തർക്കം മുറുകുകയാണ്. ഇന്ന് ചേർന്ന കെ.പി.സി.സി യോഗത്തിൽ മുഖ്യമന്ത്രി ചർച്ചകൾ നടന്നു. നേതാക്കൾ തങ്ങളുടെ പിന്തുണ ആർക്കെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് കെ.സി വേണുഗോപാലിന് 46 പേരുടെ പിന്തുണയും, രമേശ് ചെന്നിത്തലക്ക് 8 പേരുടെ പിന്തുണയും, വി.ഡി സതീശന് 6 പേരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഹൈക്കമാന്റിന്റെ തീരുമാനം വരുന്നതോട് കൂടിയായിരിക്കും മുഖ്യമന്ത്രി ആരെന്ന് തീരുമാനമാകുക.