മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ എതിർപ്പുകൾ മറികടന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എസ്.ഐ.ആർ വഴി 13 കോടി വോട്ടർമാരെ ഒഴിവാക്കിയത് ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്നും ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഗ്യാനേഷ് കുമാർ ഉടനടി പദവി ഒഴിയണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടർപട്ടിക തിരുത്തൽ നടപടികൾ നിർത്തിവെച്ച് വോട്ടവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികൾ.| ശ്രീലക്ഷ്മി പി പി എഴുതുന്നു
കേരളം, തമിഴ്നാട്, ബംഗാൾ, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെയും ഭരണമാറ്റങ്ങളെയും അട്ടിമറിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേരിട്ടുള്ള ഇടപെടലുകൾ നടന്നു എന്ന സി.ജെ.പിയുടെ ഞെട്ടിക്കുന്ന ആരോപണം ഉയരുക, 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ആകെയുള്ള 99 കോടി വോട്ടർമാരിൽ നിന്ന് 13 കോടിയോളം പേർ ഒരൊറ്റ നടപടിയിലൂടെ വോട്ടർപട്ടികയ്ക്ക് പുറത്താവുക, ഇതിനെല്ലാം ഉപരിയായി, ഭരണഘടനാ സ്ഥാപനമായ കമ്മീഷന്റെ തലപ്പത്ത് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ ഭൂരിപക്ഷം വരുന്ന മറ്റ് രണ്ട് കമ്മീഷണർമാർ തന്നെ 14 തവണ രേഖാമൂലം കലാപക്കൊടി ഉയർത്തുക—സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിക്കും രാഷ്ട്രീയ കൊടുങ്കാറ്റിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഈ അസാധാരണ ആഭ്യന്തര ചേരിപ്പോര് തിരികൊളുത്തിയിരിക്കുന്നത്. എന്നാൽ ഇത് വെറുമൊരു ഭരണപരമായ നടപടിക്രമം മാത്രമല്ലെന്നും കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഗുരുതര നീക്കങ്ങളാണെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കമ്മീഷനിലെ ചേരിപ്പോര് പുറത്തുകൊണ്ടുവന്ന ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട്
‘ദി ഇന്ത്യൻ എക്സ്പ്രസ്’ ഇൻവെസ്റ്റിഗേറ്റീവ് എഡിറ്റർ ഋതിക ചോപ്ര പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭൂതപൂർവമായ ആഭ്യന്തര വിള്ളലുകൾ പുറത്തുവന്നത്. കഴിഞ്ഞ ജൂണിൽ ബീഹാറിൽ തുടങ്ങി മുപ്പതോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിപ്പിച്ച പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ വഴി 13 കോടിയിലധികം വോട്ടർമാരുടെ പേരുകളാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ബീഹാറിലും പശ്ചിമ ബംഗാളിലും മാത്രമല്ല, ദൽഹിയിൽ എസ്. ജയശങ്കർ, എൽ.കെ. അദ്വാനി തുടങ്ങിയ പ്രമുഖർക്ക് പോലും നോട്ടീസ് ലഭിക്കുന്ന സാഹചര്യം വരെയുണ്ടായി.

എന്നാൽ ഇതിലും ഗൗരവമുള്ള വസ്തുത, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് കാണിച്ച് മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗിക ഫയലുകളിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി എന്നതാണ്. മൂന്നംഗ ഭരണഘടനാ സമിതിയിൽ എല്ലാവർക്കും തുല്യ വോട്ടവകാശവും അധികാരവുമുണ്ടെന്നിരിക്കെ ഭൂരിപക്ഷ അംഗങ്ങളെ അവഗണിച്ചതിനെ തുടർന്ന് ഇരുവരും കാബിനറ്റ് സെക്രട്ടറിയ്ക്ക് നേരിട്ട് പരാതി നൽകുന്ന സ്ഥിതിയുണ്ടായി.
നിയമപ്രകാരം ഓരോ നിയോജകമണ്ഡലത്തിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനുമുള്ള പൂർണ അധികാരം. എന്നാൽ ‘ECI-NET’, ‘ERO-NET’ തുടങ്ങിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയറുകൾ വഴി ഈ പ്രാദേശിക ഉദ്യോഗസ്ഥരുടെ അധികാരം പൂർണമായി കവർന്നെടുക്കപ്പെടുകയും, മുഴുവൻ നിയന്ത്രണങ്ങളും ദൽഹിയിലെ ഐ.ടി വിഭാഗത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. സോഫ്റ്റ്‌വെയർ സാങ്കേതികമായി അനുവദിച്ചാൽ മാത്രമേ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന അവസ്ഥയാണ് ഉണ്ടായത്. ദൽഹി കേന്ദ്രീകരിച്ചുള്ള ഈ അനാവശ്യ അധികാര കേന്ദ്രീകരണത്തിനെതിരെ വിവേക് ജോഷി ഐ.ടി ഓഡിറ്റ് ആവശ്യപ്പെട്ടെങ്കിലും അത് നടപ്പിലാക്കിയില്ല.
ഇതിന്റെ ഗുരുതരമായ അനന്തരഫലങ്ങൾ ഗോവയിലും പശ്ചിമ ബംഗാളിലും പ്രകടമായി. ഗോവയിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം രേഖകൾ പരിശോധിച്ച ഇ.ആർ.ഒ-മാർ 97 പേർ വോട്ടർപട്ടികയിൽ തുടരാൻ തികച്ചും അർഹരാണെന്ന് കണ്ടെത്തിയെങ്കിലും, സോഫ്റ്റ്‌വെയറിൽ വന്ന സാങ്കേതിക പിഴവ് തിരുത്താനുള്ള അനുമതി ഇല്ലാതിരുന്നതിനാൽ അവർ പുറത്തായി. ഇവരെ തിരികെ പട്ടികയിൽ ഉൾപ്പെടുത്താൻ അനുമതി തേടി ഗോവ ചീഫ് ഇലക്ടറൽ ഓഫീസർ ഏഴ് ദിവസത്തിനിടെ എട്ട് തവണ ഇമെയിൽ അയച്ചിട്ടും ദൽഹിയിലെ കേന്ദ്ര ഐ.ടി വിഭാഗം യാതൊരു മറുപടിയും നൽകിയില്ല. ഒടുവിൽ ഇവർക്ക് വോട്ടവകാശം പൂർണമായും നഷ്ടപ്പെട്ടു.
മറുവശത്ത്, പശ്ചിമ ബംഗാളിൽ സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥർ 33 ലക്ഷം പേരെ പട്ടികയിൽ നിലനിർത്തിയപ്പോൾ, അവർക്കെതിരെ കമ്മീഷന്റെ പേരിലുള്ള ഒരൊറ്റ ലോഗിൻ വഴി ഒരു ബട്ടൺ ക്ലിക്കിലൂടെ 16 ലക്ഷത്തോളം കൂട്ട അപ്പീലുകൾ ഫയൽ ചെയ്യപ്പെട്ടു. കമ്മീഷന്റെ പേരിൽ കോടതി ഉത്തരവിനെതിരെ ഇത്തരം അപ്പീലുകൾ സമർപ്പിക്കാൻ ആർക്കാണ് അധികാരം നൽകിയതെന്ന് സന്ധു ഫയലുകളിൽ ചോദിച്ചെങ്കിലും, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പോലും അതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല.
ഇതിനുപുറമെ, പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6-ൽ, മുൻപ് നടന്ന എസ്.ഐ.ആറിൽ വോട്ടറുടെയോ മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ പേര് പട്ടികയിൽ ഉണ്ടായിരുന്നോ എന്ന ചോദ്യം പുതുതായി ഉൾപ്പെടുത്തി. ഇത് നിർബന്ധിത ചോദ്യമാക്കി മാറ്റുകയും ചെയ്തു.
‘രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 1960’ ഔദ്യോഗികമായി ഭേദഗതി ചെയ്യാതെ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് മെയ് മാസം തന്നെ ജോഷിയും സന്ധുവും വ്യക്തമാക്കിയെങ്കിലും അത് വകവെക്കാതെ സോഫ്റ്റ്‌വെയറിൽ നിലനിർത്തുകയായിരുന്നു. പത്രവാർത്തകളിൽ നിന്നാണ് ഈ വിവരം അറിഞ്ഞതെന്ന് ഓഗസ്റ്റിൽ സന്ധു ഫയലിൽ കുറിച്ചു.
ഒരിടത്ത് അർഹരായ പൗരന്മാരെ പട്ടികയിൽ ചേർക്കാൻ സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥരെ തടയുമ്പോൾ, മറ്റൊരിടത്ത് കോടതികൾ പരിശോധിച്ചുറപ്പിച്ച പൗരന്മാരുടെ പേരുകൾക്കെതിരെ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് അപ്പീലുകൾ അയക്കാൻ അതേ സോഫ്റ്റ്‌വെയർ ഉപയോഗിക്കപ്പെട്ടു.
വോട്ടർപട്ടിക തയ്യാറാക്കുന്നതിൽ രാജ്യം കാത്തുസൂക്ഷിച്ച വികേന്ദ്രീകൃത അധികാര സംവിധാനത്തെ തകർത്ത്, സുതാര്യതയില്ലാത്ത കേന്ദ്രീകൃത സാങ്കേതിക സംവിധാനത്തിലൂടെ സാധാരണക്കാരെ തങ്ങളുടെ പൗരത്വവും വോട്ടവകാശവും വീണ്ടും വീണ്ടും തെളിയിക്കാൻ നിർബന്ധിതരാക്കുന്ന അവസ്ഥയാണ് ഇത് സൃഷ്ടിച്ചത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്തുകൊണ്ട് വന്ന നീറ്റ് പരീക്ഷയിലും, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയ ജി.എസ്.ടി സംവിധാനത്തിലും, പിന്നീട് പിൻവലിക്കേണ്ടി വന്ന വിവാദ കാർഷിക നിയമങ്ങളിലും കണ്ട അതേ അധികാര കേന്ദ്രീകരണത്തിന്റെ തുടർച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ഇപ്പോൾ പ്രകടമാകുന്നത്. സംസ്ഥാന സർക്കാരുകൾക്കോ പ്രാദേശിക ഉദ്യോഗസ്ഥർക്കോ യാതൊരു പങ്കുമില്ലാതെ, എല്ലാ അധികാരങ്ങളും നിയന്ത്രണങ്ങളും പൂർണ്ണമായും കേന്ദ്ര സർക്കാരിലേക്കും അതിന്റെ കീഴിലുള്ള സാങ്കേതിക സംവിധാനങ്ങളിലേക്കും മാത്രം ചുരുക്കുന്ന ഈ നയം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള കടുത്ത വെല്ലുവിളിയായി മാറുകയാണ്.
പദവിയും നിയമപരിരക്ഷയും നൽകുന്ന കവചം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കശ്മീർ ഡിവിഷന്റെ അഡീഷണൽ സെക്രട്ടറിയായും കേന്ദ്ര സഹകരണ മന്ത്രാലയ സെക്രട്ടറിയായും പ്രവർത്തിച്ച മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമപ്രകാരമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന പാനലിൽ പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്നു അംഗങ്ങൾ. എന്നാൽ 2023-ൽ കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ നിയമത്തിലൂടെ ചീഫ് ജസ്റ്റിസിനെ ഈ സമിതിയിൽ നിന്ന് പൂർണമായും ഒഴിവാക്കി. പകരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയായി ഇതിനെ മാറ്റി. ഇതോടെ മൂന്നംഗ സമിതിയിൽ സർക്കാരിന് തന്നെ വ്യക്തമായ ഭൂരിപക്ഷവും (രണ്ട് പ്രതിനിധികൾ) പൂർണ നിയന്ത്രണവും ലഭിക്കുന്ന അവസ്ഥ വന്നു. പ്രതിപക്ഷ നേതാവിന്റെ ശക്തമായ വിയോജിപ്പോടെയാണ് ഈ പുതിയ സംവിധാനത്തിലൂടെ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ശുപാർശ ചെയ്യപ്പെട്ടത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികളും അറസ്റ്റും ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുന്നുണ്ടെങ്കിലും ഭരണഘടനാപരമായി അത് പ്രായോഗികമല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങൾക്കും തുല്യ അധികാരമാണുള്ളത്. കൂടാതെ, സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതുപോലെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെയുള്ള ഇംപീച്ച്മെന്റ് നടപടികളിലൂടെ മാത്രമേ ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കാൻ സാധിക്കൂ.
ഇതിനുപുറമെ, 2023-ൽ കേന്ദ്ര സർക്കാർ പാസാക്കിയ ചീഫ് ഇലക്ഷൻ കമ്മീഷണർ നിയമത്തിലെ സെക്ഷൻ 16 കമ്മീഷണർമാർക്ക് വലിയ നിയമപരിരക്ഷ നൽകുന്നുണ്ട്. ഔദ്യോഗിക പദവിയിലിരിക്കെ സ്വീകരിച്ച തീരുമാനങ്ങളുടെ പേരിൽ സിവിൽ, ക്രിമിനൽ നടപടികൾ എടുക്കാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് ഈ നിയമം വ്യക്തമാക്കുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഈ സംരക്ഷണം തുടരുമെന്നതിനാൽ കോടതികൾ വഴി നേരിട്ടുള്ള നടപടികൾ സാധ്യമല്ല. ഭരണഘടനാപരമായ ഇംപീച്ച്മെന്റിലൂടെയല്ലാതെ സി.ഇ.സിക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ഒരു സുരക്ഷിത കവചമായി തുടരുകയാണ്.
കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭൂതപൂർവമായ ആഭ്യന്തര ഭിന്നതകൾ പുറത്തുവന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പദവി ഒഴിഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നടക്കുന്ന ബാഹ്യ ഇടപെടലുകൾ തുറന്നുപറയാൻ അദ്ദേഹം തയ്യാറാകണമെന്നും, വോട്ട് എന്ന ജനാധിപത്യത്തിന്റെ അടിത്തറ തകർക്കപ്പെട്ടാൽ രാജ്യത്തെ ഭരണഘടനയും നിയമങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും പൂർണ്ണമായി അപ്രസക്തമാകുമെന്നും ന്യൂദൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
വോട്ടർപട്ടികയിൽ കൂട്ടത്തോടെ പേരുകൾ ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാർ 14 തവണ രേഖാമൂലം എതിർപ്പ് അറിയിക്കേണ്ടി വന്നത് തെരഞ്ഞെടുപ്പ് സംവിധാനം എത്തിനിൽക്കുന്ന ഗുരുതരമായ പ്രതിസന്ധിയുടെ വ്യക്തമായ തെളിവാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
പ്രധാനമായും രണ്ട് തലങ്ങളിലാണ് തെരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് മുൻപും ശേഷവും വലിയ തോതിൽ വോട്ടുകൾ വെട്ടിമാറ്റപ്പെടുന്ന പട്ടികാ തിരിമറികളും, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ (ഇ.വി.എം) സംബന്ധിച്ച പരിഹരിക്കപ്പെടാത്ത ആശങ്കകളും ജനാധിപത്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
മഹാരാഷ്ട്ര, ഹരിയാന, മഹാദേവപുര, അലന്ദ് തുടങ്ങിയ മേഖലകളിൽ ജനവിധിയെ അട്ടിമറിക്കുന്ന രീതിയിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിന് വ്യക്തമായ രേഖകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ദിരാഗാന്ധി, അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിംഗ് തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരെല്ലാം സ്വാഭാവിക ഭരണവിരുദ്ധ വികാരം (ആന്റി-ഇൻകംബൻസി) നേരിട്ടിട്ടുണ്ട്. എന്നാൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ ജനവികാരം ആളിപ്പടർന്നിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അത് പ്രതിഫലിക്കാത്തത് ഇത്തരം സൂക്ഷ്മ തിരിമറികൾ കാരണമാണെന്ന് അദ്ദേഹം വിമർശിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റിനിർത്തി, സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കുന്ന സമിതി വഴിയാണ് ഗ്യാനേഷ് കുമാറിനെ നിയമിച്ചതെന്നും ,അന്ന് തന്നെ ഇതിൽ തങ്ങൾ വിയോജിപ്പ് അറിയിച്ചതാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വോട്ട് മോഷണം തടയാനും ഭരണഘടന സംരക്ഷിക്കാനും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെരഞ്ഞെടുപ്പ് സംവിധാനത്തിൽ നഷ്ടപ്പെട്ട ജനവിശ്വാസം തിരികെ കൊണ്ടുവരാൻ സ്വതന്ത്രമായ സമഗ്ര അന്വേഷണവും അടിമുടി പരിഷ്കരണങ്ങളും അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
വോട്ടർപട്ടികയിലെ അട്ടിമറികൾക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് സമീപിച്ച് ഔദ്യോഗിക പരാതി നൽകിയതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പതിനായിരക്കണക്കിന് യഥാർത്ഥ വോട്ടർമാരെ യാതൊരുവിധ മുൻകൂർ നോട്ടീസോ ഹിയറിങ്ങോ ഇല്ലാതെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെയാണ് മഹുവ മൊയ്ത്ര രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
പ്രാദേശിക തലത്തിലുള്ള കൃത്യമായ പരിശോധനകളോ രേഖകളോ ഇല്ലാതെയാണ് ആളുകളെ പട്ടികയിൽ നിന്ന് പുറന്തള്ളിയതെന്നും, ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്രീകൃത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു പ്രത്യേക ലോഗിനിലൂടെ കോടതിയുടെ മേൽനോട്ടത്തിൽ സ്ഥിരീകരിച്ച വോട്ടർമാർക്കെതിരെ വരെ വ്യാപകമായി കൂട്ട അപ്പീലുകൾ സമർപ്പിക്കപ്പെട്ടതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും മഹുവ ആരോപിച്ചു. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം റദ്ദാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അനധികൃതമായി നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ ഉടൻ പുനസ്ഥാപിക്കണമെന്നും അവർ കമ്മീഷനോട് ആവശ്യപ്പെട്ടു.
രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡൽഹിയിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കളായ അഭിജീത് ദീപ്‌കേ, സൗരവ് ദാസ്, ആശുതോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന പൗരന്മാരുടെ സാർവത്രിക വോട്ടവകാശം തട്ടിപ്പറിച്ചതിലൂടെ അദ്ദേഹം രാജ്യദ്രോഹമാണ് ചെയ്തതെന്നും ആരോപിച്ച നേതാക്കൾ, അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം, തെരഞ്ഞെടുപ്പ് സംവിധാനത്തിലെ വീഴ്ചകൾക്കെതിരെ ‘ഇലക്ഷൻ കമ്മീഷൻ ഠീക് കരോ’ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിനും പാർട്ടി പ്രഖ്യാപിച്ചു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടികളിലൂടെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന് അവർ പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സ്വാധീന മേഖലകളെ ലക്ഷ്യമിട്ടാണ് വലിയ തോതിലുള്ള ഈ വെട്ടിമാറ്റലുകൾ നടന്നതെന്ന് നേതാക്കൾ ആരോപിച്ചു.
വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രം റേഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ എന്ന നയം നടപ്പാക്കിക്കൊണ്ട് സാധാരണക്കാരെ ദുരിതത്തിലാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പുതിയ വോട്ടർമാർക്കുള്ള ഫോം 6-ൽ അധിക വിവരങ്ങളും പഴയ രേഖകളും നിർബന്ധമാക്കിയതിലൂടെ ആദ്യമായി വോട്ട് ചെയ്യാൻ എത്തുന്ന യുവതലമുറയെ ബോധപൂർവം തടയുകയാണെന്നും, പശ്ചിമ ബംഗാളിലടക്കം നടന്ന കൂട്ട അപ്പീലുകളുടെയും വോട്ടർ ഡാറ്റ ദൽഹിയിലേക്ക് കേന്ദ്രീകരിച്ചതിന്റെയും സുതാര്യത പുറത്തുവിടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഈ നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയത് ഗൗരവകരമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സി.ജെ.പി മുന്നോട്ടുവെച്ചത്:
* ഗ്യാനേഷ് കുമാർ ഉടനടി പദവി ഒഴിഞ്ഞ് എസ്.ഐ.ആർ നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക.
* എസ്.ഐ.ആർ വഴിയുള്ള കൂട്ട ഒഴിവാക്കലുകൾ പൂർണ്ണമായി നിർത്തിവെച്ച്, വോട്ടർപട്ടിക 2025 ജനുവരിയിലെ നിലയിലേക്ക് പുനസ്ഥാപിച്ച് രേഖകൾ സുരക്ഷിതമാക്കുക.
* തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം റദ്ദാക്കി, സിവിൽ സമൂഹത്തിന്റെയും കൂടുതൽ ഭരണഘടനാ സ്ഥാപനങ്ങളുടെയും പങ്കാളിത്തമുള്ള പുതിയ നിയമന സംവിധാനം കൊണ്ടുവരിക.
വോട്ടർപട്ടികയിലും വോട്ടെടുപ്പ് പ്രക്രിയയിലും ഇത്രയും ഗുരുതരമായ കൃത്രിമങ്ങൾ നടക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ മത്സരരംഗത്ത് തുടരുന്നതിനെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. 48 മണിക്കൂറിനകം രാജി ഉണ്ടായില്ലെങ്കിൽ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നാണ് പാർട്ടിയുടെ മുന്നറിയിപ്പ്.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: ഇടതുപക്ഷ പാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്
ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ പാർട്ടികളും ശക്തമായി രംഗത്തെത്തി. എസ്.ഐ.ആർ പ്രക്രിയ എത്രയും വേഗം നിർത്തിവെയ്ക്കണമെന്നും വോട്ടർപട്ടികയിൽ നിന്ന് തെറ്റായ രീതിയിൽ ഒഴിവാക്കപ്പെട്ട എല്ലാവരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ എന്നിവർ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ന്യൂഡൽഹി എകെജി ഭവനിൽ യോഗം ചേർന്ന ശേഷമാണ് നേതാക്കൾ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചത്.
ഭഗത് സിങ്ങിന്റെ ജന്മവാർഷികമായ സെപ്റ്റംബർ 26 മുതൽ മഹാത്മാഗാന്ധിയുടെ ജന്മവാർഷികമായ ഒക്ടോബർ രണ്ട് വരെയാണ് ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഈ പ്രതിഷേധങ്ങളിൽ ബിജെപി ഇതര മതേതര–ജനാധിപത്യ പാർട്ടികളും പൗരസംഘടനകളും അണിനിരക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതികൾ കടുത്ത സംശയനിഴലിലാണെന്നും വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കമ്മീഷണർമാരുടെ അംഗീകാരമില്ലാതെ ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊണ്ടത് ഗുരുതര വീഴ്ചയാണെന്നും അവർ വ്യക്തമാക്കി.

വോട്ടർപട്ടിക തയ്യാറാക്കൽ സുതാര്യവും വികേന്ദ്രീകൃതവുമാണെന്ന കമ്മീഷന്റെ അവകാശവാദങ്ങൾ പൊളിഞ്ഞുവെന്നും, പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് പോലും പട്ടിക ലഭ്യമാകാത്ത തരത്തിൽ നടപടികൾ കേന്ദ്രീകരിക്കപ്പെട്ടതിനെയാണ് കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങൾ എതിർത്തതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സാർവത്രിക പ്രായപൂർത്തി വോട്ടവകാശമെന്ന ഭരണഘടനാ തത്വത്തെ അട്ടിമറിച്ച് കമ്മീഷന്റെ വിശ്വാസ്യത തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഗ്യാനേഷ് കുമാറിനാണെന്ന് കുറ്റപ്പെടുത്തിയ ഇടതുപക്ഷം, സുപ്രീം കോടതി നിർദേശിച്ചതുപോലെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാവൂ എന്നും ആവശ്യപ്പെട്ടു.
പ്രതിസന്ധിയിലായ വിശ്വാസ്യതയും ജനാധിപത്യത്തിന്റെ ഭാവിയും
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്രയും രൂക്ഷമായൊരു ആഭ്യന്തര കലഹത്തിലേക്കും വിശ്വാസ്യത തകർച്ചയിലേക്കും കൂപ്പുകുത്തുന്നത് ഇതാദ്യമായാണ്. പതിമൂന്ന് കോടിയോളം ജനങ്ങളുടെ പൗരാവകാശത്തെയും വോട്ടവകാശത്തെയും നേരിട്ട് ബാധിക്കുന്ന ഒരു നിർണായക തീരുമാനത്തിൽ, കമ്മീഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ എതിർപ്പുകൾ പോലും മറികടക്കപ്പെട്ടു എന്ന വെളിപ്പെടുത്തൽ പ്രശ്നത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കർശനമായ നിയമ പരിരക്ഷകൾ നിലനിൽക്കുന്നതിനാൽ ഉടനടി നിയമനടപടികൾ എളുപ്പമല്ലെങ്കിലും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയിൽ പൊതുസമൂഹത്തിനും രാഷ്ട്രീയ കക്ഷികൾക്കുമിടയിൽ പടരുന്ന സംശയങ്ങൾ പരിഹരിക്കപ്പെടാത്തപക്ഷം വരുംദിവസങ്ങളിൽ രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
Content Highlight:Why is the Chief Election Commissioner being called a traitor?
