ദുരന്തബാധിതരെ എന്തിനാണ് ലീഗ് മറ്റൊരു സ്ഥലത്ത് മാറ്റി പാര്‍പ്പിക്കുന്നത്?; ടൗണ്‍ഷിപ്പ് ദുരന്തബാധിതരുടെ ആഗ്രഹം: പിണറായി വിജയന്‍
Kerala
ദുരന്തബാധിതരെ എന്തിനാണ് ലീഗ് മറ്റൊരു സ്ഥലത്ത് മാറ്റി പാര്‍പ്പിക്കുന്നത്?; ടൗണ്‍ഷിപ്പ് ദുരന്തബാധിതരുടെ ആഗ്രഹം: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2026, 3:38 pm

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരന്തബാധിതരെ എന്തിനാണ് പ്രത്യേകമായി കാണുന്നതെന്നും അവര്‍ക്കായി മുസ്‌ലിം ലീഗ് എന്തിനാണ് പ്രത്യേകമായി വീടുകള്‍ നിര്‍മിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച സാമ്പത്തിക സഹായം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

ഒറ്റപ്പെട്ട വീടുകള്‍ക്ക് പകരം ടൗണ്‍ഷിപ്പ് എന്ന ആശയം മുന്നോട്ടുവെച്ചത് ദുരന്തബാധിതര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഞങ്ങളെല്ലാവരും ഒന്നിച്ച് കഴിഞ്ഞവരാണ്, നഷ്ടപരിഹാരം നല്‍കി പലയിടങ്ങളിലേക്ക് മാറ്റിയാല്‍ ഞങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്ന് പറഞ്ഞു. എല്ലാവര്‍ക്കും ഒന്നിച്ച് താമസിക്കാന്‍ ഒരിടം വേണമെന്നത് അവരുടെ ആവശ്യമായിരുന്നു.

ആ ആഗ്രഹത്തില്‍ നിന്നാണ് ടൗണ്‍ഷിപ്പ് എന്ന പദ്ധതി ഉടലെടുത്തത്. എന്നാല്‍ ചിലര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മാറിപ്പോകാന്‍ ആഗ്രഹിച്ചിട്ടുണ്ടാകാം, അവര്‍ക്ക് നല്‍കേണ്ട തുക കണക്കാക്കി.

എന്നാല്‍ ഇവര്‍ എന്തിനാണ് പ്രത്യേകമായിട്ട് പോയത്. ഏതായാലും അവര്‍ സ്ഥലമെടുത്ത് നടപടികള്‍ തുടങ്ങി. കോണ്‍ഗ്രസ് അപ്പോഴും മറ്റൊരു നില സ്വീകരിച്ചിട്ടില്ല. അപ്പോഴും പ്രതിപക്ഷ നേതാവ് സംസാരിക്കുന്നുണ്ട്. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസും ആ വഴിക്ക് പോയി.

ചുരുക്കത്തില്‍ എന്താണ്, പറഞ്ഞ കാര്യങ്ങളും അതിന്റെ ഭാഗമായുള്ള പണവും കിട്ടിയിട്ടില്ല എന്നതാണ്. അവിടെ കോണ്‍ഗ്രസ് തരുമെന്ന് പറഞ്ഞ പണമുണ്ട്. രാഹുല്‍ ഗാന്ധിയുടെ വക വരുമെന്ന് പറഞ്ഞതുണ്ട്. അതൊന്നും കാണാനില്ല.

കര്‍ണാടക ഗവര്‍മെന്റ് തരുന്ന വീട് കര്‍ണാടക ഗവര്‍മെന്റിന്റേതാണ്. അത് കോണ്‍ഗ്രസിന്റേതായി കാണാന്‍ കഴിയില്ലല്ലോ. നമ്മുടെ ഗവര്‍മെന്റും ചില ദുരന്തബാധിത പ്രദേശങ്ങളില്‍ നേരത്തെ സഹായം നല്‍കിയിട്ടുണ്ട്. അത് ഗവര്‍മെന്റിന്റെ വകയുള്ളതാണ്.

എന്നാല്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. അതിലൊന്നും ആശ്ചര്യമില്ല. പണത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയില്ല. പിരിച്ചു എന്നുള്ളത് ശരിയാണ്. പക്ഷേ ആ പണം ആര്‍ക്ക് കിട്ടി? ദുരന്തബാധിതര്‍ക്ക് എന്തായാലും കിട്ടിയിട്ടില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Why Muslim League relocating disaster victims elsewhere? Pinarayi Vijayan