[]കൊച്ചി: നടി ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചെന്ന പേരില്‍ ##കളിമണ്ണ് എന്ന ചിത്രം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. []

സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.  സിനിമയിലെ പ്രസവരംഗം ഒഴിവാക്കി പുനര്‍സെന്‍സറിംഗ് നടത്തണ മെന്നായിരുന്നു ഹരജിക്കാരനായ ഗിന്നസ് മാടസ്വാമിയുടെ ആവശ്യം.

ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച് സിനിമയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണെന്നും ഇത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും സ്ത്രീത്വത്തെ അപമാനിക്കലാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ സിനിമ കാണാതെയാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയതെന്നും സിനിമ യു-എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തമെന്നും അല്ലാതെ സിനിമയുടെ പ്രദര്‍ശനം വിലക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.