Abu-saleemമുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് 26 കാരിയായ സ്ത്രീ മുംബൈയിലെ പ്രത്യേക ടാഡ കോടതിയെ സമീപിച്ചു. ഇക്കാര്യം യുവതിയുടെ അഭിഭാഷക ഫര്‍ഹാന ഷാ സ്ഥിരീകരിച്ചു. സലീം ഈ യുവതിയെ വിവാഹം കഴിക്കുന്നു എന്ന് ഒരു പ്രാദേശിക പത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പോലീസ് ഈ സ്ത്രീയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ഫര്‍ഹാന പറഞ്ഞു.

അബു സലീമിന്റേയും യുവതിയുടേയും ഫോട്ടോകള്‍ ചേര്‍ത്ത് അവരുടെ വിവാഹത്തെ കുറിച്ച് പോലീസ് നിരവധി ആളുകളോട് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ യുവതി പറയുന്നത് അങ്ങനെ ഒരു വിവാഹം നടന്നിട്ടില്ലെന്നാണ്. പോലീസുകാരുടെ അന്വേഷണം ഈ യുവതിക്ക് മാനക്കേടുണ്ടാക്കി. മറ്റാരും യുവതിയുമായി വിവാഹത്തിന് തയ്യാറായില്ല. അതിനാലാണ് സലീമിനെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഫര്‍ഹാന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അബുസലീമുമൊത്തുള്ള യുവതിയുടെ ചിത്രം മോര്‍ഫിങ് ആണെന്ന് സി.ബി.ഐ  ടാഡ കോടതിയില്‍ വ്യക്തമായിരുന്നു. ഇതു സംബന്ധിച്ചുവന്ന പത്രവാര്‍ത്തയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ടാഡ കോടതി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അബു സലീം തന്നെ  ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു.