എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് വിട്ടു വന്നാല്‍ ജെ.ഡി.യു വിനെ സ്വാഗതം ചെയ്യും: മാത്യു ടി. തോമസ്
എഡിറ്റര്‍
Thursday 30th November 2017 8:06pm


തിരുവനന്തപുരം: ജനതാദള്‍ യു യു.ഡി.എഫില്‍ നിന്ന് പുറത്തുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ജനതാദള്‍ എസ് നേതാവും മന്ത്രിയുമായ മാത്യു ടി.തോമസ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് സോഷ്യലിസ്റ്റ് നയങ്ങളില്‍ ഉറച്ചുനിന്ന മാതൃസംഘടനയില്‍ തിരികെയെത്താന്‍ ജെ.ഡി.എസ് ദേശീയ നേതൃത്വവുമായി അവര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മാത്യു.ടി. തോമസ് ആവശ്യപ്പെട്ടു.

നേരത്തെ വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവെക്കുകയാണെന്നു പറഞ്ഞിരുന്നു. എല്‍.ഡി.എഫിലേക്ക് വീണ്ടും തിരികെയെത്താനാണ് വീരേന്ദ്രകുമാറിന്റെ ശ്രമം. അതേ സമയം ജെ.ഡി.എസ് എം.എല്‍.എമാര്‍ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് തങ്ങള്‍ രൂപീകരിക്കാന്‍ പോകുന്ന സംസ്ഥാന പാര്‍ട്ടിയില്‍ ചേരണമെന്ന ആഹ്വാനം അധാര്‍മ്മികവും രാഷ്ട്രീയ നെറികേടിനുള്ള പ്രേരണയുമാണെന്ന് മാത്യു.ടി. തോമസ് പറഞ്ഞു.


Also Read: മോദിയേ കേള്‍ക്കാന്‍ ഫേസ്ബുക്ക് ലൈവിലും ആളില്ല; ഫേസ്ബുക്ക് ലൈവില്‍ മോദിയെ കടത്തിവെട്ടി ഹാര്‍ദിക് പട്ടേല്‍


പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാഷ്ട്രീയനയവും നിലപാടും മാറ്റുന്നതും യു.ഡി.എഫിലേക്ക് ചേക്കേറുന്നതും ആത്മഹത്യാപരമായിരിക്കുമെന്ന് 2009ല്‍ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും മാത്യു.ടി തോമസ് കൂട്ടിച്ചേര്‍ത്തു.

അത് ശരിയായിരുന്നുവെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞവര്‍ ഇപ്പോള്‍ മാതൃസംഘടനയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരില്‍ മാത്യു.ടി.തോമസ് ഒഴിച്ചുള്ള രണ്ട് പേരും വീരേന്ദ്രകുമാര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയോട് ലയിക്കാനൊരുങ്ങുന്നുവെന്ന പ്രചരണത്തിലാണ് മാത്യു.ടി.തോമസിന്റെ പ്രതികരണം.

Advertisement