
ന്യൂദല്‍ഹി: രാജ്യത്തെ ഉന്നത സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ മാത്രം പ്രതിഷ്ഠിക്കുന്ന മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി ആം ആദ്മി പാര്‍ട്ടി. ക്രിക്കറ്റ് താരമായിരുന്ന ചേതന്‍ ചൗഹാനെ ദേശീയ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയുടെ തലവനായി നിയമിച്ച സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ വിമര്‍ശനം.
ഫാഷനിലെ “എഫ്” എന്താണെന്നറിയാത്ത ചേതന്‍ ചൗഹാനെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയുടെ തലവനായി നിയമിക്കാമെങ്കില്‍ നോവലിസ്റ്റ് ചേതന്‍ ഭഗതിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായും അനുപം ഖേറിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായും ഏക്‌നാഥ് ഖടസെയെ എന്‍.ഐ.എ തലവനാക്കാമെന്നും ആപ് വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.
ഗജേന്ദ്ര ചൗഹാന്‍, ചേതന്‍ ചൗഹാന്‍, പഹ്‌ലജ് നിഹ്‌ലാനി, അര്‍ണാബ് ഗോസ്വാമി, സ്മൃതി ഇറാനി തുടങ്ങിയ കാര്യം കാണാന്‍ ചുറ്റിപറ്റി നടക്കുന്നവരെയാണ് മോദി നിയമിക്കുന്നതെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
അതേ സമയം ആം ആദ്മിയുടെ കളിയാക്കലുകള്‍ക്ക് മറുപടിയുമായി ചേതന്‍ ഭഗത് രംഗത്ത് വന്നിട്ടുണ്ട്. എഴുത്തുകാരനാവുന്നതിന്റെ മുമ്പ് സാമ്പത്തിക ശാസ്ത്രം കൈകാര്യം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ എ.എ.പിയില്‍ ആരെക്കാളും നന്നായി എനിക്ക് ഗവര്‍ണര്‍ സ്ഥാനം കൈകാര്യം ചെയ്യാനാവുമെന്നും ചേതന്‍ ഭഗത് പ്രതികരിച്ചു.
